editorial

അധികാരം അഴിമതിക്കുള്ള ലൈസൻസായി കരുതുന്ന ഭരണാധികാരികൾക്ക് ലോകത്തൊരിടത്തും ഒട്ടും കുറവില്ലാത്ത കാലമാണിത്. മഹാരാഷ്ട്രയിൽ ആഭ്യന്തരമന്ത്രിയായിരുന്ന അനിൽ ദേശ്‌മുഖ് കഴിഞ്ഞ ദിവസം രാജിവയ്ക്കാൻ നിർബന്ധിതനായതും അഴിമതി കാരണമാണ്. ബാറുകാരിൽ നിന്ന് പ്രതിമാസം നൂറു കോടി രൂപ പിരിച്ചുനൽകണമെന്ന് പൊലീസുകാർക്ക് രഹസ്യ നിർദ്ദേശം നൽകി എന്ന ആരോപണമാണ് ദേശ്‌മുഖിന്റെ കസേര തെറിപ്പിച്ചത്. മുംബയ് പൊലീസിലെ മുൻ കമ്മിഷണർ പരംബീർ സിംഗ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ദേശ്‌മുഖിനെതിരെ ഗുരുതരമായ ആരോപണമുന്നയിച്ചിരുന്നു.

മന്ത്രി അധികാരസ്ഥാനത്തിരുന്നുകൊണ്ട് തെറ്റുചെയ്യാൻ പൊലീസിനെ പ്രേരിപ്പിക്കുകയാണെന്ന് ഹർജിയിൽ ബോധിപ്പിച്ചിരുന്നു. ഉന്നത അന്വേഷണ ഏജൻസിയെക്കൊണ്ട് ഇത് അന്വേഷിപ്പിക്കാൻ ഉത്തരവിടണമെന്നും അപേക്ഷിച്ചിരുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി അഴിമതി ആരോപണത്തെക്കുറിച്ച് പതിനഞ്ചു ദിവസം കൊണ്ട് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സി.ബി.ഐയോട് നിർദ്ദേശിച്ചിരിക്കുകയാണ്. ഗത്യന്തരമില്ലാതെ മന്ത്രിസ്ഥാനം രാജി വയ്ക്കാൻ അദ്ദേഹം നിർബന്ധിതനുമായി. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ പോകുമെന്ന് സംസ്ഥാന സർക്കാരും ദേശ്‌മുഖും വ്യക്തമാക്കിക്കഴിഞ്ഞു.

അഴിമതിയുടെ തോത് എത്രകണ്ടു കൂടുന്നോ അവരുടെ നിയമ പോരാട്ടങ്ങളും ഉന്നത നിലയിൽത്തന്നെയാകുമല്ലോ. ഏതറ്റം വരെയും കേസുമായി നടക്കാൻ പണത്തിനും ക്ഷാമമില്ലല്ലോ. രാജ്യത്ത് ലഭ്യമായതിൽ വച്ചേറ്റവും മുന്തിയ നിയമ സഹായവും കൂട്ടിനുണ്ടാകും. രാജ്യത്തെയും ജനങ്ങളെയും പറ്റിച്ച് കള്ള സമ്പാദ്യം കുന്നുകൂട്ടുന്ന സകല അഴിമതി വീരന്മാരുടെയും കഥ പരിശോധിച്ചാൽ ബോദ്ധ്യപ്പെടുന്ന കാര്യമാണത്. അനിൽ ദേശ്‌മുഖിനെതിരെ ഉയർന്നിരിക്കുന്ന ആരോപണം അത്യസാധാരണമെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്.

ആഭ്യന്തരമന്ത്രി പദത്തിലിരുന്നുകൊണ്ട് തന്റെ കീഴിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനോട് ബാറുകൾ, പബ്ബുകൾ, വൻകിട ഹോട്ടലുകൾ, ഹുക്ക പാർലറുകൾ എന്നിവിടങ്ങളിൽ നിന്ന് എല്ലാ മാസവും നൂറു കോടി രൂപ പിരിച്ചുനൽകാനാണ് ഒരു നാണവുമില്ലാതെ മന്ത്രി ആവശ്യപ്പെട്ടതത്രെ. അസിസ്റ്റന്റ് ഇൻസ്പെക്ടർ സച്ചിൻ വാസെയാണ് മന്ത്രി ഇതിനായി ചുമതലപ്പെടുത്തിയത്. അധോലോക സംഘത്തെ അനുസ്മരിപ്പിക്കുന്നതാണ് കൂട്ടുകക്ഷി സർക്കാരിലെ ആഭ്യന്തരമന്ത്രിയുടെ പ്രവർത്തന ശൈലി. കോഴ പിരിക്കാൻ മന്ത്രി നിയോഗിച്ച അസിസ്റ്റന്റ് ഇൻസ്‌പെക്ടർ വാസെ നേരത്തെ തന്നെ കുപ്രസിദ്ധനാണ്. വ്യവസായി അംബാനിയുടെ വസതിക്കു മുൻപിൽ സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ച വാഹനം കണ്ട സംഭവവുമായി ബന്ധപ്പെട്ട് ഇയാൾ എൻ.ഐ.എയുടെ പിടിയിലാണ്.

