തിരുവനന്തപുരം:ശബരിമല കയറിയും ആഴക്കടലിൽ മുങ്ങിയും തിരഞ്ഞെടുപ്പിന് കാറും കോളും പകർന്ന
കേരളരാഷ്ട്രീയം വോട്ടെടുപ്പ് ദിവസം കത്തിക്കയറിയത് ശബരിമലയിൽ.രാവിലെ വോട്ട് രേഖപ്പെടുത്തിയശേഷം എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നടത്തിയ പ്രതികരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കയറിപ്പിടിച്ചതോടെ മുൻനിര നേതാക്കളുടെ പ്രതികരണങ്ങളുടെ പ്രവാഹമായി. വോട്ടെടുപ്പിനെ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമെന്ന നിലയിൽ പ്രചരിപ്പിച്ചെന്നാരോപിച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ മന്ത്രി എ.കെ. ബാലൻ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതോടെ വിവാദം മുറുകി.
ശബരിമല പ്രക്ഷോഭത്തിന് മുമ്പേ ഇടതുസർക്കാരിനോട് ഇടഞ്ഞ് തുടങ്ങിയ എൻ.എസ്.എസ് ജനറൽ സെക്രട്ടറി, സമദൂരവും ശരിദൂരവും ഉപേക്ഷിച്ച് നിലപാട് തുറന്നടിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിനുശേഷം ഭരണമാറ്റമുണ്ടാകണമെന്നും മതേതരത്വവും സാമൂഹ്യനീതിയും വിശ്വാസവും കാത്തുസൂക്ഷിക്കുന്നവർക്ക് വോട്ട് ചെയ്യണമെന്നുമാണ് സുകുമാരൻ നായർ പറഞ്ഞത്.
തുടർഭരണം തിരഞ്ഞെടുപ്പ് വിഷയമാക്കിയ മുഖ്യമന്ത്രി ധർമ്മടത്ത് ഉടൻ പ്രതികരിച്ചു.
അയ്യപ്പസ്വാമി അടക്കമുള്ള ദേവഗണങ്ങളെല്ലാം ജനങ്ങൾക്ക് ഗുണം ചെയ്യുന്ന ഇടതു സർക്കാരിനൊപ്പമുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.ശബരിമലപ്രശ്നത്തിൽ സുപ്രീംകോടതിയിലെ സത്യവാങ്മൂലം പിൻവലിക്കുന്നതിൽപോലും നിഷേധാത്മക നിലപാടെടുത്ത മുഖ്യമന്ത്രി പറയുന്നത് ആര് വിശ്വസിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തിരിച്ചടിച്ചു.
സുകുമാരൻ നായരുടെ പ്രസ്താവന അനവസരത്തിലാണെന്നും ഇങ്ങനെയൊരു നിലപാട് ഉണ്ടായിരുന്നെങ്കിൽ അതു നേരത്തേ വ്യക്തമാക്കേണ്ടതായിരുന്നുവെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രതികരിച്ചു.ദൈവങ്ങൾക്ക് വോട്ടുണ്ടായിരുന്നെങ്കിൽ ഇത്തവണ എല്ലാ വോട്ടും ഇടതുപക്ഷത്തിനു കിട്ടുമായിരുന്നു എന്നാണ് കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്.സുകുമാരൻ നായർക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്നതിന്റെ സൂചനയാണിതെന്നും ഒരു സമുദായനേതാവും നടത്താത്ത പ്രസ്താവനയാണ് നടത്തിയതെന്നും കാനം രാജേന്ദ്രൻ വിമർശിച്ചു.
പ്രമുഖ നേതാക്കൾ വിഷയം ഏറ്റെടുത്തതോടെ വിവാദം മുറുകി.
അയ്യപ്പഭക്തരുടെ വികാരങ്ങളെ മുറിവേല്പിച്ച സർക്കാരിന് ദൈവകോപവും അയ്യപ്പശാപവും ജനങ്ങളുടെ കോപവുമുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അയ്യപ്പ സ്വാമിയോട് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് എ.കെ. ആന്റണി ആവശ്യപ്പെട്ടു. എത്ര ശരണം വിളിച്ചാലും മുഖ്യമന്ത്രിയോട് അയ്യപ്പൻ ക്ഷമിക്കില്ലെന്ന് നേമത്തെ സ്ഥാനാർത്ഥിയായ കെ. മുരളീധരൻ പറഞ്ഞു. വോട്ടിംഗ് ദിനത്തിൽ മുഖ്യമന്ത്രിയുടേത് പി.ആർ ഏജൻസികൾ പഠിപ്പിച്ച കൃത്രിമ വിനയമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു.ഏറ്റവും വലിയ അസുരൻ മുഖ്യമന്ത്രിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പരിഹസിച്ചു.
ശബരിമല തിരിച്ചടിക്കില്ലെന്ന്
ശബരിമല വിഷയത്തിൽ ഒരു വിഭാഗത്തെ എതിരാളികൾ തെറ്റിദ്ധരിപ്പിച്ചത് ലോക് സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സി.പി.എം വിലയിരുത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ അതൊരു സ്വാധീനഘടകമാകില്ലെന്ന കണക്കുകൂട്ടലിലാണ് സി.പി.എം. പ്രക്ഷോഭത്തിന് മുൻനിരയിലായിരുന്ന ബി.ജെ.പിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടായില്ല. അരശതമാനത്തിന്റെ വോട്ട് വർദ്ധനയേ ഉണ്ടായുള്ളൂ. നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ ശബരിമലയോട് ചേർന്ന കോന്നിയിലും സി.പി.എം വിജയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വാധീനിച്ചത് ദേശീയ രാഷ്ട്രീയം മാത്രമാണെന്ന് ഇപ്പോൾ സി.പി.എം വിലയിരുത്തുന്നു.