തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കാലഘട്ടത്തിലാണ് ബി.ജെ.പി കേരളത്തിൽ കൂടുതൽ വളർച്ച നേടിയതെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കോൺഗ്രസ് മുക്ത ഭാരതമെന്ന നരേന്ദ്ര മോദിയുടെ മുദ്രാവാക്യം യാഥാർത്ഥ്യമാക്കാനുള്ള ബി.ജെ.പി - സി.പി.എം ഡീലാണ് ഇതിന് കാരണം. കോൺഗ്രസിനെതിരെ പലയിടത്തും സി.പി.എം - ബി.ജെ.പി അന്തർധാരയുണ്ടായിട്ടുണ്ട്. ഇവർ പരസ്‌പര സഹായ സംഘമാണ്.
പ്രകൃതി ദുരന്തങ്ങളോടൊപ്പമാണ് സർക്കാർ നിർമ്മിത ദുരന്തങ്ങളായ അരുംകൊലകളും ആഴക്കടൽ വില്പനയും പിൻവാതിൽ നിയമനവും വാളയാർപോലുള്ള സംഭവങ്ങളുമുണ്ടായത്. ഭരണത്തുടർച്ചയെന്ന് പറഞ്ഞാൽ ഇവയുടെ തുടർച്ച എന്നു കൂടിയാണ്. ഇതിന് അറുതിവരുത്താൻ ഭരണമാറ്റം അനിവാര്യമാണ്. ഇതൊരു ജീവന്മരണ പോരാട്ടമാണ്.
യു.ഡി.എഫിന്റെ ന്യായ് വരുമാന പദ്ധതി സംസ്ഥാനത്ത് സാമ്പത്തിക ചലനം സൃഷ്ടിക്കാനുമാകും. തൊഴിലിനായി ചെറുപ്പക്കാർ ഇനി മുട്ടിലിഴയേണ്ടി വരില്ല. വിശ്വാസികളെ ആരും ചവിട്ടിത്തേക്കില്ല. കേരളം നേരിടുന്ന വലിയ വെല്ലുവിളികൾ നേരിടാൻ വൻ ഭൂരിപക്ഷമുള്ള യു.ഡി.എഫിനെ അധികാരത്തിലേറ്റണമെന്ന് ഉമ്മൻ ചാണ്ടി അഭ്യർത്ഥിച്ചു.
തലശ്ശേരി : നസീറിന് വോട്ട് ചെയ്യാൻ
മുരളീധരൻ പറഞ്ഞില്ലെന്ന്
കണ്ണൂർ: തലശ്ശേരി മണ്ഡലത്തിൽ ബി.ജെ.പിക്കാരും, അനുഭാവികളും ആർക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തിൽആശയക്കുഴപ്പമില്ലെന്ന് ബി .ജെ. പി ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാർ പ്രസ്താവനയിൽ പറഞ്ഞു.
. ബി .ജെ .പി പരമ്പരാഗതമായി എതിർത്തു വരുന്ന ഇടത്, വലത് മുന്നണികൾക്ക് ഒരു തരത്തിലും വോട്ട് ചെയ്യില്ല.പാർട്ടി സംസ്ഥാന അദ്ധ്യക്ഷനും കേന്ദ്രമന്ത്രി വി .മുരളീധരനും കണ്ണൂർ ജില്ലാ കമ്മിറ്റിയും പറഞ്ഞത് ഒന്നു തന്നെയാണ്. സി. ഒ. ടി നസീറിന് വോട്ട് കൊടുക്കാൻ വി. മുരളീധരൻ പറഞ്ഞിട്ടില്ല. കോൺഗ്രസിനോ, സിപിഎമ്മിനോ വോട്ട് ചെയ്യാത്ത വിധം പ്രവർത്തകരും അനുഭാവികളും തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.