photo

തിരുവനന്തപുരം: 'ഇൗ തിരിച്ചറിയൽ രേഖയും സ്ലിപ്പും നിങ്ങൾ കീശയിൽ തന്നെ സൂക്ഷിക്കണം, ബൂത്തിലേക്ക് കടന്ന ശേഷം ഉദ്യോഗസ്ഥർ ചോദിക്കുമ്പോൾ നൽകണം'. ശാരീരിക-മാനസിക വൈകല്യങ്ങളിൽ തളർന്ന അവരെ ഉത്തരവാദിത്വത്തോടെ മദർ സുപ്പീരിയർ സാഫല്യയും മറ്റ് സിസ്റ്റർമാരും ചേർന്ന് സ്കൂൾ അങ്കണത്തിൽ നിന്ന് പോളിംഗ് ബൂത്ത് ഉൾപ്പെടുന്ന കെട്ടിടത്തിലേക്ക് കയറ്റിരുത്തി.

ചുട്ടുപൊള്ളുന്ന വെയിലിനെ അവഗണിച്ചാണ് സിസ്റ്റർ സാഫല്യയുടെ കൈപിടിച്ച് വെട്ടുകാട് ദിവ്യശാന്തി ആശ്രമത്തിലെ അന്തേവാസികൾ ഇത്തവണയും വോട്ട് രേഖപ്പെടുത്താനെത്തിയത്. 20പേരാണ് ഉച്ചയ്‌ക്ക് 12ഓടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ വെട്ടുകാട് സെന്റ്മേരീസ് ഹൈസ്കൂളിലെ ഒമ്പതാം നമ്പർ ബൂത്തിലെത്തിയത്. ശരീരിക അവശതയുടെ പേരിൽ ഇവർക്ക് പോസ്റ്റൽ വോട്ടിന് അപേക്ഷിച്ചിരുന്നെങ്കിലും മൂന്നു പേർക്കാണ് ഇതിന് അവസരം നൽകിയത്. അവസരം ലഭിച്ചവരാകട്ടെ അത്ര വല്യ ബുദ്ധിമുട്ടുകളൊന്നുമില്ലാത്തവരും. എങ്കിലും ഇവർക്ക് പരാതികളൊന്നുമില്ല.ബൂത്തിലെ ഉദ്യോഗസ്ഥർ ഇവർക്ക് വേണ്ട സഹായം ചെയ്‌തു.വോട്ട് രേഖപ്പെടുത്തി പുറത്തെത്തിയവർക്ക് മനംനിറയെ സന്തോഷം. കൈയിൽ മഷി പുരട്ടിയതിന്റെയും കൊവിഡിന് ശേഷം ആദ്യമായി പുറത്തെത്തിയതിന്റെയും കൗതുകം മുഖങ്ങളിൽ വ്യക്തമായിരുന്നു.

കണ്ണാന്തുറയിലെ ബൂത്തിലും ആശ്രമത്തിലെ 25 അന്തേവാസികൾ വോട്ട് രേഖപ്പെടുത്തിയിരുന്നു.80 വയസിന് മുകളിലുള്ളവരും,രോഗങ്ങൾക്കൊപ്പം വൈകല്യങ്ങൾ അലട്ടുന്നവരുമാണ് നേരിട്ട് വോട്ട് ചെയ്യാനെത്തിയത്. ആശ്രമത്തിന്റെ വാഹനത്തിൽ തന്നെയാണ് എത്തിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ കുറച്ചുപേർക്ക് മാത്രമേ വോട്ട് രേഖപ്പെടുത്താൻ അവസരം ലഭിച്ചിരുന്നുള്ളൂ. ദിവ്യശാന്തി ആശ്രമത്തിലെ സിസ്റ്റർ സാഫല്യ,സിസ്റ്റർ എൽസ, സിസ്റ്റർ സെലിസിറ്റ, സിസ്റ്റർ ദീപ എന്നിവരാണ് ഇവർക്ക് താങ്ങുംതണലുമായി ഒപ്പമുണ്ടായിരുന്നത്.

പരിമിതികളിൽ നൽകുന്ന വാത്സല്യം

26 വർഷമായി വെട്ടുകാട് സെന്റ് സെബാസ്റ്റ്യൻ പള്ളിക്ക് എതിർവശമായി പ്രവർത്തിക്കുന്ന ആശ്രമത്തിന്റെ ആത്മാവും ഇൗ നാല് സിസ്റ്റർമാർ തന്നെയാണ് ബന്ധുക്കളാലും മക്കളാലും ഉപേക്ഷിക്കപ്പെട്ട് തെരുവിൽ അലയുന്നവരെ പുനരധിവസിപ്പിക്കുന്ന ശ്രമകരമായ ഉത്തരവാദിത്വമാണ് ഇവർ വർഷങ്ങളായി നിർവഹിക്കുന്നത്. അതിന് നാട്ടുകാരുടെയും ചില സുമനസുകളുടെയും സഹായം മാത്രമാണ് ഇവരുടെ കൈത്താങ്ങ്. അതിൽ നിന്നാണ് ഇവരുടെ ഭക്ഷണമടക്കമുള്ള ചെലവുകൾ സിസ്റ്റർമാർ കണ്ടെത്തുന്നത്. സർക്കാർ സഹായം ഇന്നും ഇവർക്ക് അന്യമാണ്.