russia

ആർട്ടിക് മേഖലയിൽ സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിച്ച് റഷ്യ. അതിശക്തമായ പ്രഹര ശേഷിയുള്ള സൈനിക ആയുധങ്ങളുടെ വലിയ നിര റഷ്യ ഇവിടെ ശേഖരിക്കുന്നതായാണ് റിപ്പോർട്ട്. 'സൂപ്പർ - വെപ്പൺ" എന്ന അപരനാമത്തിൽ അറിയപ്പെടുന്ന 'പോസിഡോൺ 2M39" എന്ന സ്റ്റെൽത്ത് ടോർപ്പിഡോ ഉൾപ്പെടെയുള്ള ഉഗ്ര ശേഷിയുള്ള ഹൈടെക് ആയുധങ്ങളാണ് ആർട്ടിക്കിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന മിലിട്ടറി ബേസിൽ സംഭരിക്കുന്നത്.

ഉപഗ്രഹ ചിത്രങ്ങൾ സഹിതം ഒരു അന്താരാഷ്ട്ര മാദ്ധ്യമമാണ് വാർത്ത പുറത്തുവിട്ടത്. ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന പോസിഡോൺ ടോർപ്പിഡോകൾക്ക് തീരദേശ മേഖലകളിൽ കനത്ത നാശം വിതയ്ക്കാനുള്ള ശേഷിയുണ്ട്. പോസിഡോണിന്റെ ഏതാനും പരീക്ഷണ ഘട്ടങ്ങളും ഇവിടെ നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. റഷ്യൻ നാവികസേനയുടെ ബാലിസ്റ്റിക് മിസൈൽ ന്യൂക്ലിയർ അന്തർവാഹിനികൾ നേരത്തെ ആർട്ടിക് പ്രദേശത്തെത്തിയിരുന്നു.

'റേഡിയോ ആക്ടീവ് സുനാമി' എന്നാണ് പോസിഡോണിന്റെ പ്രഹര ശേഷിയെ ഗവേഷകർ വിശേഷിപ്പിക്കുന്നത്. നാവിക കേന്ദ്രങ്ങൾ, അന്തർ വാഹിനികൾ, തീരദേശ സൈനിക കേന്ദ്രങ്ങൾ തുടങ്ങിയവയെ സുനാമി പോലെ തകർക്കാൻ ശേഷിയുള്ള പോസിഡോണിന് 100 മെഗാടണ്ണോളം ഭാരവാഹക ശേഷിയുണ്ട്. അമേരിക്കയ്ക്കുള്ള മുന്നറിയിപ്പായി റഷ്യയുടെ നീക്കത്തെ ചിലർ വിലയിരുത്തുന്നുണ്ട്.

മാക്സർ എന്ന സ്വകാര്യ കമ്പനിയാണ് ആർട്ടിക്കിലെ റഷ്യൻ ബേസുകളുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. ഭൂഗർഭ സംഭരണ കേന്ദ്രങ്ങളും മഞ്ഞു മൂടിയ ഈ പ്രദേശത്ത് നിർമ്മിച്ചിട്ടുള്ളതായി ചിത്രങ്ങളിൽ വ്യക്തമാകുന്നു. അമേരിക്കയുടെ അലാസ്കൻ തീരത്തിന് സമീപമാണ് റഷ്യൻ സൈനിക കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ബോംബറുകൾ, ജെറ്റ് വിമാനങ്ങൾ, റഡാർ സിസ്റ്റങ്ങൾ തുടങ്ങിയവയും റഷ്യ ഇവിടെ വിന്യസിച്ചിട്ടുണ്ട്.

അതേ സമയം, ഉപഗ്രഹ ചിത്രങ്ങളിൽ കാണുന്ന സൈനിക താവളങ്ങൾ പൂർണമായും റഷ്യയുടെ പരിധിയിൽ വരുന്ന ഭൂപ്രദേശത്ത് തന്നെയാണ്. അതിനാൽ യു.എസിനോ മറ്റ് രാജ്യങ്ങൾക്കോ അതിനെ ചോദ്യം ചെയ്യാൻ കഴിയില്ല. എന്നാൽ, ആർട്ടിക് പ്രദേശങ്ങളിൽ നിയന്ത്രണം സ്ഥാപിക്കാൻ റഷ്യ തങ്ങളുടെ ശക്തി ഉപയോഗിച്ചേക്കുമെന്ന് യു.എസ് അധികൃതർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ നവംബറിൽ സിർകോൺ ആന്റി - ഷിപ്പ് ഹൈപ്പർ സോണിക് ക്രൂസ് മിസൈലിന്റെ പരീക്ഷണം വിജയകരമായി നടത്തിയതായി റഷ്യ അറിയിച്ചിരുന്നു. ലോകത്ത് തന്ത്രപ്രധാനമായ ശക്തിയായി മാറുമെന്ന് 2018ൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ച പുതുതലമുറ ആയുധങ്ങളിൽ ഉൾപ്പെടുന്നവയാണ് പോസിഡോണും സിർകോണും.

സോവിയറ്റ് കാലഘട്ടത്തിലെ വ്യോമത്താവളങ്ങളും റഡാർ കേന്ദ്രങ്ങളും റഷ്യ ദ്രുതഗതിയിൽ നവീകരിക്കുന്നതായും റിപ്പോർട്ടുണ്ട്. ആർട്ടിക്കിലെ ആയുധ പരീക്ഷണങ്ങളെ പറ്റിയുള്ള വാർത്തകളോട് റഷ്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേ സമയം, ആർട്ടിക് മേഖലയിലെ തങ്ങളുടെ ലക്ഷ്യങ്ങൾ സാമ്പത്തികവും സമാധാനപരവുമാണെന്ന് റഷ്യ മുമ്പ് വാദിച്ചിരുന്നു.