evm

തിരുവനന്തപുരം: കൊടുമ്പിരിക്കൊണ്ട പ്രചാരണകാലം ബാക്കിവച്ച വലിയ ചോദ്യത്തിന് കേരളം ഇന്ന് ഉത്തരമെഴുതും. മൂന്നു മുന്നണികളും പൊരുതിക്കളിച്ച ഗ്രൗണ്ടിൽ, ഇന്നലെവരെ ഗാലറിയിലിരുന്ന സമ്മതിദായകരുടെ രാഷ്‌ട്രീയമനസ്സ് വിജയകിരീടം സമ്മാനിക്കുന്നത് ആർക്കാകും? 2.74 കോടി വോട്ടർമാരുടെ ചൂണ്ടുവിരലിലേക്ക് ഉത്കണ്ഠയോടെ മുന്നണികൾ മിഴിനട്ടിരിക്കെ, ഇന്ന് വിധിദിനം.

തുടർഭരണത്തിലേക്ക് 'പാട്ടുംപാടി' പ്രവേശിക്കാമെന്ന് ഉറപ്പിച്ചിരുന്ന ഇടതുമുന്നണിയുടെ ആത്മവിശ്വാസത്തിനു മീതെ, പല മണ്ഡലങ്ങളിലെയും പോരാട്ടം ത്രികോണമത്സരത്തിന്റെ പിരിമുറുക്കത്തിലെത്തിയ കലാശക്കാഴ്ചയോടെ ഈ നിയമസഭാ തിരഞ്ഞെടുപ്പ് ഇന്നുവരെയില്ലാത്ത വിധം ആകാംക്ഷാഭരിതം. എൻ.ഡി.എയുടെ വോട്ട്‌വിഹിതം എത്രത്തോളം വർദ്ധിക്കുമെന്നത് പല മണ്ഡലങ്ങളിലും ഇടതു, വലത് മുന്നണികളുടെ തലവര നിശ്ചയിക്കും.

സർക്കാരിന്റെ വികസന, ക്ഷേമ നേട്ടങ്ങൾ അനുകൂലമാകുമെന്ന് ഇടതു ക്യാമ്പ് കണക്കുകൂട്ടുമ്പോൾ, ശബരിമലയും ആഴക്കടൽ മത്സ്യബന്ധന വിവാദമടക്കമുള്ള അഴിമതിയാരോപണങ്ങളും പ്രകടനപത്രികയിലൂടെ തങ്ങൾ മുന്നോട്ടുവച്ച ന്യായ് പദ്ധതിയടക്കമുള്ള വാഗ്ദാനങ്ങളും തുണയ്ക്കുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. കേന്ദ്രം നൽകിയ ആനുകൂല്യങ്ങൾ ഇടതുസർക്കാർ സ്വന്തം പേരിലാക്കി നേട്ടമെടുക്കുന്നുവെന്ന് പ്രചരിപ്പിക്കുന്ന ബി.ജെ.പിയും കളം നിറഞ്ഞു കളിക്കുന്നു.

മുന്നണികളുടെ

മനോരാജ്യം

തുടർഭരണ പ്രതീക്ഷ ഉറപ്പിച്ചാണ് ഇടതു മുന്നണിയുടെ പോക്ക്. 75നു മുകളിൽ 85 വരെയും അതിനും മീതേയ്ക്ക് നൂറുവരെയുമാണ് പ്രതീക്ഷ.

78-നും 82-നും ഇടയിലോ, തരംഗം പിറന്നാൽ 90-നു മുകളിലേക്ക് നൂറു വരെയോ യു.ഡി.എഫും കൂട്ടിക്കിഴിക്കുന്നു. നേമം ഉറപ്പായും കൂടെ നിൽക്കുമെന്ന് അവകാശപ്പെടുന്ന എൻ.ഡി.എ അതിനപ്പുറത്തേക്ക് പത്തു മുതൽ പതിമൂന്നു വരെ സീറ്റുകൾ പോന്നേക്കാം എന്ന കണക്കുകൂട്ടലിലാണ്.

ന്യൂനപക്ഷ പിന്തുണ

മത ന്യൂനപക്ഷങ്ങളുടെ പിന്തുണ എങ്ങോട്ട് എന്നതിലും ആകാംക്ഷ. പൗരത്വഭേദഗതി വിഷയം തുണയ്ക്കുമെന്ന് എൽ.ഡി.എഫും യു.ഡി.എഫും ഒരുപോലെ പ്രതീക്ഷ വയ്ക്കുന്നു. രാഹുൽ, പ്രിയങ്ക പ്രചാരണം മലബാറിലടക്കം മുസ്ലിം സമൂഹത്തിന്റെ മനസ്സ് അനുകൂലമാക്കിയെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ.

ആഴക്കടൽ മത്സ്യബന്ധന വിവാദം ലത്തീൻ സഭയടക്കം പരമ്പരാഗത ക്രൈസ്തവ വോട്ടുകളെ തിരിച്ചെത്തിക്കാൻ ഉപകരിക്കുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. 45 തീരമണ്ഡലങ്ങളെയെങ്കിലും സ്വാധീനിക്കാൻ പോന്നതാണ് പ്രതിപക്ഷനേതാവ് ഉയർത്തിവിട്ട വിവാദം. അതിലെ ഗൂഢാലോചന തുറന്നുകാട്ടാനായെന്ന് ഇടതുപക്ഷവും വാദിക്കുന്നു.

അവസാനത്തെ

അടി, അടവ്

 മഞ്ചേശ്വരത്ത് ബി.ജെ.പിയെ തോല്പിക്കാൻ എൽ.ഡി.എഫുകാർ യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് മുല്ലപ്പള്ളി. യു.ഡി.എഫ് ആരുടെയും പിന്തുണയില്ലാതെ മഞ്ചേശ്വരത്ത് ജയിക്കുമെന്ന് ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും തിരുത്ത്.

 കായംകുളത്തെ കോൺഗ്രസ് സ്ഥാനാർത്ഥി അരിത ബാബുവിനെതിരെ, പാൽ സൊസൈറ്റി തിരഞ്ഞെടുപ്പല്ല നടക്കുന്നതെന്ന് ആക്ഷേപിച്ച് എ.എം.ആരിഫ് എം.പി. ആരിഫ് അപമാനിച്ചതിൽ വേദനയെന്ന് അരിത. ആരിഫ് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല.

 തലശ്ശേരിയിൽ മനസ്സാക്ഷിവോട്ടിന് ബി.ജെ.പി ജില്ലാ നേതൃത്വം. അതു തള്ളി കേന്ദ്രമന്ത്രി വി. മുരളീധരൻ. പിന്തുണ സി.ഒ.ടി.നസീറിനെന്ന് തിരുത്ത്.

വോട്ടർമാർ 2.74 കോടി.

2016- ലെ പോളിംഗ് 77.53 ശതമാനം