poll

കണ്ണൂർ: ഇടതുപക്ഷത്തിന് തുടർ ഭരണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കളും ഭരണ മാറ്റം ഉണ്ടാകുമെന്ന് യു.ഡി.എഫ്. നേതാക്കളും ഇന്നും ആവർത്തിച്ച് അവകാശവാദം ഉന്നയിച്ചു. ഈ വാക്ക് ഉറപ്പാക്കാൻ മലബാറിലെ ജനങ്ങൾ പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകുകയാണ്. ശക്തമായ പോളിംഗാണ് പാലക്കാട് മുതൽ കാസർകോട് വരെ നീളുന്ന എല്ലാ ജില്ലകളിലും നടക്കുന്നത്. ഒറ്റപ്പെട്ട അക്രമങ്ങളും യന്ത്ര തകരാറുകളും ഒഴിച്ച് നിർത്തിയാൽ മലബാറിൽ പൊതുവേ തിരഞ്ഞെടുപ്പ് സമാധാനപരമാണ്.

ആർ.സി. അമല സ്‌കൂളിൽ ഭാര്യ കമലയും കുടുംബാംഗങ്ങളോടും ഒപ്പമാണ് മുഖ്യമന്ത്രി രാവിലെ തന്നെയെത്തി വോട്ട് ചെയ്തത്. നേമത്തെ ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. മുഖ്യമന്ത്രി വോട്ട് ചെയ്യുന്ന പിണറായി സ്‌കൂളിൽ രാവിലെ വോട്ടിംഗ് തടസപ്പെട്ടിരുന്നു. യന്ത്രത്തകരാർ കാരണമാണ് വോട്ടിംഗ് തടസപ്പെട്ടത്കോടിയേരി ബാലകൃഷ്ണനും കുടുംബവും കോടിയേരി ജൂനിയർ ബേസിക് സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി. അരോളി യു.പി. സ്‌കൂളിൽ ഇ.പി. ജയരാജൻ ആദ്യവോട്ടറായി വോട്ട് ചെയ്തു. കെ. സുധാകരൻ കീഴുന്ന യു.പി. സ്‌കൂളിലും മന്ത്രി കെ.കെ. ശൈലജ പഴശ്ശി എസ്.പി. യു.പി. സ്‌കൂളിലും വോട്ട് ചെയ്തു.
ബാലുശേരിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി നടൻ ധർമ്മജനെതിരെ പോളിംഗ് ബൂത്തിൽ പ്രതിഷേധമുണ്ടായി. ശിവപുരം സ്കൂളിലെ ബൂത്തിൽ കയറിയപ്പോഴാണ് സി.പി.എം. പ്രവർത്തകർ തടഞ്ഞ് പുറത്താക്കിയത്. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രാവിലെ വടകര ചോമ്പാല എൽ.പി. സ്‌കൂളിലെ ബൂത്ത് നമ്പർ 18ൽ വോട്ട് ചെയ്തു. കോഴിക്കോട് നോർത്ത് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേശ് രാവിലെ ഈസ്റ്റ്ഹിൽ ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

പാലക്കാട് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് എൻ.ഡി.എ. സ്ഥാനാർത്ഥി ഇ. ശ്രീധരൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാവിലെ ഭാര്യയോടൊപ്പം വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിക്ക് നല്ല മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊന്നാന്നി മണ്ഡലത്തിലെ വെള്ളേരി സ്‌കൂളിലായിരുന്നു ഇ. ശ്രീധരന് വോട്ട്. വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പാലക്കാട്ടേക്ക് തിരിച്ചു.

വടകരയിൽ കൊലപാതക രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തുണ്ടാവുമെന്ന് സ്ഥാനാർത്ഥിയും ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയും ആർ.എം.പി. നേതാവുമായ കെ.കെ. രമ പറഞ്ഞു. സി.പി.എം വോട്ടുകളടക്കം ലഭിക്കുമെന്നും രമ പറഞ്ഞു.

യു.ഡി.എഫ് സെഞ്ചുറി അടിക്കുമെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആത്മവിശ്വാസം. മലബാറിൽ അതിശക്തമായ യു.ഡി.എഫ് തരംഗമാണെന്നും മുല്ലപ്പളളി പറഞ്ഞു. മലപ്പുറത്ത് 16 മണ്ഡലങ്ങളിലും ലീഗ് വിജയിക്കുമെന്ന് നേരത്തെ ലീഗും വ്യക്തമാക്കിയിരുന്നു.

കണ്ണൂർ എരമം കുറ്റൂർ പഞ്ചായത്തിലെ 143ആം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ രാവിലെ തകരാറായിരുന്നു. ഇതിന് പരിഹാരം കണ്ടതോടെ വോട്ടിംഗ് പുനഃരാരംഭിച്ചു. മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർത്ഥിയും ബി.ജെ.പി. ദേശീയ ഉപാദ്ധ്യക്ഷനുമായ എ.പി. അബ്ദുള്ളക്കുട്ടി പള്ളിക്കുന്ന് രാധാവിലാസം സ്‌കൂളിൽ വോട്ട് രേഖപെടുത്തി.

