തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ 7ന് ആരംഭിക്കും. 6.30 മുതൽ ട്രയൽ നടക്കും. ഇരട്ടവോട്ടും കൊവിഡും മൂലം ബൂത്തുകളിൽ പോളിംഗ് ഒാഫീസർമാർക്ക് ഉത്തരവാദിത്വം കൂടും. കൂടുതൽ ബൂത്തുകൾ സജ്ജീകരിച്ചിട്ടുള്ളതിനാൽ തിരക്ക് കുറയുമെന്ന ആശ്വാസമുണ്ട്. അവസാനനിമിഷം വരെ കാത്തിരിക്കാതെ കഴിയുന്നതും വേഗം വോട്ടവകാശം വിനിയോഗിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അഭ്യർത്ഥിച്ചു.
ബൂത്ത് അറിയാൻ
പോളിംഗ് ബൂത്ത് അറിയാൻ മൂന്ന് മാർഗ്ഗങ്ങൾ,
1.മൊബൈൽ ഫോണിൽനിന്ന് ECIPS
2. വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ബൂത്ത് തിരയാം
3. voterportal.eci.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
എ.എസ്.ഡി.ലിസ്റ്റിലായാൽ സഹകരിക്കണം
ഇരട്ടവോട്ട്, സ്ഥലത്തില്ലാത്തവർ, പരേതരുടെ ലിസ്റ്റിലുള്ളവർ, സ്ഥലംമാറിപ്പോയവർ തുടങ്ങിയവരെ ഉൾപ്പെടുത്തിയതാണ് എ.എസ്.ഡി (ആബ്സന്റ് ഷിഫ്റ്റഡ്- ഡെഡ് / ഡ്യൂപ്ലിക്കേറ്റ്) ലിസ്റ്റ്. ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രിസൈഡിംഗ് ഒാഫീസർ പറഞ്ഞാൽ വോട്ട് ചെയ്യുന്നത് അവരുടെ നിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കണം.ഫോട്ടോയെടുക്കും. ഒപ്പിനൊപ്പം വോട്ടർ രജിസ്റ്ററിൽ വിരലടയാളം വാങ്ങും.വിരലിൽ പതിക്കുന്ന മഷി ഉണങ്ങിയ ശേഷം മാത്രമേ പോകാൻ അനുവദിക്കൂ
നിരീക്ഷണത്തിൽ
പരമാവധി ബൂത്തുകളിൽ സി.സി.ടി.വി കാമറ സ്ഥാപിച്ചിട്ടുണ്ട് . വോട്ടർമാർ സദാസമയവും നിരീക്ഷണത്തിലായിരിക്കും.
59,292 പൊലീസുകാർ,150കമ്പനി കേന്ദ്രസേന
ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള 20000 പോലീസ് ഉദ്യോഗസ്ഥരും സുരക്ഷാചുമതലയ്ക്കുണ്ട്. സംസ്ഥാനത്തെ 481 പൊലീസ് സ്റ്റേഷനുകളെ 142 തിരഞ്ഞെടുപ്പ് സബ് ഡിവിഷനുകളായി തിരിച്ചാണ് സുരക്ഷയൊരുക്കുന്നത്. ജില്ലാ പോലീസ് മേധാവിമാർ നേതൃത്വം വഹിക്കും. പൊലീസിന്റെ വിവിധ പട്രോൾ സംഘങ്ങൾക്കുപുറമേ, നക്സൽബാധിത പ്രദേശങ്ങളിൽ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, തണ്ടർബോൾട്ട് എന്നിവയുമുണ്ടാകും. ഡ്രോൺ സംവിധാനവും സുരക്ഷയ്ക്കായി ഒരുക്കുന്നുണ്ട്