murali

തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി.മുരളീധരൻ ഭാര്യ ഡോ.ജയശ്രീക്കൊപ്പം ഉള്ളൂർ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപത്തുള്ള കൊട്ടാരം പോളിംഗ് ബൂത്തിലും കഴക്കൂട്ടം എൽ.ഡി.എഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ കരിക്കകം സ്കൂളിലും വോട്ട് രേഖപ്പെടുത്തി.

കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ.ആന്റണിക്കും യു.ഡി.എഫ് കൺവീനർ എം.എം. ഹസനും ജഗതി യു.പി.എസിലെ 92 ാം ബൂത്തിലായിരുന്നു വോട്ട്. എ.കെ. ആന്റണിക്കൊപ്പം ഭാര്യ എലിസബത്ത്, മക്കൾ അനിൽ ആന്റണി,അജിത് ആന്റണി എന്നിവരും ഉണ്ടായിരുന്നു. തൃശൂർ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ്ഗോപി ശാസ്തമംഗലം ആർ.കെ.ഡി എൻ.എസ്.എസ് സ്കൂളിലാണ് വോട്ടിട്ടത്. നേമത്തെ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ഫോർട്ട് ഹൈസ്‌കൂളിലും യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ ജവഹർനഗർ എൽ.പി.എസിലും വോട്ട് രേഖപ്പെടുത്തി. വി.എം. സുധീരൻ കുന്നുകുഴി യു.പി.എസിലും, ഡോ. ശശി തരൂർ എം.പി, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവർ കോട്ടൺഹിൽ സ്‌കൂളിലും വോട്ടു ചെയ്തു. ഭാര്യ മധുമിത, മകൻ അനിതേജ് എന്നിവ‌ർക്കൊപ്പമാണ് ഡി.ജി.പി എത്തിയത്. മകന്റെ കന്നിവോട്ടായിരുന്നു. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്.രാമചന്ദ്രൻപിള്ള പി.എം. ജി.സിറ്റി സ്‌കൂളിലും, എം.എ. ബേബി പുത്തൻചന്ത ഗവ.യു.പി.എസിലും, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ പട്ടം ഗവ. ഗേൾസ് സ്‌കൂളിലും വോട്ടു ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടില്ലാതിരുന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പൂജപ്പുര എൽ.ബി.എസ് കേന്ദ്രത്തിലെ ബൂത്തിലും ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ ജവഹർനഗർ എൽ.പി.എസിലും വോട്ട് രേഖപ്പെടുത്തി.