കൂത്തുപറമ്പ് എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. മോഹനൻ പതിവ് പോലെ പുത്തൂർ എൽ.പി. സ്‌ക്കൂളിൽ 83 നമ്പർ ബൂത്തിൽ ആദ്യ വോട്ടറായി ഇത്തവണയും വോട്ട് രേഖപ്പെടുത്തി. പി.ആർ കുറുപ്പ് മത്സര രംഗത്തുണ്ടായിരുന്നപ്പോൾ ബൂത്തിലെ ആദ്യവോട്ട് പി.ആർ കുറുപ്പായിരുന്നു രേഖപ്പെടുത്താറ്. ആ പതിവ് തെറ്റിക്കാതെ മകൻ മോഹനനും ബൂത്തിൽ ആദ്യവോട്ട് രേഖപ്പെടുത്തി

അഴീക്കോട് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ.വി. സുമേഷ് ചെങ്ങളായി മാപ്പിള എ.എൽ.പി. സ്‌കൂളിൽ രാവിലെ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി. ഇതിനിടെ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ 108 ബൂത്തിൽ യു.ഡി.എഫ്. ഏജന്റിന് മർദ്ദനം ഏറ്റതായി പരാതിയുണ്ട്. വാഹിദിനാണ് മർദ്ദനമേറ്റത്.

കീഴുന്ന യു.പി.സ്‌കൂൾ ബൂത്ത് 131ൽ മോണിറ്ററിന് പ്രശ്‌നം ഉണ്ടായതോടെ രാവിലെ വോട്ടിംഗ് നിറുത്തിവച്ചു. ഇതിനിടെ

കന്നിവോട്ട് ചെയ്യാനെത്തിയ യുവാവിന്റെ വോട്ട് പോസ്റ്റൽ വോട്ടായി രേഖപ്പെടുത്തിയെന്നും പരാതി ഉയർന്നിട്ടുണ്ട്. ഉദുമ മണ്ഡലത്തിലെ പുല്ലൂരിലാണ് സംഭവം. 172 നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ മിഥുന്റെ വോട്ടാണ് തപാൽ വോട്ട് ചെയ്തവരുടെ പട്ടികയിൽ പേരുള്ളതിനാൽ വോട്ട് നിഷേധിക്കപ്പെട്ടത്.

വെബ്കാസ്റ്റിംഗ്, പോൾ മോണിറ്ററിംഗ്

കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി
നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 738 ബൂത്തുകളിൽ ലൈവ് വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തി. ഡി.ഡി.പി ഹാളിലാണ് പോൾ മോണിറ്ററിംഗ് കൺട്രോൾ റൂം. 87 ഉദ്യോഗസ്ഥരെയാണ് വെബ് വ്യൂയിംഗ് ചുമതലയ്ക്കായി നിയമിച്ചത്. 10 പേരെ പോൾ മോണിറ്ററിംഗിനും രണ്ട് പേരെ ഡെസിഗ്‌നേറ്റഡ് ഓഫീസർമാരായും നിയമിച്ചു. കാസർകോട് സിവിൽസ്റ്റേഷൻ കോമ്പൗണ്ടിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ കൺട്രോൾ റൂമിൽ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു, പൊലീസ് ഒബ്‌സർവർ വാഹിനി സിംഗ്, ജില്ലാ പൊലീസ് മേധാവി പി.ബി. രാജീവ് എന്നിവർ ജില്ലയിലെ ബൂത്തുകളിലെ സ്ഥിതിഗതികൾ തൽസമയം നിരീക്ഷിക്കുന്നുണ്ട്.


വികസന പ്രവർത്തനങ്ങൾ അംഗീകരിക്കപ്പെടും;

ഭരണത്തുടർച്ച ഉറപ്പ്: മന്ത്രി ഇ.പി. ജയരാജൻ


കേരളത്തിൽ തുടർഭരണമുണ്ടാകുമെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. എൽ.ഡി.എഫ് അധികാരത്തിൽ വരും. വികസന പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാകും. എൽ.ഡി.എഫിന് ചുരുങ്ങിയത് 100 സീറ്റ് ലഭിക്കും. കണ്ണൂരിൽ 11 സീറ്റും ലഭിക്കും. ഇടതുപക്ഷ അനുകൂല തരംഗമാണ് കേരളത്തിലെന്നും ഇ.പി. ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രചാരണം പ്രതീക്ഷയും ആവേശവും ജനങ്ങളിൽ നിറച്ചു. വികസനം തകർക്കാൻ ശ്രമിക്കുന്നവർക്ക് എതിരെ ശക്തമായ വിധിയുണ്ടാകുമെന്നും ഇ.പി. ജയരാജൻ പറഞ്ഞു. മന്ത്രി. ഇ.പി. ജയരാജൻ കുടുംബ സമേതമാണ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്. അരോളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്. ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി സജികുറ്റിയാനിമറ്റം വെള്ളാട് ഗവ. യു.പി. സ്‌കൂളിലെ 62 നമ്പർ ബൂത്തിലെത്തി രാവിലെ തന്നെ വോട്ട് ചെയ്തു.