vs

തിരുവനന്തപുരം: കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ, സമര നായകൻ വി.എസ്. അച്യുതാനന്ദനും ഭാര്യ വസുമതിയും വോട്ട് ചെയ്യാൻ കഴിയാത്തതിൻെറ ധർമ്മസങ്കടത്തിലാണ്. അവസാന നിമിഷം വരെയും പാേസ്റ്റൽ വോട്ടിനു വേണ്ടി ഇരുവരും കാത്തിരുന്നെങ്കിലും മോഹം സഫലമായില്ല. നിയമപരമായി പാേസ്റ്റൽ വോട്ട് അനുവദിക്കാനാവില്ലെന്ന അറിയിപ്പാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയത്. ശാരീരികാവശതകളാൽ വി.എസിനും എൺപത് കഴിഞ്ഞതിനാൽ വസുമതിക്കും കൊവിഡ് മാനദണ്ഡപ്രകാരം ബൂത്തിൽ പോയി വോട്ട് ചെയ്യാനാവാത്ത സ്ഥിതിയാണ്. പുന്നപ്രയിലാണ് ഇരുവർക്കും വോട്ട്. താമസിക്കുന്ന തിരുവനന്തപുരത്ത് പോസ്റ്റൽ വോട്ട് ചെയ്യാൻ അനുവദിക്കണമെന്ന് കാണിച്ച് വി.എസും ഭാര്യയും അമ്പലപ്പുഴ റിട്ടേണിംഗ് ഓഫീസർക്ക് മാസങ്ങൾക്ക് മുമ്പ് അപേക്ഷ നൽകിയതാണ്. ഫലമില്ലെന്ന് കണ്ടപ്പോൾ തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻെറ ഓഫീസിലും അപേക്ഷ നൽകി. വോട്ടുള്ള മണ്ഡലത്തിന് പുറത്ത് ബാലറ്റ് വോട്ട് അനുവദിക്കാനാവില്ലെന്ന അറിയിപ്പാണ് കിട്ടിയത്. അമ്പലപ്പുഴയിലെ റിട്ടേണിംഗ് ഓഫീസർ ഒരു ചടങ്ങുപോലെ പുന്നപ്രയിലെ വി.എസിൻെറ വീടായ വേലിക്കകത്ത് വീട്ടിൽ ബാലറ്റുമായി ചെന്ന് മടങ്ങി. വി.എസ് തിരുവനന്തപുരത്താണെന്ന് അവരെ അറിയിച്ചു.കൊവിഡ് കാലമായതിനാൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനും വി.എസിന് വോട്ട് ചെയ്യാനായില്ല.

ജയിൽ ജീവിതകാലമൊഴിച്ചാൽ വി.എസ് വോട്ട് ചെയ്യാത്ത ആദ്യ നിയമസഭ തിരഞ്ഞെടുപ്പാണിത് . വസുമതിയും വോട്ട് ചെയ്യാതിരുന്ന തിരഞ്ഞെടുപ്പുകളില്ല. മകൻ അരുൺകുമാറും ഭാര്യ രജനിയും മകൻ അർജുനും ഇന്ന് രാവിലെ പുന്നപ്രയിൽ വോട്ട് ചെയ്യാൻ പോകും.