a

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ആരംഭഘട്ടത്തിൽ കണ്ട ചിത്രമല്ല തലസ്ഥാനത്തെ വോട്ടർമാർ ഇന്ന് ബൂത്തിലേക്കു പോകുമ്പോഴുള്ളത്.കാര്യങ്ങൾ അടിമുടി മാറിമറിഞ്ഞു. മൂന്ന് മുന്നണിയുടെയും ജില്ലയിലെ നേതാക്കൾക്ക് ഇക്കാര്യം നല്ല ബോദ്ധ്യമുണ്ട്. പ്രചാരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് രാഷ്ട്രീയ ഗണിതത്തിൽ പലതും പൊരുത്തപ്പെടാതെ വന്നത്.സ്ഥാനാർത്ഥി നിർണയത്തിലൂടെ തുടക്കത്തിൽ മേൽക്കൈ നേടാൻ എൽ.ഡി.എഫിന് കഴിഞ്ഞു. 14-ൽ 10 സീറ്റുകളും തങ്ങളുടെ കൈവെള്ളയിലെന്ന ആത്മവിശ്വാസവും അവർക്കൊപ്പമുണ്ടായിരുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ വലിയ മാറ്റിമറിക്കലുകളോ മാരത്തൺ ചർച്ചകളോ വേണ്ടിവന്നില്ല.ഓടിത്തുടങ്ങും മുമ്പേ മെഡൽ കിട്ടിയ കായികതാരത്തെപ്പോലെയായിരുന്നു ഇടത് ക്യാമ്പ്. നേരെ മറിച്ചായിരുന്നു യു.ഡി.എഫിന്റെ സ്ഥിതി.പല മണ്ഡലങ്ങളിലും ആരാവും സ്ഥാനാർത്ഥിയെന്നത് മുന്നണി നേതൃത്വത്തിന് പോലും ഉറപ്പില്ലാത്ത അവസ്ഥയായിരുന്നു. പ്രത്യേകിച്ച് നേമം പോലുള്ള മണ്ഡലങ്ങളിൽ മത്സരിക്കാൻ പോലും പ്രമുഖർ ധൈര്യം കാട്ടാത്ത നിലയുമുണ്ടായി.എൻ.ഡി.എയുടെ കാര്യത്തിലും ഏറക്കുറെ സമാനമായിരുന്നു.പക്ഷേ, സ്ഥാനാർത്ഥി നിർണയമൊക്കെ കഴിഞ്ഞതോടെ കളം മാറി. ബി.ജെ.പിയുടെ കൈവശമുള്ള നേമത്ത് കെ.മുരളീധരൻ കൂടി വന്നതോടെ മത്സരത്തിന് പുതിയ മാനമായി.കട്ടയ്ക്ക് കട്ട ത്രികോണ മത്സരത്തിലേക്ക് എത്തി.മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിറഞ്ഞുനിന്ന കഴക്കൂട്ടത്ത് ശോഭാസുരേന്ദ്രൻ വന്നതോടെ അവിടെയും ത്രിമാന തലമായി.വട്ടിയൂർക്കാവ്, നെടുമങ്ങാട്, അരുവിക്കര, വർക്കല തുടങ്ങിയ മണ്ഡലങ്ങളിലും പിരിമുറുക്കമായി. അവസാനഘട്ടത്തിൽ തങ്ങൾക്ക് അനുകൂലമാവുന്ന ഘടകങ്ങളെ കണക്കുകൂട്ടി പ്രതീക്ഷ പങ്കുവയ്ക്കുകയാണ് മൂന്ന് മുന്നണികളുടെയും നേതാക്കൾ.


സീറ്റുകൾ കൂടും

ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതുൾപ്പെടെ 10 സീറ്രാണ് ഇടതുപക്ഷത്തിന് നിലവിൽ ജില്ലയിലുള്ളത്.ഇക്കുറി ഇത് കൂടും.കഴിഞ്ഞ അഞ്ച് വർഷത്തെ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് നല്ല മതിപ്പുണ്ട്. എല്ലാ മണ്ഡലങ്ങളിലും പ്രത്യേകിച്ച് എൽ.ഡി.എഫ് ജയിച്ച മണ്ഡലങ്ങളിൽ വലിയ വികസന മുന്നേറ്റമാണുണ്ടായത്. ടെക്നോപാർക്ക്,ടെക്നോ സിറ്റി, ഓപ്പൺ സർവകലാശാല എന്നിവയുടെ പ്രവർത്തനങ്ങൾ വിപുലമാക്കാൻ നടത്തിയ ശ്രമങ്ങൾ എടുത്തു പറയണം.ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണയാണ് ഇടതുപക്ഷത്തിന് തുണയാവുന്ന മറ്റൊരു ഘടകം. പൗരത്വ നിയമഭേദഗതി വിഷയത്തിൽ ശരിയായ നിലപാട് എടുത്തത് സി.പി.എമ്മാണ്. ഇത് അവർക്കറിയാം.പിന്നെ ശബരിമല. ഇപ്പോൾ അതൊരു വിഷയമേ അല്ല. സുപ്രീം കോടതിയിലുള്ള വിഷയമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുമുണ്ട്.

