d

തിരുവനന്തപുരം: ജില്ലയിൽ വാശിയേറിയ ത്രികോണമത്സരം നടന്ന നാല് മണ്ഡലങ്ങളിലും പോളിംഗ് തുടങ്ങിയ സമയം മുതൽ തീർത്തും ആവേശകരമായിരുന്നു. നേമം,വട്ടിയൂർക്കാവ്,തിരുവനന്തപുരം,കഴക്കൂട്ടം മണ്ഡലങ്ങളാണ് പ്രവചനാതീതമായ മത്സരത്തിന് വേദിയായത്. പോളിംഗ് പുരോഗമിച്ചതോടെ കഴക്കൂട്ടത്ത് ചില്ലറ സംഘർഷങ്ങൾ ഉടലെടുത്തു. നേമത്തും ചെറിയ സംഘർഷാവസ്ഥയുടെ ലക്ഷണങ്ങളുണ്ടായെങ്കിലും പിന്നീട് അവസ്ഥയ്ക്ക് അയവ് വന്നു. കൊവിഡ് പശ്ചാത്തലത്തിൽ അധിക ബൂത്തുകൾ അനുവദിച്ചതിനാൽ വലിയ തിരക്കും ക്യൂവും അനുഭവപ്പെടില്ലെന്ന പ്രതീക്ഷ ആദ്യ ഘട്ടത്തിൽ തന്നെ മാറി. എങ്കിലും ബൂത്തുകളിൽ സമ്മതിദായകർ ഏറെനേരം കാത്തുനിൽക്കേണ്ട അവസ്ഥയുണ്ടായില്ല. ആവേശത്തോടെ സമ്മതിദായകർ ബൂത്തുകളിലേക്ക് എത്തുന്ന കാഴ്ചയായിരുന്നു എവിടെയും.

ജില്ലയിലെ ആകെ പോളിംഗ് ശതമാനത്തിന് സമാനമായിരുന്നു മിക്കപ്പോഴും ഈ മണ്ഡലങ്ങളിലെയും പോളിംഗ്. ചില ഘട്ടങ്ങളിൽ ജില്ലാ ശതമാനത്തിന് മുകളിലേക്കും ഇവിടത്തെ പോളിംഗ് എത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷമുള്ള ഒന്നു രണ്ടു മണിക്കൂർ മാത്രമാണ് പോളിംഗിൽ ചെറിയ മന്ദത നേരിട്ടത്. എങ്കിലും വൈകുന്നേരത്തോടെ ബൂത്തുകൾ വീണ്ടും ഉഷാറായി.

നേമം

ബി.ജെ.പിയുടെ ഏക സിറ്റിംഗ് സീറ്റാണ് നേമം.ബി.ജെ.പിയെ കെട്ടുകെട്ടിക്കാൻ കെ.മുരളീധരനെ ഇറക്കിയാണ് യു.ഡി.എഫ് മത്സരം കടുപ്പിച്ചത്. വി.ശിവൻകുട്ടിയും സജീവമായി രംഗത്തിറങ്ങിയതോടെയാണ് ഇവിടെ പോര് മൂത്തത്. മത്സരത്തിന്റെ എല്ലാ സ്പിരിറ്റും ആവാഹിച്ച മട്ടിലായിരുന്നു സമ്മതിദായകരുടെ പ്രതികരണം. തിങ്കളാഴ്ച രാത്രി നേമം സ്റ്റുഡിയോ റോഡിന് സമീപം കെ.മുരളീധരന്റെ വാഹനവ്യൂഹത്തെ ബി.ജെ.പി പ്രവർത്തകർ തടഞ്ഞ സംഭവം പോളിംഗിനിടയിൽ ക്രമസമാധാന പ്രശ്നമുണ്ടാക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും അനിഷ്ടങ്ങളൊന്നും സംഭവിച്ചില്ല. 107-ാം നമ്പർ പോളിംഗ് ബൂത്തിൽ വോട്ടിംഗ് യന്ത്രം പണിമുടക്കിയതുമൂലം കുറെ സമയം പോളിംഗ് നിറുത്തിവയ്ക്കേണ്ടി വന്നത് കല്ലുകടിയായി.

