തിരുവനന്തപുരം: കെ.എ.എസ് പരീക്ഷയിൽ മുല്യനിർണ്ണയം നടത്തിയ ഉത്തരക്കടലാസുകൾ പി.എസ്.സിയുടെ സെർവ്വറിൽ നിന്ന് നഷ്ടമായതിനെപ്പറ്റി ഉന്നതതല അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കെ.എ.എസ് പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികളെ മാത്രമല്ല, പൊതു സമൂഹത്തെയും ഉത്കണ്ഠയിലാക്കുന്നതാണിത്. പ്രത്യേകിച്ചും പിൻവാതിൽ നിയമനങ്ങളെക്കുറിച്ചും പി.എസ്.സി പരീക്ഷാ തട്ടിപ്പുകളെക്കുറിച്ചുമുള്ള ഭയം സമൂഹത്തിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ.
ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം നടത്തിയ പകർപ്പുകളാണ് കാണാതായതെന്നാണ് വാർത്തകൾ. വളരെ ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ജോലി ലാഘവത്തോടെ ചെയ്തതു കൊണ്ടുണ്ടായ വീഴ്ചയാണോ, അട്ടിമറി ശ്രമമാണോയെന്ന് പരിശോധിക്കേണ്ടതുണ്ട് .കെഎ.എസ് പരീക്ഷയുടെ മൂല്യനിർണ്ണയം സുതാര്യവും പക്ഷപാതരഹിതവുമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു
കെ.എ.എസ്: ഉത്തരക്കടലാസുകൾ നഷ്ടമായെന്ന ആരോപണം തെറ്റെന്ന് പി.എസ്.സി
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) പരീക്ഷയുടെ മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകൾ പി.എസ്.സി സർവറിൽ നിന്ന് നഷ്ടമായതായി ഉയർന്ന ആരോപണം തള്ളി പി.എസ്.സി. ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പി.എസ് .സി സെക്രട്ടറിയുടെ അറിയിപ്പിൽ പറയുന്നു. അതേസമയം സംഭവത്തെക്കുറിച്ച് പരീക്ഷാ വിഭാഗത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായും വിവരമുണ്ട്.