തിരുവനന്തപുരം: എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി സിനിമാസ്റ്റൈലിൽ തൃശൂരിൽ പറന്നിറങ്ങി താൻ മത്സരിക്കുന്ന ബൂത്തുകൾ സന്ദർശിച്ച് തിരിച്ച് തിരുവനന്തപുരത്തെത്തി വോട്ടിട്ടു. ഇന്നലെ രാവിലെ ആറരയ്ക്കാണ് സുരേഷ്ഗോപി തിരുവനന്തപുരത്തുനിന്ന് ഹെലിക്കോപ്ടറിൽ തൃശൂരെത്തിയത്. അവിടെ പ്രവർത്തകർക്കൊപ്പം ബൂത്തുകൾ സന്ദർശിച്ചു. ഉച്ചയോടെ തിരിച്ച് തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിലിറങ്ങി. ഒന്നരയ്ക്ക് ശാസ്തമംഗലം എൻ.എസ്.എസ് ഹൈസ്കൂളിൽ വോട്ട് ചെയ്തു.
തൃശൂരിൽ പൊരിഞ്ഞ പോരാട്ടം നടക്കുന്നിടത്തെ പ്രധാന ബൂത്തുകൾ സന്ദർശിച്ച സുരേഷ് ഗോപിക്ക് വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് വോട്ട്.
തൃശൂരിൽ തൻെറ സാന്നിദ്ധ്യം അറിയിക്കാനും തിരുവനന്തപുരത്ത് വോട്ടിടാനുമാണ് ഹെലിക്കോപ്ടർ വാടകയ്ക്കെടുത്ത് യാത്ര നടത്തിയത്. വോട്ടിട്ടിറങ്ങിയ സുരേഷ് ഗോപി മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി. തൃശൂരിലെ മത്സരത്തെക്കുറിച്ചും ബി.ജെ.പിയുടെ പ്രകടനത്തെക്കുറിച്ചും ചോദ്യങ്ങളുണ്ടായെങ്കിലും പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് കാറിൽ ശാസ്തമംഗലത്തെ വീട്ടിലേക്ക് പോയി.