d

തിരുവനന്തപുരം: കൊവിഡ് പരിശോധനാ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള പോളിംഗ് സാമഗ്രികൾ ജില്ലാ കേന്ദ്രങ്ങളിൽ വിതരണം ചെയ്‌തു. നഗരത്തിൽ പട്ടം സെന്റ്‌ മേരീസ് സ്‌കൂൾ, കോട്ടൺഹിൽ സ്‌കൂൾ, ലയോള സ്‌കൂൾ, മണക്കാട് ഗേൾസ് സ്‌കൂൾ എന്നീ കേന്ദ്രങ്ങളിലാണ് ഇന്നലെ പോളിംഗ് ഉദ്യോഗസ്ഥരെത്തി ഇവ കൈപ്പറ്റിയത്. പട്ടം സെന്റ്‌മേരീസ് സ്‌കൂളിൽ വട്ടിയൂർക്കാവ് മണ്ഡലം, ലയോള സ്‌കൂളിൽ കഴക്കൂട്ടം മണ്ഡലം, കോട്ടൺഹിൽ സ്‌കൂളിൽ നേമം മണ്ഡലം, മണക്കാട് എൽ.പി.എസിൽ തിരുവനന്തപുരം മണ്ഡലം എന്നിങ്ങനെയാണ് സാമഗ്രികൾ വിതരണം ചെയ്‌തത്.

തെർമൽ സ്‌കാനിംഗ് അടക്കമുള്ള പരിശോധനാ സംവിധാനങ്ങളും ഹാൻഡ് വാഷ്, ഹാൻഡ് സാനിറ്റൈസർ തുടങ്ങിയവ അടങ്ങിയ ബ്രേക്ക് ദ ചെയിൻ കിറ്റും എല്ലാ ബൂത്തുകളിലും നൽകി. ഓരോ മണ്ഡലത്തിലെയും ഇ.ആർ.ഒമാരായ തഹസീൽദാർമാർക്കായിരുന്നു വിതരണ ചുമതല. അതത് മണ്ഡലത്തിലെ വരണാധികാരികളുടെ മേൽനോട്ടത്തിലായിരുന്നു വിതരണം.

പല വിതരണ കേന്ദ്രത്തിലും ഉദ്യോഗസ്ഥരെത്താൻ വൈകിയതോടെ വിതരണത്തിനും താമസമുണ്ടായി. കോട്ടൺഹില്ലിലെയും പട്ടത്തെ വിതരണ കേന്ദ്രത്തിലും തിരക്ക് അധികമായപ്പോൾ ഉദ്യോഗസ്ഥരും പൊലീസും ഇടപെട്ട് നിയന്ത്രിച്ചു. പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങുന്ന ഉദ്യോഗസ്ഥർ റൂട്ട് ഓഫീസറുടെ നേതൃത്വത്തിലാണ് ബൂത്തുകളിലെത്തിയത്. പ്രിസൈഡിംഗ് ഓഫീസറും മൂന്ന് പോളിംഗ് ഉദ്യോഗസ്ഥരുമടക്കം നാല് പേരടങ്ങുന്ന സംഘത്തെയാണ് ഓരോ ബൂത്തുകളിലേക്കും നിയോഗിച്ചിരുന്നത്.