election

ഇന്ന് വോട്ടർമാർ വിധിയെഴുതുമ്പോൾ മൂന്ന് മുന്നണികൾക്കും നെഞ്ചിടിപ്പാണ്. ഇത് ജീവന്മരണ പോരാട്ടമാണ്. ഫലം പ്രതികൂലമായാൽ ആഘാതം കനത്തതാകും. ഉൾപ്പാർട്ടി അഗ്നിപർവതങ്ങൾ പൊട്ടിത്തെറിക്കാം. നേതൃത്വങ്ങൾ ചോദ്യം ചെയ്യപ്പെടാം. പാർട്ടികൾ ദുർബലമാകാം. ശേഷിക്കുന്ന തുരുത്തുകൾ ഇല്ലാതാകാം. ആകാംക്ഷയുടെ തീക്കനലിലാണ് രാഷ്‌ട്രീയകേരളം.

എൽ.ഡി.എഫ്

ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ ശേഷിക്കുന്ന തുരുത്താണ് കേരളം. ഇവിടെ അധികാരം കൈവിട്ടാൽ ഇടതുപക്ഷത്തിന് രാജ്യത്തെങ്ങും ഭരണം ഇല്ലാതാകും. സി.പി.എം ദേശീയ നേതൃത്വത്തിൽ കേരള ഘടകത്തിന്റെ മേൽക്കോയ്‌മ ഇവിടെ അധികാരമുള്ളതിനാലാണ്. ബംഗാളിൽ 2011ൽ തകർന്ന ഇടതുപക്ഷം പിന്നെ കരകയറിയിട്ടില്ല. കോൺഗ്രസുമായി സഖ്യമുണ്ടാക്കിയാണ് രക്ഷപ്പെടാൻ ശ്രമിക്കുന്നത്. ത്രിപുരയിലും അധികാരം കൈവിട്ടു. കർഷകസമരവും ലോംഗ് മാർച്ചും ഇടത് പോരാട്ടത്തിന് ജീവനേകുന്നെങ്കിലും സ്വാധീന ശക്തിയാകാൻ കഴിയുന്നില്ല. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എന്ന ഒറ്റ ശക്തിയിൽ കേന്ദ്രീകരിച്ച് നീങ്ങുന്ന ഇടതിന് തുടർഭരണം കിട്ടിയില്ലെങ്കിൽ അദ്ദേഹത്തിന്റെ നേതൃത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കും. തിരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടി സമ്മേളനങ്ങളിലേക്ക് കടക്കുമ്പോൾ സി.പി.എമ്മിൽ പുതിയ ചലനങ്ങൾക്ക് വിത്തു പാകിയേക്കും. സി.പി.ഐയും സമ്മേളനങ്ങളിലേക്ക് കടക്കാനിരിക്കുന്നു. തിരഞ്ഞെടുപ്പിൽ മങ്ങിയാൽ സെക്രട്ടറിയായി രണ്ട് ടേം പൂർത്തിയാക്കിയ കാനം രാജേന്ദ്രന്റെ നേതൃത്വവും ചോദ്യം ചെയ്യപ്പെട്ടേക്കാം.

യു.ഡി.എഫ്

കോൺഗ്രസിൽ ഇതിനെക്കാൾ ഗുരുതരമാണ് സ്ഥിതി. തദ്ദേശ തിരഞ്ഞെടുപ്പിൽ കാലിടറിയപ്പോൾ പാർട്ടിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് കാരണം തൽക്കാല ശാന്തി ഉണ്ടായെന്നുമാത്രം. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിനെതിരെ പാർട്ടിയിൽ അസ്വസ്ഥതകളുണ്ടായി. നിയമസഭാ തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥി നിർണയത്തിലടക്കം പൊട്ടിത്തെറികളുണ്ടായി. തിരഞ്ഞെടുപ്പ് പാർട്ടിയുടെ നിലനില്പിനെ ബാധിക്കുമെന്നതിനാൽ, പുറമേ ശാന്തത പ്രകടിപ്പിക്കുന്നു എന്നേയുള്ളൂ. ദേശീയ തലത്തിൽ കോൺഗ്രസിന്റെയും ശേഷിക്കുന്ന പച്ചത്തുരുത്തുകളിലൊന്നായ കേരളം കൈവിട്ടാൽ കനത്ത തിരിച്ചടിയാകും.

