s

തിരുവനന്തപുരം: വോട്ടർപ്പട്ടികയിൽ ഒന്നിലേറെയിടങ്ങളിൽ പേരുള്ളവർ, സ്ഥലത്തില്ലാത്തവർ, മരണപ്പെട്ടവർ എന്നിവരെ ഉൾപ്പെടുത്തി തയ്യാറാക്കിയിട്ടുള്ള എ.എസ്.ഡി (ആബ്സന്റ് ഷിഫ്റ്റ് ഡെഡ് / ഡ്യൂപ്ലിക്കേറ്റ്) ലിസ്റ്റിലുള്ളവരുടെ വിവരം എല്ലാ ബൂത്തുകളിലെയും പോളിംഗ് ഉദ്യോഗസ്ഥർക്ക് നൽകിയെന്ന് കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. ഇതുപ്രകാരം ഒരു സമ്മതിദായകൻ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. എ.എസ്.ഡി ലിസ്റ്റിലുള്ളവർ ഒന്നിലധികം വോട്ടുകൾ ചെയ്യാൻ ശ്രമിച്ചാൽ അവർക്കെതിരെ ഐ.പി.സി ( 171ഡി ) പ്രകാരമുള്ള ശിക്ഷാനടപടിയുണ്ടാകും. ഒരു വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. ഈ പട്ടികയിൽപ്പെട്ടവർ വോട്ട് ചെയ്യാനെത്തുമ്പോൾ സമ്മതിദായകന്റെ ഫോട്ടോയെടുക്കും. ഒപ്പിനൊപ്പം രജിസ്റ്ററിൽ ഇവരുടെ വിരലടയാളം കൂടി വാങ്ങിയശേഷമേ വോട്ട് ചെയ്യാൻ കഴിയൂ. വിരലിൽ പതിക്കുന്ന മഷി ഉണങ്ങിയ ശേഷമേ ബൂത്ത് വിട്ടുപോകാൻ അനുവദിക്കൂവെന്നും കളക്ടർ പറഞ്ഞു.