വിതുര: നിയമസഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനവകാശം വിനിയോഗിക്കാൻ പൊതുജനങ്ങളോട് ആഹ്വാനം ചെയ്യാനായി സ്റ്റുഡന്റ് പൊലീസ് കെഡറ്റ് പദ്ധതി നടപ്പിലാക്കി വരുന്ന *വോട്ടറിവ് 2021* കാമ്പെയിന്റെ ഭാഗമായി വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ യൂണിറ്റും ജനമൈത്രി പൊലീസ് സ്റ്റേഷനും സംയുക്തമായി വിതുര ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വോട്ടറിവ് കാമ്പെയിൻ സംഘടിപ്പിച്ചു. വിവിധ സെറ്റിൽമെന്റുകൾ, തോട്ടം തൊഴിലാളി മേഖലകൾ, പൊതു ജനങ്ങൾ എന്നിവർക്കാണ് കെഡറ്റുകൾ തിരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ച് ബോധവത്‌കരണം നൽകിയത്. ബൂത്തിൽ പാലിക്കേണ്ട മര്യാദകൾ, കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത, ഗ്രീൻ പ്രോട്ടോകോൾ തുടങ്ങിയവയും കെഡറ്റുകൾ വിശദീകരിച്ചു. വിദ്യാർത്ഥികൾ സ്വന്തമായി തയ്യാറാക്കിയ മോഡൽ ബാലറ്റ് യൂണിറ്റുകളിൽ വോട്ടിടുന്നതിനുള്ള പരിശീലനവും നൽകി. തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഉദ്ഘാടനം ചാത്തൻകോട് സെറ്റിൽമെന്റിൽ വച്ച് വിതുര സ്റ്റേഷൻ ഹൗസ് ഓഫീസർ വിപിൻ ഗോപിനാഥൻ നിർവഹിച്ചു. ഊരുമൂപ്പൻ ഈച്ചൻ കാണി അദ്ധ്യക്ഷത വഹിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മുരളി, സബ് ഇൻസ്പെക്ടർ വി.വി. വിനോദ്, സീനിയർ പൊലീസ് ഓഫീസർ സൈനി കുമാരി, സി.പി.ഒമാരായ കെ. അൻവർ, ഷീജ. വി.എസ്, ശ്രീ ജയരാജ് എന്നിവർ നേതൃത്വം നൽകി.