തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാസുരക്ഷാക്രമീകരണങ്ങളും പൂർത്തിയാക്കിയതായി പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഉൾപ്രദേശങ്ങളിൽ ജനങ്ങൾ കൂട്ടംകൂടുന്നത് തടയുന്നതിനും മറ്റ് അക്രമസംഭവങ്ങൾ കണ്ടെത്തുന്നതിനും രാവിലെ മുതൽ ഡ്രോൺ നിരീക്ഷണം നടത്തും. ഇതിന്റെ ദൃശ്യങ്ങൾ അപ്പപ്പോൾ പട്രോളിംഗ് ടീമിനും പൊലീസ് ആസ്ഥാനത്തെ ഇലക്‌ഷൻ കൺട്രോൾ റൂമിനും ലഭ്യമാക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മദ്യം കടത്തൽ കള്ളക്കടത്ത് മുതലായവ തടയുന്നതിനും മറ്റുമായി 152 അതിർത്തി കേന്ദ്രങ്ങളിൽ പ്രത്യേക പരിശോധനയും നിരീക്ഷണവും തുടങ്ങി.
ഏത് അടിയന്തര സാഹചര്യവും നേരിടാനായി 95 കമ്പനി പൊലീസ് സേന സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്. ആവശ്യമായ സ്ഥലങ്ങളിൽ കേന്ദ്ര സേനയുടെയും സേവനം വിനിയോഗിക്കും. പോളിംഗ് ബൂത്തുകൾ സ്ഥിതിചെയ്യുന്ന 13,830 സ്ഥലങ്ങളെ ബന്ധിപ്പിച്ച് 1694 ഗ്രൂപ്പ് പട്രോൾ ടീമുകൾ ഉണ്ടാകും. ഓരോ പൊലീസ് സ്റ്റേഷനും കേന്ദ്രീകരിച്ച് കേന്ദ്രസേനാംഗങ്ങൾ ഉൾപ്പെട്ട ഒരു ലാ ആൻഡ് ഓർഡർ പട്രോൾ ടീം, ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ഓരോ ഇലക്‌ഷൻ സബ് ഡിവിഷനിലും പ്രത്യേക പട്രോൾ ടീം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.നക്സൽ ബാധിതപ്രദേശങ്ങളിൽ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും തണ്ടർബോൾട്ടും 24 മണിക്കൂറും നിതാന്തജാഗ്രത പുലർത്തും. ഈ പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകൾക്കും പോളിംഗ് ബൂത്തുകൾക്കും പ്രത്യേക സംരക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്.