nemom

തിരുവനന്തപുരം: നിശബ്ദ പ്രചാരണത്തിന്റെ ഭാഗമായി വെള്ളായണി സ്റ്റുഡിയോ റോഡിൽ വോട്ട് അഭ്യർത്ഥിച്ചെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരനെയും സംഘത്തെയും ബി.ജെ.പി പ്രവർത്തകർ തടഞ്ഞതിനെച്ചൊല്ലി കോൺഗ്രസ് - ബി.ജെ.പി സംഘ‍ർഷം.

ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നേമം ഷജീറിന്റെ തലയ്‌ക്ക് പരിക്കേറ്റു. പണം കൊടുത്ത് വോട്ട് പിടിക്കാനെത്തിയെന്ന് ആരോപിച്ചായിരുന്നു ബി.ജെ.പിയുടെ ആക്രമണമെന്ന് കോൺഗ്രസ് പ്രവർത്തക‌ർ പറഞ്ഞു. മേഖലയിൽ വോട്ടുതേടാൻ അനുവദിക്കില്ലെന്ന് ബി.ജെ.പി പ്രവർത്തകർ പറഞ്ഞതോടെയാണ് ഇരുകൂട്ടരും ഏറ്റുമുട്ടിയത്. വാഹനം തടഞ്ഞ് ബോണറ്റിലും ഗ്ലാസിലും ബി.ജെ.പി പ്രവർത്തക‌ർ കല്ലെറിയുകയും ഭീഷണിപ്പെടുത്തിയെന്നും കോൺഗ്രസ് പ്രാദേശിക നേതാക്കൾ പറഞ്ഞു. സംഘർഷത്തിൽ മുരളീധരന്റെ വാഹനത്തിന് നേരിയ കേടുപാടുണ്ട്. സംഘർഷം തടയാനെത്തിയ പൊലീസുകാ‌‌രെയും ബി.ജെ.പി പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പ്രാദേശിക നേതാക്കൾക്കൊപ്പം ബൂത്ത് ക്രമീകരണവും കീ വോട്ടേഴ്സിനെ കാണാനുമാണ് മുരളീധരനെത്തിയതെന്ന് നേതാക്കൾ പറഞ്ഞു. പൊലീസ് എത്തിയാണ് വാഹനം കടത്തിവിട്ടത്. യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി പൊലീസിന് പരാതി നൽകി. ഇന്ന് രാവിലെ ഒമ്പതിന് മാദ്ധ്യമങ്ങളെ കാണുമെന്ന് കെ. മുരളീധരൻ അറിയിച്ചു.

കാശ് കൊടുത്ത് വോട്ട് വാങ്ങാനെത്തിയെന്നും പറഞ്ഞായിരുന്നു ആക്രമണം. വാഹനം

തടഞ്ഞുനിറുത്തിയ ബി.ജെ.പിക്കാർ കല്ലെറിഞ്ഞു. പ്രവർത്തകരെ അക്രമിച്ചു.

-കെ. മുരളീധരൻ

വോട്ടർമാർക്ക് പണം നൽകാനാണ് കെ. മുരളീധരനെത്തിയത്. സംഘർഷത്തിൽ ഏഴ് ബി.ജെ.പി പ്രവർത്തകർക്ക് പരിക്കേറ്റു. കെ. മുരളീധരനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം

അഡ്വ.എസ്. സുരേഷ്,​ ബി.ജെ.പി സംസ്ഥാന സെക്രട്ടറി