കാലിക്കടവ്: യു.ഡി.എഫ്. പോളിംഗ് ഏജന്റിന് മർദ്ദനമേറ്റു. പിലിക്കോട് പഞ്ചായത്തിലെ വെള്ളച്ചാൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ ബൂത്ത് നമ്പർ 127 ൽ നിന്നും മർദ്ദനമേറ്റ യു.ഡി.എഫ് പോളിംഗ് ഏജന്റും കേരള കോൺഗ്രസ് കാസർകോട് ജില്ലാ സെക്രട്ടറിയുമായ ജെയിംസ് മാരൂരി(43)നെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യു.ഡി.എഫ്. സ്ഥാനാർത്ഥി എം.പി. ജോസഫിനായി ഈ ബൂത്തിൽ ജെയിംസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. മോക് പോളിംഗിൽ പങ്കെടുത്ത് മൂന്ന് വോട്ട് ചെയ്ത ശേഷം എൽ.ഡി.എഫ് ഏജന്റുമാർ തന്നെ മർദ്ദിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. സ്ഥാനാർത്ഥി എം.പി. ജോസഫ്, ഡി.സി.സി. പ്രസിഡന്റ് കെ.കെ. രാജേന്ദ്രൻ, മുസ്ലീം ലീഗ് മണ്ഡലം സെക്രട്ടറി എം.ടി.പി. കരീം എന്നിവർ ജെയിംസിനെ ആശുപത്രിയിൽ സന്ദർശിച്ചു. തിരഞ്ഞെടുപ്പ് നടപടികൾ കൃത്രിമത്തിന് കൂട്ടുനിന്ന പോളിംഗ് ഉദ്യോഗസ്ഥരെ സസ്‌പെൻസ് ചെയ്യണമെന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥി എം.പി. ജോസഫ് വരണാധികാരിയോടും തിരഞ്ഞെടുപ്പ് നിരീക്ഷകനോടും ആവശ്യപ്പെട്ടു.