theeveedu

മുടപുരം: അഴൂർ പഞ്ചായത്തിലെ കോളിച്ചിറ പുന്നവിള കോളനിയിലെ ജലജയുടെ വീട് തീപിടിച്ച് പൂർണമായി കത്തിനശിച്ചു. ഞായറാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. വൈദ്യുതി ഷോർട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ജലജയും ചെറുമകൾ ശാരിയുമാണ് വീട്ടിൽ താമസിക്കുന്നത്. ചെറുമകൾക്ക് അസുഖമായതിനാൽ കുടുംബവീട്ടിലായിരുന്നു സംഭവസമയത്ത് ഇവർ. അതിനാൽ ആളപായമുണ്ടായില്ല.

ഷീറ്റും ടാർപ്പായും കൊണ്ടാണ് വീട് നിർമ്മിച്ചിരുന്നത്. വീടിനകത്തുണ്ടായിരുന്ന മുഴുവൻ ഗൃഹോപകരണങ്ങളും രാഖിയുടെ എസ്.എസ്.എൽ.സി - പ്ലസ് ടു സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള രേഖകളും കത്തിനശിച്ചു.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്‌സ് എത്തി തീകെടുത്തുകയായിരുന്നു. അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ സ്ഥലം സന്ദർശിച്ചു. സർക്കാരിൽനിന്ന് ഇവർക്ക് ധനസഹായം ലഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഇദ്ദേഹം അറിയിച്ചു.