photo

നെടുമങ്ങാട്: നിശബ്ദ പ്രചാരണ ദിനത്തിലും സ്ഥാനാർത്ഥികൾക്ക് തിരക്കോടുതിരക്ക്. ഗൃഹസന്ദർശനവും ആദ്യകാല നേതാക്കളുമായുള്ള കൂടിക്കാഴ്ചയും ബൂത്തുതല പ്രവർത്തക യോഗങ്ങളുമായി മിക്ക സ്ഥാനാർത്ഥികളും ഇന്നലെ നെട്ടോട്ടത്തിലായിരുന്നു. തികഞ്ഞ ആത്മവിശ്വാസമാണ് മുഖ്യധാരാമുന്നണിസ്ഥാനാർത്ഥികൾ പങ്കുവച്ചത്. നെടുമങ്ങാട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.ആർ. അനിൽ മണ്ഡലത്തിലുടനീളം പര്യടനം നടത്തി. ബൂത്ത്, സ്ക്വാഡ് ചുമതലക്കാരും പാർട്ടി ലോക്കൽ നേതാക്കളുമായി ആശയവിനിമയവും നടത്തി. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളെയും പ്രവർത്തകരെയും വീടുകളിൽ സന്ദർശിച്ചു. വിവാഹച്ചടങ്ങുകളിലും പങ്കെടുത്തു. സി.പി.ഐ ജില്ലാസെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഡ്വ. ആർ. ജയദേവൻ, കൺവീനർ പാട്ടത്തിൽ ഷെരീഫ് തുടങ്ങിയവർ സ്ഥാനാർത്ഥിയോടൊപ്പം സഞ്ചരിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി പി.എസ്. പ്രശാന്ത്‌ രാവിലെ നെടുമങ്ങാട് കോടതി സന്ദർശിച്ച് അഭിഭാഷകരോടും മറ്റു ജീവനക്കാരോടും വോട്ട് തേടി. ഒരു പാലുകാച്ചൽ ചടങ്ങിലും പങ്കെടുത്തു. നെടുമങ്ങാട്ടെ ലക്ഷ്യ, ടാലെന്റ് എന്നീ പി.എസ്.സി കോച്ചിംഗ് സെന്ററുകളും സന്ദർശിച്ചു. കരിപ്പൂർ മേഖലയിലെ 2 മരണവീടുകളിൽ എത്തി അനുശോചനം അറിയിച്ചു. ഉച്ചയ്ക്ക് പണിമൂല ക്ഷേത്രത്തിൽ നടന്ന കല്യാണത്തിലും പങ്കുചേർന്നു. വൈകിട്ട് തന്റെ ജന്മദിനം അണ്ടൂർകോണത്തെ പാർട്ടി പ്രവർത്തകരോടൊപ്പം ആഘോഷിച്ചുകൊണ്ടാണ് പ്രചാരണ പ്രവർത്തനങ്ങൾക്ക് പരിസമാപ്തി കുറിച്ചത്. എൻ.ഡി.എ സ്ഥാനാർത്ഥി ജെ.ആർ. പദ്മകുമാർ ശാന്തിഗിരി ആശ്രമത്തിലെ തൊഴിൽ സംരംഭകരെയും തൊഴിലാളികളെയും സന്ദർശിച്ചു. ആശ്രമത്തിലെ സ്വാമിമാരും അന്തേവാസികളുമായി ആശയവിനിമയം നടത്തി. പോത്തൻകോട് ക്രസന്റ് ഓഡിറ്റോറിയത്തിൽ ഒരു വിവാഹത്തിലും പങ്കെടുത്തു. ഉച്ചകഴിഞ്ഞ് വെമ്പായം ശാന്തിമന്ദിരം സന്ദർശിച്ചു. വൈകിട്ട് നെടുമങ്ങാട്ടെ സാമുദായിക സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബൂത്ത്തല പ്രവർത്തകരുമായി ചർച്ചയ്ക്ക് ശേഷമാണു മടങ്ങിയത്.