
തിരുവനന്തപുരം:കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ശതമാനത്തെക്കാൾ നേരിയ വ്യത്യാസമുണ്ടെങ്കിലും മൂന്നു മുന്നണികൾക്കും പ്രതീക്ഷ നൽകുന്നതാണ് ജില്ലയിലെ പോളിംഗ് കണക്ക്. കടുത്ത പോരാട്ടം നടന്ന ജില്ലയിലെ 14 മണ്ഡലങ്ങളിലും പോളിംഗ് അവസാനിക്കുന്നതുവരെ വോട്ടർമാരുടെ നീണ്ടനിരയാണ് ബൂത്തുകൾക്ക് മുന്നിൽ കണ്ടത്.പോളിംഗ് ആരംഭിച്ചതുമുതൽ അവസാനിക്കുന്നതുവരെ ഗ്രാമ -നഗര വ്യത്യാസമില്ലാതെ ജില്ലയിലെ 4164 ബൂത്തുകളിലും വോട്ടർമാർക്ക് കുറവുണ്ടായില്ല.
രാവിലെ 8 മണിക്ക് ആദ്യ കണക്ക് പുറത്തുവരുമ്പോൾ നേമം വട്ടിയൂർകാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലായിരുന്നു ഏറ്റവും ഉയർന്ന പോളിംഗ് നടന്നത്. 6 ശതമാനത്തിന് മേലെയായിരുന്നു ആകെ പോളിംഗ്. ആ സമയങ്ങളിൽ ഗ്രാമ മേഖലയിലെ മണ്ഡലങ്ങളിൽ പോളിംഗ് കുറവായിരുന്നു. 8.15 വരെയായപ്പോൾ ജില്ലയിലാകെ 7.02 ശതമാനം പേർ വോട്ട് ചെയ്തു. 8.30 മണിയായപ്പോൾ വട്ടിയൂർക്കാവ് മണ്ഡലത്തിലായിരുന്നു ജില്ലയിൽ കൂടുതൽ പോളിംഗ് നടന്നത്.
8.16 ശതമാനം പേർ ഇവിടെ വോട്ട് ചെയ്തു. ഈസമയം കുറവ് തിരുവനന്തപുരം മണ്ഡലത്തിലും - 6.30 ശതമാനം.
ഒമ്പതരയായപ്പോൾ ഏറ്റവും ഉയർന്ന പോളിംഗ് കഴക്കൂട്ടം മണ്ഡലത്തിലായി.15.62 ശതമാനം പേർ ഇവിടെ വോട്ട് ചെയ്തു. തൊട്ടുപിറകെ നേമം മണ്ഡലം. 15.03 ശതമാനം പേർ വോട്ട് ചെയ്തു. ഉച്ചയ്‌ക്ക് 12 മണിയായപ്പോൾ ജില്ലയിലെ ആകെ പോളിംഗ് 37.71 ആയി. അപ്പോഴും കഴക്കൂട്ടം മണ്ഡലം തന്നെ മുന്നിലെത്തി. 2 മണിയായപ്പോൾ അഞ്ചു മണ്ഡലങ്ങളിൽ പോളിംഗ് 50 ശതമാനം കടന്നു. കഴക്കൂട്ടം - 51.01, അരുവിക്കര - 50.43, നേമം - 50.41, വാമനപുരം - 50.14, നെടുമങ്ങാട് - 50.04 എന്നിങ്ങനെയാണ് ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലങ്ങൾ.
ഉച്ചകഴിഞ്ഞതോടെയാണ് ഗ്രാമ മേഖലയിലെ മണ്ഡലങ്ങളിൽ വോട്ടിംഗ് ശതമാനം കൂടിയത്. വൈകിട്ട് 3ന് ലഭിച്ച കണക്കനുസരിച്ച് അരുവിക്കര മണ്ഡലത്തിലായിരുന്നു ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് .57.37 ശതമാനം പേരായിരുന്നു ഇവിടെ വോട്ട് ചെയ്തത്. കഴക്കൂട്ടം മണ്ഡലത്തിൽ അപ്പോൾ 57 ശതമാനം. അഞ്ചുമണിയായപ്പോഴും അരുവിക്കര മണ്ഡലത്തിൽ തന്നെയായിരുന്നു ഏറ്റവും ഉയർന്ന പോളിംഗ്. ജില്ലയിൽ 65.11 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ അരുവിക്കരയിൽ 68.10 ശതമാനമായി.വൈകിട്ട് 5ന് നെടുമങ്ങാട്, വാമനപുരം ,പാറശാല, കാട്ടാക്കട,നെയ്യാറ്റിൻകര എന്നീ മണ്ഡലങ്ങളിൽ 66 ശതമാനത്തിന് മുകളിലായി പോളിംഗ് മാറി. എന്നാൽ ആ സമയത്ത് നഗരമണ്ഡലങ്ങൾ പോളിംഗിൽ ഒരല്പം കുറവ് വന്നുതുടങ്ങി. ആറുമണിയായപ്പോൾ ജില്ലയിലെ പോളിംഗ് 68.29 ശതമാനമായി.അപ്പോഴും 71.37 ശതമാനത്തോടെ അരുവിക്കരയിലായിരുന്നു ജില്ലയിലെ ഉയർന്ന പോളിംഗ്.നെയ്യാറ്റിൻകര,പാറശാല,കാട്ടാക്കട എന്നീ മണ്ഡലങ്ങൾ 70 ശതമാനം പിന്നിട്ടു.വാമനപുരം നെടുമങ്ങാട്,മണ്ഡലങ്ങൾ 69 ശതമാനവും, ആറ്റിങ്ങൽ, ചിറയിൻകീഴ്, കഴക്കൂട്ടം,നേമം, വർക്കല മണ്ഡലങ്ങൾ 68 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
പോളിംഗ് അവസാനിച്ച 7 മണിവരെ ജില്ലയിൽ 70.01 ശതമാനം പോളിംഗാണ് നടന്നത്. അരുവിക്കരയിലാണ് ഉയർന്ന പോളിംഗ് നടന്നത്. 73.27ശതമാനം. ഏറ്റവും കുറവ് തിരുവനന്തപുരം മണ്ഡലത്തിലും. 61.92 ശതമാനമാണ് ഇവിടെ നടന്ന പോളിംഗ്. ജില്ലയിൽ ആകെ 9,49,207 പുരുഷ വോട്ടർമാരും 10,19,565 സ്ത്രീവോട്ടർമാരും 24 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. അന്തിമക്കണക്ക് വരുമ്പോൾ ശതമാനത്തിൽ നേരിയ വ്യത്യാസം ഉണ്ടാകും.
നിയമസഭാ തിരഞ്ഞെടുപ്പ് - (വോട്ടിംഗ് ശതമാനം)
2016 ,- 2021
----------
വർക്കല -71.54, - 70.23
ആറ്റിങ്ങൽ -69.53, -70.61
ചിറയിൻകീഴ് -70.22, - 70.79
നെടുമങ്ങാട് -74.11,- 71.54
വാമനപുരം -71.7, - 70.90
കഴക്കൂട്ടം -73.7, - 69.63
വട്ടിയൂർക്കാവ് -70.23,- 64.16
തിരുവനന്തപുരം -65.36,- 61.92
നേമം -74.24, - 69.80
അരുവിക്കര -75.86, - 73.27
പാറശാല -75.17, - 72.41
കാട്ടാക്കട -76.65 , - 72.21
കോവളം -74.23 , - 70.76
നെയ്യാറ്റിൻകര -75.25,- 72.23