പൂവാർ: സ്ഥാനാർത്ഥികളുടെ പുഞ്ചിരിക്കുന്ന ചിത്രമുള്ള ബാനറുകളും ഫ്ലക്സുകളും സ്ഥാനം പിടിച്ച മതിലുകൾ, പാർട്ടികളുടെ വീരവാദം മുഴക്കുന്ന അനൗൺസ്മെന്റ് വാഹനങ്ങൾ... ഇതൊന്നുമില്ലാതെ തിരഞ്ഞെടുപ്പ് ബഹളങ്ങളിൽനിന്നാല്ലാമൊതുങ്ങി കഴിയുകയാണ് പൂവാർ തീരദേശ ഗ്രാമം. തിരഞ്ഞെടുപ്പ് പ്രചാരണ കോലാഹലങ്ങളെല്ലാം കഴിഞ്ഞ് കേരളം ഇന്ന് പോളിംഗ് ബൂത്തിലെത്തുമ്പോൾ ശ്രദ്ധേയമാകുന്നത് പള്ളം പുരയിടം മുതൽ എരിക്കലുവിളവരെയുള്ള തീരദേശ ഭാഗമാണ്. ഒരു പാർട്ടിയുടെയും കൊടിയില്ല, പോസ്റ്റർ, ബാനർ, ഫ്ലക്സ്, തോരണങ്ങൾ ഒന്നുമില്ല. അനൗൺസ്മെന്റ് വാഹനം കടന്ന് പോയില്ല. ഇവിടെ സ്ഥാനാർത്ഥികൾ റോഡ് ഷോയും നടത്തിയിട്ടില്ല. ഈ തിരഞ്ഞെടുപ്പിൽ മാത്രം സംഭവിച്ചതല്ല ഈ സംഭവങ്ങൾ. കഴിഞ്ഞ 30 വർഷത്തിലധികമായി നിലനിൽക്കുന്ന സവിശേഷതയാണ് ഇതെന്ന് പ്രായമേറിയവർ പറയുന്നു. രാഷ്ട്രീയത്തിന്റെ പേരിൽ ഒരു കുടുംബത്തിലുള്ളവർ പരസ്പരം വെട്ടി മരിച്ചപ്പോൾ ഇടവകയുടെ നേതൃത്വത്തിൽ നാട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ചതാണ് ഈ തീരുമാനം. ഇപ്പോഴിവിടെ രാഷ്ട്രീയ സംഘട്ടനങ്ങളും കൊലപാതകവും നടക്കാറില്ലെന്നും നാട്ടുകാർ പറയുന്നു.