ആനാട് ജയന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ തടഞ്ഞു
പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ ഓടുചുട്ട പടുക്കയിൽ ഐ.എം.എയുടെ മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ മണിക്കൂറുകളോളം തടഞ്ഞുവച്ചു. തുടർന്ന് ആനാട് ജയൻ, പഞ്ചായത്ത് പ്രസിഡന്റ് മടത്തറ ഷിനു, മെമ്പർ കലയപുരം അൻസാരി, സമരസമിതി ചെയർമാൻ സുരേന്ദ്രൻനായർ, ഷാൻ ഇലവുപാലം തുടങ്ങിയവർ സംഭവസ്ഥലത്തെത്തി. സമരസമിതി നേതാക്കളും വനംവകുപ്പ് ഉദ്യോഗസ്ഥരും ഐ.എം.എ പ്രതിനിധികളുമായി നടന്ന ചർച്ചയിൽ പ്ലാന്റിനായി നിർദ്ദേശിക്കപ്പെട്ട സ്ഥലത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കാൻ ഐ.എം.എ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരാണ് ഇവരെന്ന് സമ്മതിച്ചു. പ്രദേശത്ത് മാലിന്യ പ്ലാന്റ് നിർമ്മിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാരും സമരസമിതിയും വ്യക്തമാക്കിയതോടെ പരിശോധന പൂർത്തിയാക്കാതെ സംഘം മടങ്ങി.