നാഗർകോവിൽ: നിയമസഭയിലേക്കും ലോക്സഭയിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ കന്യാകുമാരിയിൽ കനത്ത പോളിംഗ്. ഇന്നലെ വൈകിട്ട് ആഞ്ച് വരെ 62.41 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം കന്യാകുമാരി ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പുമാണ് ഇന്നലെ നടന്നത്.
വോട്ടിഗ് തുടങ്ങിയപ്പോൾ പോളിംഗ് കുറവായിരുന്നെങ്കിലും രാവിലെ ഒമ്പത് കഴിഞ്ഞതോടെ പോളിംഗ് ബൂത്തുകളുടെ മുന്നിൽ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായി. കന്യാകുമാരി ലോക് സഭയിൽ എൻ.ഡി.എ സ്ഥാനാർത്ഥി മുൻ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനും അന്തരിച്ച വസന്തകുമാർ എം.പിയുടെ മകൻ വിജയ്വസന്തിനുമാണ് മത്സരിക്കുന്നത്. പൊൻ രാധാകൃഷ്ണൻ രാവിലെ ഒമ്പതിന് നാഗർകോവിൽ എസ്.എൽ.ബി ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ബൂത്തിൽ വോട്ടിട്ടു. വിജയ് വസന്തിന് ചെന്നൈയിലായിരുന്നു വോട്ട്. നിയമസഭയിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളും അതത് ബൂത്തുകളിൽ വോട്ടിട്ടു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിരുന്നത്. ബൂത്തുകളുടെ എണ്ണവും കൂട്ടിയിരുന്നു. ഒരു ബൂത്തിൽ പരമാവധി 1000 പേർക്ക് മാത്രമാണ് വോട്ടിംഗ് സൗകര്യം ഒരുക്കിയിരുന്നത്.