കഴക്കൂട്ടം

മന്ത്രി കടകംപള്ളി സുരേന്ദ്രൻ മത്സരിച്ച മണ്ഡലത്തിൽ ശോഭാസുരേന്ദ്രൻ കൂടിയെത്തിയതോടെയാണ് ത്രികോണ മത്സരത്തിന്റെ ചൂടിലേക്ക് മാറിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.എസ്.എസ്.ലാൽ നേരത്തെ പ്രചാരണം തുടങ്ങുകയും ചെയ്തു.മേധാവിത്വം ആർക്കെന്ന് നിർണയിക്കാൻ സാധിക്കാത്തവിധമായിരുന്നു വോട്ടർമാരുടെ ബൂത്തുകളിലേക്കുള്ള ഒഴുക്ക്. മുന്നണികളുടെ ബൂത്തുകളിലെല്ലാം പ്രവർത്തകർ ആവേശത്തിലായിരുന്നു.സ്ത്രീ വോട്ടർമാരുടെ വലിയ സാന്നിദ്ധ്യമാണ് എല്ലാ ബൂത്തുകളിലും ശ്രദ്ധേയമായത്. മണ്ഡലത്തിലെ കാട്ടായിക്കോണം ഭാഗത്ത് രാവിലെ മുതൽ സി.പി.എം -ബി.ജെ.പി പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷാവസ്ഥയുണ്ടായി. എങ്കിലും ഇത് ബൂത്തുകളിലേക്കുള്ള സമ്മതിദായകരുടെ വരവിന് വിഘാതമായില്ല.

വട്ടിയൂർക്കാവ്

നിലവിലെ എം.എൽ.എ വി.കെ.പ്രശാന്ത്, യു.ഡി.എഫിന്റെ യുവപോരാളി വീണ എസ്.നായർ,ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് എന്നീ തുല്യശക്തികൾ ഏറ്റുമുട്ടിയ വട്ടിയൂർക്കാവിലും തുടക്കംമുതൽ ആവേശകരമായിരുന്നു പോളിംഗ്. പ്രത്യേകിച്ച് ക്രമസമാധാന പ്രശ്നങ്ങളൊന്നും ഉണ്ടാവാതിരുന്നതും വോട്ടെടുപ്പ് ശാന്തമാക്കി. തുടക്കം മുതൽ മിക്ക ബൂത്തുകളും സജീവമായിരുന്നു. ബൂത്തുകളിലെ സമ്മതിദായകരുടെ തിരക്ക് മൂന്ന് മുന്നണികൾക്കും തുടക്കത്തിൽ ചെറിയ ആശങ്കയുണ്ടാക്കി. വോട്ടർമാർ കാട്ടുന്ന ആവേശം ആർക്ക് ഗുണം ചെയ്യുമെന്നതായിരുന്നു അവരുടെ ഉത്കണ്ഠ. രാവിലെ മുതൽ വൈകിട്ട് വരെ ഒരേ പോലെ ബൂത്തുകൾ സജീവമായി എന്നതാണ് മറ്റൊരു പ്രത്യേകത.

തിരുവനന്തപുരം

സിറ്റിംഗ് എം.എൽ.എ യു.ഡി.എഫിന്റെ വി.എസ്.ശിവകുമാറും മുൻ എം.എൽ.എ ആന്റണിരാജുവും ബി.ജെ.പിയുടെ പുതുമുഖം കൃഷ്ണകുമാറും കളത്തിലിറങ്ങിയതാണ് തിരുവനന്തപുരത്തും ത്രികോണമത്സര പ്രതീതിയുണ്ടാക്കിയത്. എന്നാൽ മറ്റു മൂന്ന് വി.ഐ.പി മണ്ഡലങ്ങളെ അപേക്ഷിച്ച് പോളിംഗിലെ ആവേശത്തിൽ നേരിയ കുറവ് അനുഭവപ്പെട്ടത് തിരുവനന്തപുരത്താണ്. രാവിലെ എട്ടു മുതൽ 12 വരെയും വൈകിട്ട് മൂന്ന് മുതൽ അഞ്ചു വരെയുമാണ് തീരമേഖലകളിലെ ബൂത്തുകൾ സജീവമായിരുന്നത്. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടിയതാണ് തീരമേഖലയിൽ അവസാന നിമിഷം ഉണ്ടാകാറുള്ള തിരക്ക് കുറച്ചത്.