പ്രചാരണകാലത്ത് തന്നെ പല നേതാക്കളും കൂറുമാറി. തുടർച്ചയായി രണ്ടുതവണ അധികാരത്തിൽ നിന്ന് മാറിനിൽക്കേണ്ടി വരുന്നത് കോൺഗ്രസിനെ തീർത്തും ദുർബലമാക്കും.

മുസ്ലിംലീഗിനും അധികാരത്തിൽ തിരിച്ചെത്തേണ്ടത് അനിവാര്യമാണ്. സംഘടനാശേഷിയെ ബാധിക്കില്ലെങ്കിലും ലീഗ് നേതൃത്വത്തിന്റെ മനോവീര്യം തകരാം. യു.ഡി.എഫിലും വിള്ളലുണ്ടായേക്കാം.

മുഖ്യമന്ത്രിസ്ഥാനവും കോൺഗ്രസിൽ വിഷയം

പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രിസ്ഥാനാർത്ഥിയായി അപ്രഖ്യാപിതമായി കൊണ്ടാടുന്ന അന്തരീക്ഷം ഇക്കുറി കോൺഗ്രസിൽ ഇല്ല. പ്രതിപക്ഷ നേതാവെന്ന നിലയിൽ സർക്കാരിനെ വെട്ടിലാക്കിയ അഴിമതിയാരോപണങ്ങളെല്ലാം ഉന്നയിച്ചത് രമേശ് ചെന്നിത്തലയാണെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം ഉമ്മൻചാണ്ടി വീണ്ടും നേതൃതലത്തിൽ സജീവമായതാണ് അനിശ്ചിതത്വം സൃഷ്‌ടിക്കുന്നത്. ഉമ്മൻചാണ്ടിയും രമേശും മുഖ്യമന്ത്രി സ്ഥാനാർത്ഥികളാകുന്ന അന്തരീക്ഷമാണ് കോൺഗ്രസിൽ. ഭരണം തിരിച്ചുപിടിച്ചാൽ ആദ്യത്തെ കീറാമുട്ടി മുഖ്യമന്ത്രി സ്ഥാനമായിരിക്കും !

എൻ.ഡി.എ

ദേശീയതലത്തിൽ ബി.ജെ.പി അതിശക്തമാണങ്കിലും കേരളത്തിൽ നില മെച്ചപ്പെടുത്തിയില്ലെങ്കിൽ സംസ്ഥാന നേതൃത്വത്തിന്റെ നില പരുങ്ങലിലാവുമെന്നുറപ്പ്. നേമത്ത് അക്കൗണ്ട് തുറന്നതും വോട്ടുശതമാനം ആറിൽ നിന്ന് 15ലേക്ക് ഉയർത്തിയതുമാണ് 2016ൽ ബി.ജെ.പിക്ക് തിളക്കമേകിയത്. ഒന്നാം മോദി സർക്കാർ അധികാരമേറി രണ്ട് വർഷം പിന്നിട്ടപ്പോൾ നടന്ന തിരഞ്ഞെടുപ്പാണത്. ഇപ്പോൾ ഇന്ധന വിലവർദ്ധന അടക്കമുള്ള കാരണങ്ങളാൽ കേരളത്തിൽ ബി.ജെ.പിക്ക് പഴയ ഗ്ലാമറില്ല. എന്നാൽ ഇ. ശ്രീധരനെ പോലുള്ളവരുടെ വരവ് മുഖം മിനുക്കാൻ സഹായിച്ചിട്ടുണ്ട്. 2016ൽ നിന്ന് വോട്ടും സീറ്റും വർദ്ധിച്ചില്ലെങ്കിൽ ബംഗാളിലും മറ്റും നടത്തിയ പരീക്ഷണത്തിന് കേരളത്തിലും മുതിർന്നേക്കാം. ഉൾപ്പാർട്ടിപ്പോരും രൂക്ഷമാകും. സംസ്ഥാന നേതൃത്വത്തിന് ഇത് ജീവൻമരണ പോരാട്ടമാണ്.