വിലപേശിയാണ് ദേശ്‌മുഖ് ഇത്തവണ ആഭ്യന്തരമന്ത്രിപദം തന്നെ കൈക്കലാക്കിയത്. സ്വന്തം പാർട്ടി നേതാവായ ശരദ്‌പവാറിന്റെ ഇടപെടലും അതിനു സഹായിച്ചു. അധികാര സ്ഥാനത്തിരിക്കെ അധാർമ്മികമായി ഒന്നും ചെയ്യുകയില്ലെന്നു ഭരണഘടന തൊട്ടു സത്യപ്രതിജ്ഞ ചെയ്യുന്നവർ പിന്നീട് കാട്ടിക്കൂട്ടുന്ന നിയമവിരുദ്ധ പ്രവൃത്തികൾ കണ്ടാൽ ജനം കണ്ണുപൊത്തേണ്ട സ്ഥിതിയാണ്. ജനാധിപത്യം പണാധിപത്യത്തിനു വഴിമാറുമ്പോൾ അഴിമതിയും മാനം മുട്ടെ ഉയരുമെന്നതിന്റെ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും രാജ്യത്ത് ഇന്നു കാണാനാകും. അഴിമതി ആരോപണങ്ങൾ ഉയരുമ്പോൾ രാഷ്ട്രീയപ്രേരിതമെന്നു മുദ്ര‌യടിച്ച് തള്ളും. കൈയോടെ പിടികൂടിയാലും ശിക്ഷിക്കപ്പെടണമെങ്കിൽ വർഷങ്ങൾ തന്നെ എടുക്കും. അത്രയേറെ ശ്രമകരമാണ് ഓരോ ചുവടും. അഴിമതിയിലൂടെ കൂട്ടിവയ്ക്കുന്ന അളവറ്റ സമ്പാദ്യത്തിന്റെ ചെറിയൊരു അംശം മതി നിയമത്തിന്റെ ഓരോ കടമ്പയും കടക്കാൻ.

വന്നുവന്ന് സമൂഹവും ഏറ്റവും വലിയ അഴിമതി വീരനെ തൊഴുകൈയോടെ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്ന സ്ഥിതിയാണിപ്പോൾ. തിരഞ്ഞെടുപ്പുകളിൽ ഒഴുകുന്ന കള്ളപ്പണത്തിന്റെ വലിപ്പം ജനങ്ങൾ നേരിട്ടു കണ്ടുകൊണ്ടിരിക്കുകയാണ്. പ്രചാരണച്ചെലവിനു പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഓരോ സ്ഥാനാർത്ഥിയും അതിന്റെ എത്രയോ മടങ്ങ് മുടക്കിയാണ് വോട്ടിംഗ് ദിനം വരെ എത്തുന്നത്. മുടക്കിയ പണം തിരിച്ച് കിട്ടണമെന്നു ആർക്കാണ് ഇന്നത്തെക്കാലത്ത് ആഗ്രഹമില്ലാത്തത്. അഴിമതി അവിടെ ജന്മമെടുക്കുകയാണ്. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയെപ്പോലുള്ള എന്തിനും പോന്നവർ പൊലീസുകാരെ വച്ച് നേരിട്ടു പിരിവിനിറങ്ങുമെങ്കിൽ പലരും രഹസ്യമായി അതിനുള്ള വഴികൾ നോക്കും. ജനാധിപത്യത്തിന്റെ വില കെടുത്തുന്ന ഇത്തരക്കാരെ വല്ലപ്പോഴുമെങ്കിലും മുഖംമൂടി വലിച്ചുകീറി ജനങ്ങളുടെ മുമ്പിൽ നിറുത്താൻ സഹായിക്കുന്നത് നീതിപീഠങ്ങളാണ്.

തിരഞ്ഞെടുപ്പുകളിൽ പണാധിപത്യം ഇല്ലാതാകണമെങ്കിൽ ചെലവ് പൂർണമായും ഭരണകൂടം വഹിക്കുന്ന സ്ഥിതി ഉണ്ടാകണം. ഈ നിർദ്ദേശം മുന്നേതന്നെ ഉള്ളതാണെങ്കിലും രാഷ്ട്രീയ കക്ഷികൾക്ക് പൊതുവേ താത്‌പര്യക്കുറവാണ്. രാജ്യം സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ടാകുമ്പോഴും ആരോഗ്യകരമായ നിലയിൽ തിരഞ്ഞെടുപ്പു രീതികൾ വളർന്നിട്ടില്ലെന്നത് വലിയ കുറവു തന്നെയാണ്. വോട്ടർമാരെ സ്വാധീനിക്കാൻ ഏതെല്ലാം വഴികളാണ് പരീക്ഷിക്കുന്നത്.

തമിഴ്‌നാട്ടിൽ ഈ തിരഞ്ഞെടുപ്പുകാലത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ 500 കോടി രൂപയുടെ കള്ളപ്പണം പിടിച്ചുവെന്നാണു റിപ്പോർട്ട്. വോട്ടർമാർക്ക് വീതിച്ചു നൽകാൻ ശേഖരിച്ചുവച്ചതാണിത്. യഥാർത്ഥത്തിൽ ഒളിച്ചു സൂക്ഷിച്ച കള്ളപ്പണത്തിന്റെ ചെറിയൊരു ഭാഗമാണ് അധികൃതരുടെ കൈയിൽ പെട്ടത്. എത്രയോ കോടി വോട്ടിനു പാരിതോഷികമായി വിതരണം ചെയ്യപ്പെട്ടിരിക്കും. ഡി.എം.കെ നേതാവിന്റെ പുത്രിയുടെ വസതിയിൽ നിന്നു വരെ അനധികൃത പണം പിടിച്ചുവെന്നു വാർത്തയുണ്ടായിരുന്നു. അധികാരം പിടിക്കാനുള്ള പോരാട്ടത്തിൽ എപ്പോഴും നിർണായക സ്വാധീനം ചെലുത്തുന്നത് കള്ളപ്പണമാണെന്നു വന്നാൽ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്ക വർദ്ധിക്കുകയാണ്.