തിരുവനന്തപുരം: ശബരിമലയിൽ തുടങ്ങി വികസനവാദങ്ങളിൽ വരെ കൊമ്പുകോർത്താണ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തിരശ്ശീല വീണത്. ശബരിമലയെ ആദ്യ അജൻഡയായി ഒരുക്കിയിറക്കിയത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെങ്കിലും, അവസാനം ബി.ജെ.പി അതിനെ ശക്തമായ പ്രചരണായുധമാക്കാൻ മത്സരിക്കുന്നതാണ് കണ്ടത്. എൻ.എസ്.എസ് നേതൃത്വവും സംവാദത്തിൽ അണി ചേർന്നു.
ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദത്തിൽ കൊല്ലം ലത്തീൻ അതിരൂപത കക്ഷി ചേർന്നതോടെ, അത് ശക്തമായ പ്രചാരണവിഷയമായി മാറി. 45ഓളം സീറ്റുകൾ വരുന്ന തീരമേഖലയിൽ ഇത് എങ്ങനെ സ്വാധീനിക്കുമെന്ന് കണ്ടറിയണം. വിവാദത്തെ പ്രതിരോധിക്കാൻ തീരമേഖലയിലടക്കമുള്ള വികസനനേട്ടങ്ങളുയർത്തിക്കാട്ടിയും, വിവാദ കരാറിന് പിന്നിൽ ഉദ്യോഗസ്ഥതല ഗൂഢാലോചന ആരോപിച്ചുമാണ് ഇടതുമുന്നണി നീങ്ങിയത്.
ആഴക്കടൽ വിവാദമെന്ന പോലെ ,ഇരട്ടവോട്ട് ക്രമക്കേടും വെളിച്ചത്ത് കൊണ്ടുവന്ന് പ്രചാരണ അജൻഡയാക്കിയത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ്. ഏറ്റവുമൊടുവിൽ അദാനിയുമായുള്ള വൈദ്യുതികരാർ സംബന്ധിച്ച വിവാദവും പുറത്തെത്തിച്ചത് അദ്ദേഹം തന്നെ.. യു.ഡി.എഫിന് പ്രചാരണരംഗത്ത് മേൽക്കൈയുണ്ടാക്കാനും ,ഭരണമുന്നണിയുടേത് തീർത്തും സംശയരഹിത നേതൃത്വമല്ലെന്ന പ്രതീതിയുണർത്താനും ഈ നീക്കങ്ങൾക്കായെന്ന് യു.ഡി.എഫ് ക്യാമ്പ് വിലയിരുത്തുന്നു.
സി.പി.എം- ബി.ജെ.പി ഡീൽ എന്ന പേരിൽ വിവാദത്തിന് വിത്ത് പാകിയത് ആർ.എസ്.എസ് നേതാവ് ബാലശങ്കറിന്റെ ചില തുറന്നു പറച്ചിലുകളാണ്. തലശ്ശേരിയിലെയും ഗുരുവായൂരിലെയും ബി.ജെ.പി സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളപ്പെട്ടതിനെ ആയുധമാക്കി ബി.ജെ.പി- കോൺഗ്രസ് ബാന്ധവം ശക്തിയായി ഉയർത്തി പ്രത്യാക്രമണത്തിന് ഇടതുപക്ഷവും തയാറായി.
ഇടത് തുടർഭരണം സർവ്വനാശമുണ്ടാക്കുമെന്ന മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ പരാമർശം യു.ഡി.എഫ്- എൽ.ഡി.എഫ് വാക്പോരിന് മറ്റൊരായുധമായി. മുഖ്യമന്ത്രിയുടെ ബോംബ് ആരോപണമാണ് ചർച്ചയായ മറ്റൊരു വിഷയം. രാഹുൽഗാന്ധിക്കെതിരായ ജോയ്സ് ജോർജ് എം.പിയുടെ പരാമർശത്തിന് പുറമേ ഏറ്റവുമൊടുവിൽ കായംകുളത്തെ യു.ഡി.എഫ് സ്ഥാനാത്ഥിക്കെതിരായ എ.എം. ആരിഫ് എം.പിയുടെ പരാമർശവും വിവാദത്തിന് തിരി കൊളുത്തി.
