
തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുപത് മണ്ഡലങ്ങളിൽ സി.പി.എം - കോൺഗ്രസ് രഹസ്യധാരണയുണ്ടെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ആര് ആരെയാണ് സഹായിക്കുന്നതെന്ന് അവർ തന്നെയാണ് വ്യക്തമാക്കേണ്ടത്. ഇതിന്റെ ചുവടുപിടിച്ചാണ് മഞ്ചേശ്വരത്ത് എൽ.ഡി.എഫ് യു.ഡി.എഫിനെ സഹായിക്കണമെന്ന മുല്ലപ്പള്ളിയുടെ പ്രസ്‌താവന. തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ശക്തമായ സാന്നിദ്ധ്യം ഇരുമുന്നണികളെയും അലോസരപ്പെടുത്തുകയാണ്.
സി.പി.എമ്മിലേയും കോൺഗ്രസിലേയും ഭിന്നതകൾ തിരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാകും. സിനിമാതാരങ്ങളെക്കൊണ്ട് താരനിശനടത്തി വോട്ട്പിടിക്കുന്ന മുഖ്യമന്ത്രിയുടെ ശൈലി സി.പി.എമ്മിന് അപമാനകരമാണ്. ഇതിനുള്ള പണം എവിടെ നിന്നാണെന്ന് അദ്ദേഹം വ്യക്തമാക്കണം. പി. ജയരാജനെ പേടിച്ചാണോ വാളയാറിലെ പെൺകുട്ടികളുടെ അമ്മയെ ഭയന്നാണോ സിനിമാക്കാരെ അഭയം പ്രാപിക്കുന്നതെന്നും മുരളീധരൻ ചോദിച്ചു.
ശബരിമലയിലെ അതിക്രമവും കള്ളക്കടത്തുമൊക്കെ തിരഞ്ഞെടുപ്പ് വിഷയമാകും. കള്ളക്കടത്ത് കേസിൽ ചോദ്യം ചെയ്യലിൽ നിന്നൊഴിവാകാൻ സ്‌പീക്കർ ശ്രമിക്കുന്നതും ഇ.ഡി അന്വേഷണത്തെ തടയാൻ സർക്കാർ ശ്രമിക്കുന്നതുമൊക്കെ എൽ.ഡി.എഫിന് തിരിച്ചടിയാകും. സ്‌പ്രിൻക്ലർ വിവാദം, പിൻവാതിൽ നിയമനം എന്നിവയും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും. തലശേരിയിൽ സ്വതന്ത്രൻ സി.ഒ.ടി. നസീറിന് തന്നെയാണ് പിന്തുണയെന്ന് മുരളീധരൻ സൂചിപ്പിച്ചു. ബി.ജെ.പി പിന്തുണ ആർക്കെന്ന് വ്യക്തമാണ്. സംസ്ഥാന പ്രസിഡന്റ് അക്കാര്യം പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.