
തിരുവനന്തപുരം: കടലോളം ആവേശം അലതല്ലി തീരദേശത്തെ വോട്ടിംഗ് ദിനം. കൊവിഡ് സാഹചര്യത്തിൽ ബൂത്തുകളുടെ എണ്ണം കൂടുതലായതിനാൽ മുൻ തിരഞ്ഞെടുപ്പുകളിലേതുപോലെ ബൂത്തുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടില്ലെന്ന് മാത്രം. രാവിലെ പോളിംഗ് ബൂത്ത് തുറന്നപ്പോൾ തന്നെ വോട്ട് ചെയ്യാൻ സ്ത്രീകളടക്കം എത്തിയിരുന്നു. കോവളം, തിരുവനന്തപുരം, നേമം, കഴക്കൂട്ടം എന്നിവയാണ് നഗരത്തിലെ തീരദേശമടങ്ങുന്ന മണ്ഡലങ്ങൾ. ഇതിൽ തിരുവനന്തപുരം മണ്ഡലത്തിൽ മാത്രമാണ് പോളിംഗ് ശതമാനത്തിൽ അല്പം കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ടുകൾ ഇത്തവണ തീരദേശത്ത് പോൾ ചെയ്‌തെന്ന് അധികൃതർ പറഞ്ഞു. ഉച്ചയ്ക്ക് 12 വരെ മിക്ക ബൂത്തുകളിലും മികച്ച പോളിംഗായിരുന്നു. പിന്നീട് വൈകിട്ട് മൂന്ന് വരെ മന്ദഗതിയിലായിരുന്നു പോളിംഗ്. വെയിൽ കുറഞ്ഞതോടെ തിരക്ക് വീണ്ടും കൂടി.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഒരു ബൂത്തിൽ 700 വോട്ടെന്ന് നിജപ്പെടുത്തിയിരുന്നു. പ്രശ്‌നബാധിത ബൂത്തുകളിലെ സുരക്ഷയ്ക്ക് കേന്ദ്രസേനയും പൊലീസുമുണ്ടായിരുന്നു. ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദവും പ്രകടന പത്രികയിൽ പ്രഖ്യാപിച്ച പ്രത്യേക പാക്കേജും കടൽഭിത്തി നിർമ്മാണവുമൊക്കെ യു.ഡി.എഫ് മേൽക്കൈയായി കാണുന്നു. കൊവിഡ് കാലത്തെ സൗജന്യ ഭക്ഷ്യക്കിറ്റും ക്ഷേമ പെൻഷൻ വിതരണവുമൊക്കെയാണ് എൽ.ഡി.എഫ് പ്രചാരണ ആയുധമാക്കിയത്. രണ്ട് മുന്നണികളെയും വിമർശിച്ച് വികസനം കൊണ്ടുവരുമെന്ന പ്രഖ്യാപനവുമായി ബി.ജെ.പിയും രംഗത്തുണ്ടായിരുന്നു. തീരദേശമേഖല അനുകൂലമായി വിധിയെഴുതുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ.