പത്തനംതിട്ട: പട്ടികജാതിക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പശ്ചിമ ബംഗാൾ സ്വദേശിക്ക് 35 വർഷത്തെ കഠിനതടവും 50,000 രൂപ പിഴയും പത്തനംതിട്ട അഡിഷണൽ സെഷൻസ് ഫസ്റ്റ് കോടതി (പോക്‌സോ സ്‌പെഷ്യൽ കോടതി) വിധിച്ചു. മാൾഡാ സ്വദേശിയായ നരേൻ ദേബ് നാഥ് (30) ആണ് പ്രതി. പിഴ അടയ്ക്കാതിരുന്നാൽ 15 മാസം കൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുകയിൽ നിന്ന് 35,000 രൂപ ഇരയായ പെൺകുട്ടിക്ക് നൽകാനും കോടതി വിധിച്ചു.
2019 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെങ്കിലും കേസ് റിപ്പോർട്ടായത് ജൂണിലാണ്. പെൺകുട്ടി ഗർഭിണിയായത് അറിഞ്ഞശേഷമാണ് വീട്ടുകാർ പൊലീസിനെ സമീപിച്ചത്. കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട് ജില്ലയിലെത്തിയ പ്രതി, ജോലി ചെയ്തുവന്ന വീടിനടുത്ത് താമസിക്കുന്ന പെൺകുട്ടിയെയാണ് പലതവണ പീഡനത്തിനിരയാക്കിയത്. സംഭവത്തിന് ശേഷം മുങ്ങിയ ഇയാളെ അന്നത്തെ പുളിക്കീഴ് എസ്.ഐ വിപിൻ എ, എസ്.ഐ രാജേഷ്, സുദർശനൻ എന്നിവരടങ്ങിയ സംഘം മൾഡയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.പി കിരൺരാജ് ഹാജരായി.