മുഖ്യമന്ത്രിക്ക് ചാർത്തപ്പെട്ട ക്യാപ്റ്റൻ വിശേഷണം സി.പി.എമ്മിനകത്ത് സംവാദവിഷയമായതും കണ്ടു. വികസന, ക്ഷേമ അവകാശവാദങ്ങളിൽ ഇരുമുന്നണികളും കൊമ്പുകോർത്തത് അവസാനഘട്ടത്തിലാണ്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ഇതിൽ മുഖ്യമന്ത്രിയോട് ഏറ്റുമുട്ടാനെത്തിയത്.തലശ്ശേരിയിലെ ബി.ജെ.പി പിന്തുണ അവിടത്തെ സ്വതന്ത്രസ്ഥാനാർത്ഥി സി.ഒ.ടി. നസീറിനെന്ന് സംസ്ഥാന നേതൃത്വവും, മനസ്സാക്ഷി വോട്ടെന്ന് ജില്ലാ നേതൃത്വവും പ്രതികരിച്ചതും ആശയക്കുഴപ്പമുണ്ടാക്കി. ബി.ജെ.പി വോട്ട് വേണ്ടെന്ന് നസീർ നിലപാടെടുത്തതും ബി.ജെ.പിക്ക് വിനയായി.
മുഖ്യമന്ത്രി പറഞ്ഞ ആ 'ബോംബ്" പൊട്ടിയോ?
നിയമസഭാ തിരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണവും പിന്നിട്ടതോടെ, എല്ലാവരുമിപ്പോൾ ചോദിക്കുന്നത് മുഖ്യമന്ത്രി പറഞ്ഞ ആ 'ബോംബി'ന്റെ കാര്യം. പരസ്യപ്രചാരണം അവസാന ആഴ്ചയിലേക്ക് കടക്കവെ, കാസർകോട്ടെ പ്രചാരണ യോഗത്തിലാണ് തിരഞ്ഞെടുപ്പ് ബോംബിനെപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകിയത്. സർക്കാരിനെതിരെ വലിയ ബോംബ് അണിയറയിൽ ഒരുങ്ങുന്നുവെന്നാണ് അറിയുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ഈ നാട് ഏത് ബോംബിനെയും നേരിടാൻ തയ്യാറെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ, തിരഞ്ഞെടുപ്പ് ചർച്ചകളാകെ 'ബോംബി'ലേക്ക് കേന്ദ്രീകരിക്കുന്ന സ്ഥിതിയായി. അണിയറയിൽ നുണക്കഥകൾ ഒരുങ്ങുന്നുവെന്ന് കണ്ണൂരിലും മുഖ്യമന്ത്രി ആവർത്തിച്ചു.
ഏത് ബോംബാണ് പൊട്ടുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും, അദ്ദേഹത്തെ ഇ.ഡി ചോദ്യം ചെയ്യുന്നതാണോയെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചതോടെ, ബോംബ് വിവാദവിഷയമായി. മുല്ലപ്പള്ളി അമിത്ഷായുടെ സഹമന്ത്രിയായത് അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി അടുത്ത ദിവസം തിരിച്ചടിച്ചു. ഇന്റലിജന്റ്സ് വൃത്തങ്ങളിൽ നിന്ന് ലഭിച്ച സൂചന പ്രകാരമാകാം മുഖ്യമന്ത്രി മുൻകൂട്ടി പ്രത്യാക്രമണം നടത്തി ,പൊട്ടാനിരിക്കുന്ന ബോംബിനെ നിർവീര്യമാക്കാൻ തുനിഞ്ഞതെന്ന പ്രചാരണവും സമൂഹമാദ്ധ്യമങ്ങളിൽ അരങ്ങേറി.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടുത്ത ദിവസങ്ങളിൽ അദാനിയുമായുള്ള വൈദ്യുതി കരാർ അടക്കം ഉയർത്തിക്കാട്ടിയുള്ള അഴിമതിയാരോപണങ്ങളുയർത്തിയപ്പോൾ അതിനെ ബോംബായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളുണ്ടായി. 2018ലെ പ്രളയം മനുഷ്യനിർമ്മിതമാണെന്ന സി.എ.ജി റിപ്പോർട്ട് ഉമ്മൻചാണ്ടി പുറത്തുവിട്ടതും ആ രീതിയിലെ ചർച്ചയ്ക്ക് വഴിവച്ചു.
കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങവെ, രാഷ്ട്രീയ ബോംബ് പൊട്ടിയോ എന്ന സന്ദേഹം ബാക്കി.