
വെഞ്ഞാറമൂട്:ആവേശക്കൊടുമുടി കയറിയ പ്രചാരണാരവങ്ങൾക്ക് പരിസമാപ്തിയായെങ്കിലും അവസാനവട്ട സാദ്ധ്യതകൾ അനുകൂലമാക്കാൻ സ്ഥാനാർത്ഥികൾ നെട്ടോട്ടത്തിലായിരുന്നു കഴിഞ്ഞദിവസം. അവകാശവാദങ്ങളും ആരോപണങ്ങളും പ്രതിവാദങ്ങളും വാഗ്ദാനങ്ങളുമെല്ലാം നിറഞ്ഞതായിരുന്നു പ്രചാരണത്തിന്റെ ആദ്യഘട്ടങ്ങൾ. കൊട്ടിക്കലാശവും നിശബ്ദ പ്രചാരണവും പൂർത്തിയാക്കുമ്പോഴും വോട്ടർമാരെ എത്രത്തോളം സ്വാധീനിക്കാനായി എന്നത് ഒരു മുന്നണിക്കും ഉറപ്പിച്ച് പറയാനാകില്ല.
ആടിനിൽക്കുന്ന വോട്ടുകളും നിശബ്ദ വോട്ടുകളും ഒപ്പം നിലനിറുത്താനും, അവസാന അടിയൊഴുക്കുകൾ ഫലത്തെ സ്വാധീനിക്കുമെന്നതിനാൽ അതിനെ തടയാനുള്ള ശ്രമങ്ങളും, പരമാവധി വോട്ടർമാരെ നേരിൽക്കണ്ട് വോട്ട് ഉറപ്പിക്കാനും,പ്രചാരണത്തിൽ പിന്നിൽ പോയെന്ന് വിലയിരുത്തുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വോട്ടുപിടിക്കുകയുമായിരുന്നു കഴിഞ്ഞദിവസം സ്ഥാനാർത്ഥികൾ.
ദേശീയ നേതാക്കളും താര പ്രചാരകരുമൊക്കെ തീർത്ത ഓളവും കൊട്ടിക്കലാശത്തിന്റെ ആവേശവും വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് മുന്നണികളുടെ വിലയിരുത്തൽ. പ്രചാരണത്തിന്റെ അവസാന സമയത്ത് എണ്ണയിട്ട യന്ത്രം പോലെയായിരുന്നു സ്ഥാനാർത്ഥികൾ.വോട്ടർമാരുടെ മനസ് കീഴടക്കാനുള്ള എല്ലാ തന്ത്രങ്ങളും പയറ്റിയതിന്റെ ആത്മവിശ്വാസം സ്ഥാനാർത്ഥികളുടെ മുഖത്ത് പ്രതിഫലിക്കുന്നുണ്ട്. വോട്ട് സ്വാധീനിക്കാൻ കഴിവുള്ള വ്യക്തികളെ കാണാനും പ്രചാരണത്തിനിടയിൽ എത്തിപ്പെടാൻ കഴിയാത്ത സ്ഥലങ്ങളിലെത്തി വോട്ടർമാരെ കാണാനുമാണ് ഇന്നലെ സ്ഥാനാർത്ഥികൾ സമയം കണ്ടെത്തിയത്.
ആറ്റിങ്ങൽ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഒ.എസ്. അംബിക മണ്ഡലത്തിലെ രണ്ട് വിവാഹ സ്ഥലങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു.മണ്ഡലത്തിലെ പ്രധാന ജംഗ്ഷനുകളിലെ കടകൾ കേന്ദ്രീകരിച്ചും, ഭവനസന്ദർശനം നടത്തിയും വോട്ട് അഭ്യർത്ഥിച്ചു.യു.ഡി.എഫ് സ്ഥാനാർത്ഥി എ.ശ്രീധരൻ നഗരൂർ,കിളിമാനൂർ, പഴയകുന്നുമ്മൽ പഞ്ചായത്തുകളിലെ കോളനികൾ കേന്ദ്രീകരിച്ച് വോട്ട് അഭ്യർത്ഥിച്ചു. കിളിമാനൂരിലെ കശുഅണ്ടി ഫാക്ടറി തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിച്ചു. പഴയകുന്നുമ്മലിലെ കച്ചവട സ്ഥാപനങ്ങളിൽ സന്ദർശിച്ചു.എൻ.ഡി.എ സ്ഥാനാർത്ഥി പി.സുധീർ പുളിമാത്ത്, വക്കം, ആറ്റിങ്ങൽ നഗരസഭ പ്രദേശങ്ങളിൽ പ്രമുഖ വ്യക്തികളെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. മണ്ഡലത്തിലെ പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് കച്ചവട സ്ഥാപനങ്ങളിലും ഭവന സന്ദർശനവും നടത്തി. വാമനപുരം മണ്ഡലത്തിൽ പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്നലെ ഒാട്ടപ്രദക്ഷിണം നടത്തി സ്ഥാനാർത്ഥികൾ. പരമാവധി എല്ലാ പഞ്ചായത്തുകളിലുമുള്ള
സമയം കൊണ്ട് എത്താനുള്ള ശ്രമത്തിലായിരുന്നു സ്ഥാനാർത്ഥികൾ. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡി.കെ. മുരളി വെഞ്ഞാറമൂട്, കല്ലറ, പാങ്ങോട്, ഭരതന്നൂർ ജംഗ്ഷനുകളിൽ വോട്ടർമാരെ കാണുകയും, പോഷക സംഘടനാ നേതാക്കളെയും പ്രമുഖ വ്യകതികളെയും കണ്ട് വോട്ട് അഭ്യർത്ഥിച്ചു.യു.ഡി.എഫ് സ്ഥാനാർത്ഥി ആനാട് ജയൻ നെല്ലനാട്, പുല്ലമ്പാറ, പാങ്ങോട്, ആനാട് സ്ഥലങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു, പ്രമുഖ വ്യക്തികളെ കണ്ടു. ഭവന സന്ദർശനം നടത്തി.എൻ.ഡി.എ സ്ഥാനാർത്ഥി തഴവ സഹദേവൻ നെല്ലനാട് പഞ്ചായത്തിൽ ഭവനസന്ദർശനം നടത്തി, പിന്നോക്ക കോളനികളിൽ വോട്ട് അഭ്യർത്ഥിച്ചു. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ടു.