japan

വെറൈറ്റി പഴങ്ങളുടെ പേരിലും പ്രസിദ്ധമാണ് ജപ്പാൻ. സ്ട്രോബറി, മുന്തിരി, ഓറഞ്ച് തുടങ്ങിയ പഴങ്ങളുടെ വൈവിദ്ധ്യമാർന്നയിനങ്ങൾ ജപ്പാനിലുണ്ട്. പൊള്ളുന്ന വിലയാണെങ്കിലും വിദേശമാർക്കറ്റുകളിൽ ഇവയ്ക്ക് ഡിമാൻഡേറെയാണ്. ചില ഇനങ്ങൾ വിദേശരാജ്യങ്ങളിലും ഇപ്പോൾ വളർത്തുന്നുണ്ട്.

ജാം, ജെല്ലി, ഡിസേർട്ടുകൾ തുടങ്ങിയ വിഭവങ്ങളിലൂടെ ഷെഫുകൾക്കിടെയിൽ പ്രിയങ്കരനാണ് ജപ്പാൻ സ്വദേശിയായ ' ഡെക്കോപ്പോൺ '. എന്നാൽ ജപ്പാന് പുറത്ത് ' സുമോ സിട്രസ് ഓറഞ്ച് ( പ്രധാനമായും വടക്കേ അമേരിക്കയിൽ ) എന്നാണ് അറിയപ്പെടുന്നു. കണ്ടാൽ നമ്മുടെ നാട്ടിലെ ഓറഞ്ചിനെ പോലെയാണ്. പക്ഷേ, ആകൃതിയിലും സ്വഭാവത്തിലുമൊക്കെ വ്യത്യാസങ്ങളേറെയാണ് മാൻഡരിൻ ഓറഞ്ചിന്റെ കുടുംബത്തിൽപ്പെട്ട ഈ സിട്രസ് ഫലം. വലിപ്പം കൂടിയ പുറംഭാഗവും മുകളിൽ ചെറിയ ഉരുണ്ട ഭാഗവുമുണ്ട്. കാഴ്ചയിൽ ജപ്പാനിലെ സുമോ ഗുസ്തിക്കാരുടെ മുഖം സ്മരിപ്പിക്കുന്നതിനാലാണ് പാശ്ചാത്യർ ഇവയ്ക്ക് സുമോ ഓറഞ്ച് എന്ന പേര് നൽകിയത്.

1970കളിലാണ് ജപ്പാനിൽ സുമോ ഓറഞ്ച് വികസിപ്പിച്ചത്. നാരക വർഗ്ഗത്തിൽപ്പെട്ട കിയോമി, പോങ്കോൻ സിട്രസ് എന്നിവയുടെ സങ്കരയിനമാണിത്. വളരെ മധുരമുള്ള സുമോ ഓറഞ്ച് ജപ്പാനിലെ ശൈത്യകാലയളവായ ഡിസംബർ മുതൽ ഫെബ്രവരി മാസങ്ങൾക്കിടെ മാത്രമേ വളരുകയുള്ളു. ഉള്ളിൽ വിത്തുകളില്ലാത്ത സുമോ ഓറഞ്ചുകളുടെ തൊലി വളരെ എളുപ്പത്തിൽ വേർപ്പെടുത്താനാകും. അടുത്തിടെ ഇൻസ്റ്റഗ്രാമിലൂടെയും മറ്റും വൈറലായ സുമോ സിട്രസ് ഓറഞ്ച് ഇപ്പോൾ അമേരിക്കയ്ക്ക് പുറമേ ഓസ്ട്രേലിയൻ സൂപ്പർമാർക്കറ്റുകളിലും വ്യാപകമായിക്കഴിഞ്ഞു.