murder

തിരുവനന്തപുരം: കരമന കിള്ളിപ്പാലത്തെ അപ്പാർട്ട്‌മെന്റിൽ യുവാവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിലായെന്ന് സൂചന. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത പെൺവാണിഭ സംഘത്തിലെ അഞ്ചു പേരിലെ പ്രധാനി സുജിത്താണ് (ചിക്കു)​ പിടിയിലായത്. വൈശാഖിനെ സുജിത്താണ് കുത്തിയതെന്നാണ് കസ്റ്രഡിയിലുള്ളവർ നൽകിയ മൊഴിയെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ പ്രതികളെയോ അന്വേഷണത്തെയോക്കുറിച്ച് കരമന പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

പെൺവാണിഭ സംഘവുമായുണ്ടായ തർക്കത്തെ തുടർന്നാണ് വൈശാഖിനെ സംഘം കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രി 12നാണ് വൈശാഖ് അപ്പാർട്ട്മെന്റിലെത്തിയത്.

കുത്തേറ്റ് മരിച്ച ബാൽക്കണിയിൽ കിടന്ന വൈശാഖിന്റെ മൃതദേഹം രാവിലെയാണ് അപ്പാർട്ടുമെന്റിലെ ജീവനക്കാരൻ കണ്ടത്. വൈശാഖിന്റെ ശരീരത്തിൽ 50ന് മുകളിൽ കുത്തിയ മുറിവുകളുണ്ട്. സ്ക്രൂഡ്രൈവർ പോലുള്ള നേരിയ മൂർച്ചയുള്ള ആയുധമുപയോഗിച്ച് തലമുതൽ മുട്ടിന്റെ ഭാഗം വരെ കുത്തിയിട്ടുണ്ട്. ബംഗളൂരു സ്വദേശിനയായ യുവതിയും തലസ്ഥാനത്ത് താമസിക്കുന്ന സ്ത്രീയും കസ്റ്റഡിയിലായവരുടെ കൂട്ടത്തിലുണ്ടെന്നാണ് വിവരം.

 അപ്പാർട്ട്മെന്റിന് നേരെയും ആക്രമണം

കൊലപാതകം നടന്ന കിള്ളിപ്പാലത്തെ അപ്പാർട്ട്‌മെന്റിന് നേരെ ഇന്നലെ അഞ്ജാതരുടെ ആക്രമണമുണ്ടായി. ഇന്നലെ വൈകിട്ട് നാലിനാണ് സംഭവം. ബൈക്കിലെത്തിയ സംഘം അപ്പാർട്ട്മെന്റിന് നേരെ കല്ലെറിയുകയായിരുന്നു. ശബ്ദം കേട്ട് ജീവനക്കാർ ഓടിയെത്തിയതോടെ അക്രമികൾ രക്ഷപ്പെട്ടു. അപ്പാർട്ട്മെന്റിന്റെ മുൻവശത്തെ ചില്ലുകൾ തകർന്നു. തുടർന്ന് ഉടമ പൊലീസിൽ പരാതി നൽകി. ഈ സംഭവത്തിന് കൊലപാതകവുമായി ബന്ധമുണ്ടോയന്ന് അന്വേഷിക്കുമെന്ന് കരമന പൊലീസ് പറഞ്ഞു.