ആനാവൂർ നാഗപ്പൻ, സി.പി.എം ജില്ലാ സെക്രട്ടറി

സർക്കാരിനെതിരായ വികാരം പ്രതിഫലിക്കും

വോട്ടിംഗ് കഴിഞ്ഞ് വിലയിരുത്തലിന് ശേഷമേ വ്യക്തമായ ഒരു കണക്ക് പറയൽ സാദ്ധ്യമാവൂ. യു.ഡി.എഫിന് വലിയൊരു മുന്നേറ്റമുണ്ടാവും.എല്ലാ മണ്ഡലങ്ങളിലും മത്സരം കടുപ്പിക്കാൻ കഴിഞ്ഞു. കഴിഞ്ഞതവണ നാലു സീറ്റുകളാണ് (ഉപതിരഞ്ഞെടുപ്പിന് മുമ്പ്) യു.ഡി.എഫിന് കിട്ടിയതെങ്കിൽ ഇക്കുറി എങ്ങനെപോയാലും അത് ഇരട്ടിയോ അതിലധികമോ ആയി ഉയരും.സർക്കാരിനെതിരായ വികാരമാണ് പ്രധാനം.ഗവൺമെന്റ് പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടു. പിൻവാതിൽ നിയമനവും പി.എസ്.സിയിലെ പ്രശ്നങ്ങളും യുവാക്കളിൽ നിരാശയാണ് വളർത്തിയത്. ഉദ്യോഗസ്ഥരും കർഷകരും അങ്കലാപ്പിലാണ്. അവരുടെയെല്ലാം അതൃപ്തി തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ശബരിമലയിൽ എല്ലാ വിശ്വാസങ്ങളെയും തകിടംമറിച്ചിരിക്കുന്നത് വിശ്വാസികളും ഭക്തരും തിരിച്ചറിയുന്നു. രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയും പര്യടനം യു.ഡി.എഫിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ജനങ്ങൾ ഒരു മാറ്റത്തിന് ആഗ്രഹിക്കുന്നു.

നെയ്യാറ്റിൻകര സനൽ, ഡി.സി.സി പ്രസിഡന്റ്

പല മണ്ഡലങ്ങളിലും അട്ടിമറി സംഭവിക്കും

എൻ.ഡി.എയ്ക്ക് ഏറ്റവും അനുകൂലമാണ് ഈ തിരഞ്ഞെടുപ്പ്. രണ്ട് മുന്നണികൾക്കും എതിരായ ജനവികാരമാണ് ഞങ്ങളെ തുണയ്ക്കുക. വട്ടിയൂർക്കാവ്,നേമം,കഴക്കൂട്ടം,ആറ്റിങ്ങൽ,ചിറയിൻകീഴ്,കാട്ടാക്കട മണ്ഡലങ്ങളിൽ ബി.ജെ.പിയും എൽ.ഡി.എഫും തമ്മിൽ നേരിട്ടുള്ള മത്സരമെന്ന് പറയാം.ബി.ജെ.പിയുടെ നിലവിലെ വോട്ടിൽ നാലോ അഞ്ചോ ശതമാനം വർദ്ധനയുണ്ടായാൽ മറ്റു പല മണ്ഡലങ്ങളിലും അട്ടിമറി സംഭവിക്കും.ഏതായാലും യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും വോട്ടിംഗ് ശതമാനത്തിൽ ഇക്കുറി ഗണ്യമായ കുറവുണ്ടാവുമെന്നത് തീർച്ച. നെടുമങ്ങാട് മണ്ഡലത്തിൽ ആറു ശതമാനത്തിൽ കൂടുതൽ വോട്ട് വർദ്ധിക്കുമെന്നാണ് ഇപ്പോഴത്തെ കണക്ക്. അവിടെ വലിയ വ്യക്തിബന്ധമുള്ള സ്ഥാനാർത്ഥിയാണ് പത്മകുമാർ. വട്ടിയൂർക്കാവിൽ ബി.ജെ.പിക്ക് അനുകൂലമായി കോൺഗ്രസ് അനുഭാവികൾ ചിന്തിക്കും.ശബരിമല ഇത്തവണ വ്യാപകമായി ചർച്ചചെയ്യപ്പെടും. സർക്കാർ ഇക്കാര്യത്തിൽ വിശ്വാസികളോട് കാട്ടിയ നിലപാട് വിലയിരുത്തപ്പെടും.

വെങ്ങാനൂർ സതീഷ്, ജില്ലാ പ്രസിഡന്റിന്റെ ചുമതല