തിരുവനന്തപുരം: വോട്ടെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെ കഴക്കൂട്ടം മണ്ഡലത്തിൽ ഇടതുപക്ഷത്തിന്റെ ഉറുമി വീശ്. ശബരിമലയ്ക്കും കഴക്കൂട്ടം മണ്ഡലത്തിലെ ക്ഷേത്രങ്ങൾക്കുമായി ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ പ്രചരിപ്പിച്ചാണ് അവസാന നീക്കം. ഇതിന്റെയെല്ലാം വിശദമായ കണക്ക് രേഖപ്പെടുത്തിയ പോസ്റ്ററുകൾ ഇന്നലെ മണ്ഡലത്തിലുടനീളം പതിച്ചതിന് പുറമെ പ്രചാരണത്തിന് പ്രത്യേകം സ്‌ക്വാഡുകളെയും നിയോഗിച്ചു. യഥാർത്ഥ വിശ്വാസ സംരക്ഷകരാര് എന്നതാണ് പോസ്റ്റർ ഉയർത്തുന്ന ചോദ്യം. വിശ്വാസികളെ തെറ്രിദ്ധരിപ്പിച്ച് വോട്ടുതട്ടാൻ ശ്രമിക്കുന്നവരുടെ പൊള്ളത്തരം തുറന്നുകാട്ടാൻ കണക്കുകൾ പ്രസിദ്ധീകരിക്കുന്നുവെന്നാണ് വിശദീകരണം. യു.ഡി.എഫ് സർക്കാരും എൽ.ഡി.എഫ് സർക്കാരും ശബരിമലയ്ക്കായി അനുവദിച്ച തുകയും പോസ്റ്ററിൽ വിശദമാക്കുന്നു. ഏഷ്യയിലെ ഏറ്റവും വലിയ അന്നദാനമണ്ഡപം ശബരിമലയിലാണെന്നും പ്രത്യേകം പരാമർശിക്കുന്നുണ്ട്. മണ്ഡലത്തിലെ ക്ഷേത്രങ്ങൾക്ക് പുറമെ പുതുകുന്ന് സി.എസ്.ഐ പള്ളിക്കും ആഹ്ളാദപുരം ജുമാ മസ്ജിദിനും ചെലവഴിച്ച തുകയും പോസ്റ്ററിൽ സൂചിപ്പിക്കുന്നുണ്ട്.
എന്നാൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പൂഴിക്കടകനാണ് ഇതെന്നാണ് ബി.ജെ.പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ മറുപടി. ക്ഷേത്രങ്ങൾക്ക് പണം ചെലവാക്കുന്നത് കേന്ദ്രസർക്കാരിന്റെ പ്രസാദം പദ്ധതിയിലെ തുക ഉപയോഗിച്ചാണ്. ഇപ്പോൾ ചെലവഴിച്ചതിനെക്കാൾ കൂടുതൽ പണം ലഭിക്കാനാണ് തന്നെ തിരഞ്ഞെടുക്കണമെന്ന് പറയുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.