ന്യൂനപക്ഷ മനസ് എങ്ങോട്ട്

മതന്യൂനപക്ഷങ്ങൾ എന്തു ചിന്തിക്കുമെന്നതും മുന്നണികളുടെ ഉറക്കം കെടുത്തുന്നു. 2019ലെ ലോക്‌സഭാ തിര‌ഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ യു.പി.എ അധികാരത്തിലേറുമെന്ന കണക്കുകൂട്ടലിലാണ് മതന്യൂനപക്ഷങ്ങളുടെ ശക്തമായ ധ്രുവീകരണം കൊണ്ട് യു.ഡി.എഫിന് കാര്യങ്ങൾ അനുകൂലമായത്. ആ സ്ഥിതിയല്ല ഇന്ന്.

പൗരത്വനിയമ ഭേദഗതിയും ലൗവ് ജിഹാദുമൊക്കെ ഏറെ ചർച്ചചെയ്യപ്പെടുന്നു. പൗരത്വ ഭേദഗതിക്കെതിരെ ശക്തമായ നിലപാടെടുത്ത മുഖ്യമന്ത്രിയെന്ന പ്രതീതി പിണറായി വിജയന് സൃഷ്ടിക്കാനായിട്ടുണ്ട്. ബി.ജെ.പി സർക്കാരിന്റെ രാഷ്ട്രീയക്കളികൾക്ക് നിന്നുകൊടുക്കില്ലെന്ന പ്രതീതിയുമുണർത്തുന്നു. കാന്തപുരം എ.പി സുന്നിവിഭാഗം ഇടതിന് പരസ്യപിന്തുണയറിയിച്ചു. അവസാന യോഗങ്ങളിൽ രാഹുൽഗാന്ധിയും പൗരത്വഭേദഗതിക്കെതിരെ ശക്തിമായി ആഞ്ഞടിക്കുകയുണ്ടായി. മുസ്ലിംലീഗിന്റെയും മറ്റും സ്വാധീനം കാര്യങ്ങൾ അനുകൂലമാക്കുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ.ലൗവ് ജിഹാദ് ക്രൈസ്തവർക്കിടയിലൊരു സംവാദവിഷയമാകുന്നതും പുതിയ ധ്രുവീകരണചലനങ്ങളാണ്. ഇതിനെ മുതലെടുക്കാൻ ബി.ജെ.പിയും ശ്രമിക്കാതില്ല. യു.ഡി.എഫ് പരമ്പരാഗത വോട്ടുബാങ്കായി കണക്കാക്കുന്ന ക്രൈസ്തവമേഖലയിൽ കോട്ടമുണ്ടാകില്ലെന്ന് അവർ വിശ്വസിക്കുന്നു. ജോസ് കെ.മാണിയുടെ വരവും മറ്റ് ചില സാഹചര്യങ്ങളും കാര്യങ്ങൾ അനുകൂലമാക്കുമെന്നാണ് ഇടതുപ്രതീക്ഷ. സഭാതർക്കവിഷയവും ഒരു ഘടകം.

ഇൻഫോഗ്രാഫിക്സ്

2011 സെൻസസ് പ്രകാരം സമുദായഘടന

ഹിന്ദു 54.73 ശതമാനം, മുസ്ലിം 26.56 ശതമാനം, ക്രിസ്ത്യൻ 18.38 ശതമാനം, മറ്റുള്ളവർ 0.33 ശതമാനം.

ഇത്തവണ ആകെ വോട്ടർമാർ 2.67കോടി.

2016ൽ 2.60 കോടി

2016ലെ പോളിംഗ് ശതമാനം 77.53

മുന്നണികൾക്ക് കിട്ടിയ വോട്ടുനില:

2011: എൽ.ഡി.എഫ് 44.94 ശതമാനം , 2016: 43.48 ശതമാനം ( 2011ലേക്കാൾ 1.63 ശതമാനം കുറവ്)

യു.ഡി.എഫ് 45.83 ശതമാനം, 2016: 38.81 ശതമാനം ( 2011ലേക്കാൾ 6.97 ശതമാനം കുറവ്)

എൻ.ഡി.എ 6.06 ശതമാനം, 2016: 14.96 ശതമാനം (2011ലേക്കാൾ 8.93 ശതമാനം അധികം)

( യു.ഡി.എഫ്, എൽ.ഡി.എഫ് വോട്ടുകളിലുണ്ടായ കുറവ് എൻ.ഡി.എയിലേക്ക് മാറ്റപ്പെട്ടത് മൂന്നാംകക്ഷി സാന്നിദ്ധ്യം സജീവമായതിന്റെ സൂചകം)