c

തിരുവനന്തപുരം : വോട്ടിംഗ് യന്ത്രത്തിലെ തകരാർ കാരണം ജില്ലയിലെ വിവിധയിടങ്ങളിൽ വോട്ടിംഗ് പ്രതിസന്ധിയിലായി. നിരവധി ബൂത്തുകളിലാണ് യന്ത്രത്തകരാർ റിപ്പോർട്ട് ചെയ്തത്. ചിലയിടങ്ങളിൽ പ്രശ്‌നം മിനിട്ടുകൾക്കുള്ളിൽ പരിഹരിച്ചപ്പോൾ മറ്റ് സ്ഥലങ്ങളിൽ അത് ഏറെ നേരം വേണ്ടിവന്നു. തിരുവനന്തപുരം കാട്ടായിക്കോണം സ്‌കൂളിലെ 18-ാം നമ്പർ ബൂത്തിൽ വോട്ടെടുപ്പ് യഥാസമയം തുടങ്ങിയില്ല. വിളവൂർക്കൽ പഞ്ചായത്തിലെ പൊറ്റയിൽ എൻ.എസ്.എസ് കരയോഗം ഹാളിലെ 21ാം ബൂത്ത്, വിളവൂർക്കൽ പെരുകാവ് ഗവ. സ്‌കൂളിലെ 23ാം ബൂത്ത് എന്നിവിടങ്ങളിൽ 10 മിനിട്ട് വൈകിയാണ് വോട്ടെടുപ്പ് തുടങ്ങിയത്. പോത്തൻകോട് കരൂർ ലക്ഷ്മി വിലാസം ഹൈസ്‌കൂളിൽ ബൂത്ത് നമ്പർ 33 എ, പേരുത്തല അങ്കണവാടി, നന്നാട്ട് കാവ് എൽ.പി.എസ്, അണ്ടൂർക്കോണം തിരുവെള്ളൂർ എൽ.പി.എസിലെ ബൂത്ത് 5 എ, 6എ എന്നിവിടങ്ങളിലും സമാനമായ സ്ഥിതിയായിരുന്നു. കോവളം മണ്ഡലത്തിൽ കോട്ടുകാൽ പയറ്റുവിള 144–ാം ബൂത്തിൽ മെഷീൻ തകരാർ മൂലം പോളിംഗ് തുടങ്ങാൻ വൈകി. പെരിങ്ങമ്മല ശിശു വിഹാർ, കല്ലിയൂർ, കാട്ടാക്കട മണ്ഡലത്തിൽ കണ്ടല സ്‌കൂൾ, കഴക്കൂട്ടം മണ്ഡലത്തിലെ കട്ടച്ചക്കോണം ഗവ. എച്ച്.എസ് എന്നിവിടങ്ങളിലും വോട്ടിംഗ് യന്ത്രം തകരാറിലായി. മലയിൻകീഴ് മഞ്ചാടി സ്‌കൂളിലെ 98ാം ബൂത്തിലും കുണ്ടമൺഭാഗം സെന്റ് മേരീസ് എൽ.പി.എസിലും പോളിംഗ് പുരോഗമിക്കുന്നതിനിടെ 15 മിനിട്ട് യന്ത്രം തകരാറിലായി.