nemom

തിരുവനന്തപുരം: വോട്ടർമാർ ബൂത്തുകളിലേക്ക് പോകാനിറങ്ങുമ്പോഴും വി.ഐ.പി മണ്ഡലമായ നേമത്ത് സ്ഥാനാർത്ഥികൾ തമ്മിലുള്ള വാക്പോരിന് തെല്ലും മൂർച്ചക്കുറവില്ല. പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നതിലും ഉണ്ട് ഒരു ത്രികോണമാനം.

മണ്ഡലത്തിൽ പ്രചാരണത്തിന് എത്തിയ രാഹുൽഗാന്ധി നടത്തിയ പ്രസംഗം ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ടു നേടാനുള്ള തന്ത്രമായിരുന്നുവെന്നാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ശിവൻകുട്ടി ആരോപിച്ചത്. സി.പി.എം -ബി.ജെ.പി ബന്ധമെന്ന രാഹുലിന്റെ ആരോപണം ഏശില്ലെന്നും രാഹുലിന് കേരളത്തിലെ രാഷ്ട്രീയം നല്ല അറിവില്ലെന്നും പറഞ്ഞു ശിവൻകുട്ടി.

എന്നാൽ സി.പി.എമ്മും കോൺഗ്രസും തമ്മിലുള്ള ധാരണ മറച്ചുവയ്ക്കാനുള്ള അഭിനയമാണ് രാഹുലിന്റെ പ്രസംഗം എന്നാണ് ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ പ്രതികരിച്ചത്. കേരളത്തിന് പുറത്ത് രാഹുൽ വോട്ടു പിടിക്കുന്നത് സി.പി.എമ്മിന് വേണ്ടിയാണ്. ആരു വന്നാലും നേമത്ത് ബി.ജെ.പിയുടെ വിജയത്തെ ബാധിക്കില്ലെന്നും കുമ്മനം പറഞ്ഞു.

രണ്ട് പേർക്കും കുറിക്കു കൊള്ളുന്ന മറുപടിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ നൽകിയത്. ഇടതുപക്ഷത്തിനും ബി.ജെ.പിക്കും നല്ല പരാജയ ഭീതിയുണ്ടെന്നും അതിന്റെ പേരിലുള്ള ആക്ഷേപമാണ് ഇരുവരും ഉന്നയിക്കുന്നതെന്നും എൽ.ഡി.എഫ് -ബി.ജെ.പി ഡീലാണ് നേമത്ത് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.