തിരുവനന്തപുരം:നിശബ്ദ പ്രചാരണമാണെങ്കിലും ഇന്നലെ സ്ഥാനാർത്ഥികൾക്കൊന്നും തിരക്കിനൊട്ടും കുറവുണ്ടായിരുന്നില്ല. മണ്ഡലത്തിലെ കല്യാണങ്ങൾ, മരണവീടുകൾ എന്നിവിടങ്ങളിൽ സന്ദർശിച്ചും പ്രധാന ജംഗ്‌ഷനുകൾ, കോളനി മേഖലകൾ എന്നിവിടങ്ങളിൽ ഹ്രസ്വ സന്ദർശനം നടത്തിയും വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു എല്ലാവരും. നേരിട്ട് കാണാൻ കഴിയാതിരുന്ന പ്രധാന വ്യക്തികളെ ഫോണിൽ ബന്ധപ്പെട്ട് വോട്ടുറപ്പിച്ചു. രാവിലെ മുതൽ രാത്രി വൈകുവോളം ഇവരുടെ തിരക്കിന് അല്പവും കുറവുണ്ടായില്ല.
സദ്യയുണ്ടും നേരിട്ടുകണ്ടും
നേമം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ഇന്നലെ രാവിലെ ക്ഷേത്ര ദർശനത്തിന് ശേഷം വിവിധ മേഖലയിലെ പ്രധാന വോട്ടർമാരെ കണ്ടു. കൂടുതൽ ശ്രദ്ധിക്കേണ്ട മേഖലകളിൽ ചെറു സന്ദർശനം. ഉച്ചയോടെ തിരുവല്ലം ലയൺസ് ക്ലബ് ഹാളിൽ നടന്ന പാച്ചല്ലൂർ രേവതി വീട്ടിൽ സുമയുടെ മകൾ ആര്യയുടെ വിവാഹത്തിൽ പങ്കെടുത്തു. അവിടെ നിന്ന് സദ്യയും കഴിച്ചു.തുടർന്ന് പാർട്ടി നേതാക്കളുടെ നിർദേശം അനുസരിച്ച് വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി.
എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി അവസാനവട്ട വോട്ടുറപ്പിക്കലിനായി രാവിലെ മുതൽ പ്രധാന വ്യക്തികളെ ഫോണിൽ ബന്ധപ്പെട്ടു. കൂടുതൽ ശ്രദ്ധിക്കേണ്ട മേഖലയിലെ പാർട്ടി പ്രവർത്തകരുമായി ആശയവിനിമയം നടത്തി. തിരുവല്ലം ലയൺസ് ക്ലബ് ഹാളിൽ നടന്ന കല്യാണത്തിൽ പങ്കെടുത്തു. പ്രധാന ബൂത്ത് കേന്ദ്രങ്ങളിൽ ഓട്ടപ്രദക്ഷിണം നടത്തി. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ രാവിലെ പഴഞ്ചിറ ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി.തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളുമായി ആശയവിനിമയം നടത്തി പോരായ്മകൾ പരിഹരിക്കാനുള്ള നിർദ്ദേശം നൽകി.
ഫോണിലൂടെയും വോട്ടുറപ്പിച്ച്...
തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. ശിവകുമാർ ഇന്നലെ ചാല മാർക്കറ്റിൽ വ്യാപാരികളെ കണ്ടു. തുടർന്ന് തീരദേശമേഖലയിൽ സന്ദർശനം നടത്തി.അവസാനവട്ട ഒരുക്കങ്ങൾ പാർട്ടി നേതാക്കളുമായി ആലോചിച്ച് തീരുമാനിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി ആന്റണി രാജു ഇന്നലെ മുന്നണി നേതാക്കളുമായി ആശയവിനിമയം നടത്തി.പ്രവർത്തനത്തിലെ പോരായ്മകൾ പരിഹരിച്ച് പഴുതുകൾ അടച്ചുള്ള അവസാനവട്ട പ്രവർത്തനം കടുപ്പിച്ചു.തീരദേശ മേഖലയിലും സിറ്റി മേഖലയിലും ഓട്ടപ്രദക്ഷിണം നടത്തി.
എൻ.ഡി.എ സ്ഥാനാർത്ഥി കൃഷ്ണകുമാർ കീ വോട്ടർമാരെ കാണാനാണ് ഇന്നലത്തെ സമയം വിനിയോഗിച്ചത്. ഫോണിലൂടെ അവസാനവട്ട വോട്ടുറപ്പിക്കൽ നടത്തി.ഇതിനിടെ എത്തിയ മാദ്ധ്യമ പ്രവർത്തകരുമായി സംവദിച്ചു.
പ്രധാന കേന്ദ്രങ്ങളിൽ ഓടിയെത്തി
വട്ടിയൂർക്കാവ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വീണ.എസ്. നായർ ബാർട്ടൻ ഹിൽ മേഖലയിലായിരുന്നു ഇന്നലെ പര്യടനം നടത്തിയത്. പാർട്ടി പ്രവർത്തകരുടെ നിർദ്ദേശാനുസരണം പരമാവധി മേഖലകളിൽ സന്ദർശനം നടത്തി.എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.പ്രശാന്ത് മണ്ഡലത്തിലെ പ്രധാനകേന്ദ്രങ്ങളിൽ എത്തി വോട്ട് അഭ്യർത്ഥിച്ചു.ഫോൺ വഴി ഉറപ്പാക്കേണ്ട വോട്ടർമാരുടെ ലിസ്റ്റ് തയ്യാറാക്കി അവരെയും വിളിച്ചു സംസാരിച്ചു. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. എൻ.ഡി.എ സ്ഥാനാർത്ഥി വി.വി.രാജേഷ് ഇന്നലെ രാവിലെ ക്ഷേത്രദർശനത്തിന് ശേഷം വട്ടിയൂർക്കാവ് മേഖലയിലും പിന്നാലെ പേരൂർക്കടയിലും സന്ദർശനം നടത്തി. കോളനി മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു സന്ദർശനം.
ഓരോ വോട്ടും ഉറപ്പിച്ച്..
കഴക്കൂട്ടം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.എസ്.എസ്. ലാൽ ഇന്നലെ കൂടുതൽ വോട്ടർമാരുള്ള കോളനി മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു സന്ദർശനം നടത്തിയത്.കൂടാതെ മണ്ഡലത്തിലെ രണ്ടു മരണവീടുകളിലും സന്ദർശനം നടത്തി.എൽ.ഡി.എഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ ഇന്നലെ ചാഞ്ചാടി നിൽക്കുന്ന വോട്ട് ഉറപ്പിക്കാനുള്ള പരിശ്രമത്തിലായിരുന്നു.കവലകളിലും കോളനി മേഖലയിലും സന്ദർശനം നടത്തി. എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ മണ്ഡലമാകെ ഓട്ടപ്രദക്ഷിണം നടത്തി. ഫോൺ മുഖേനയും അവസാനവട്ട വോട്ടുറപ്പിച്ചു. ഇതിനിടെ ഇടതു സ്ഥാനാർത്ഥിയുടെ പുതിയ നോട്ടീസിനെക്കുറിച്ച് മാദ്ധ്യമങ്ങൾ ആരാഞ്ഞപ്പോൾ അവർക്ക് മറുപടി നൽകി. ഫലത്തിൽ നിശബ്ദ പ്രചാരണത്തിലും രാത്രി വൈകുവോളം തിരക്കോട് തിരക്കായിരുന്നു സ്ഥാനാർത്ഥികൾക്ക്.