double-vote

തിരുവനന്തപുരം: ഇത് ഇരട്ടവോട്ടാണെന്ന് ബൂത്ത് ഏജന്റുമാരിലൊരാൾ വിളിച്ചുപറഞ്ഞപ്പോൾ, പോളിംഗ് ഓഫീസർ ചോദിച്ചു, സത്യവാങ്മൂലം കൈയിലുണ്ടോ. ഉണ്ടെന്ന് വോട്ടർ. ഇരട്ട വോട്ടുണ്ടെങ്കിലും എന്റെ വീട് നിൽക്കുന്ന ഈ ബൂത്തിലേ വോട്ട് ചെയ്യൂവെന്ന സത്യംചെയ്യൽ. സത്യവാങ്മൂലം വായിച്ച് നോക്കിയ പോളിംഗ് ഓഫീസർ എ.എസ്.ഡി മോണിട്ടറിലെ ആപ്പിൽ വോട്ടറുടെ പേരും ക്രമനമ്പരും രേഖപ്പെടുത്തി. വോട്ടറുടെ ഫോട്ടോയെടുത്തു. ഇനി വോട്ട് ചെയ്തോളൂവെന്ന് പോളിംഗ് ഓഫീസർ പറഞ്ഞപ്പോൾ, വോട്ടിംഗ് മെഷീനിൽ വോട്ടർ വിരലമർത്തി. വോട്ട് കൃത്യമെന്ന് വി.വി.പാറ്റ് മെഷീനിലൂടെ കണ്ടറിഞ്ഞു. കളക്ടറും മറ്റ് ഉദ്യോഗസ്ഥരും കൺട്രോൾ റൂമിലിരുന്ന് അത് നിരീക്ഷിച്ചു. വിരലിലെ മഷി ഉണങ്ങിയിട്ടേ ആ വോട്ടറെ പുറത്തേക്ക് വിട്ടുള്ളൂ.

ഇരട്ടവോട്ട് ഏറെ വിവാദമായ ഈ തിരഞ്ഞെടുപ്പിലെ വേറിട്ടൊരു കാഴ്ചയായിരുന്നു ഇത്. ഇരട്ടവോട്ട് ചെയ്ത് പുറത്തിറങ്ങിയവർ അത് വെളിപ്പെടുത്താൻ വിസമ്മതിച്ചു. കുഴപ്പമാകുമോ എന്ന പേടിയായിരുന്നു പലർക്കും. വിരലിൽ പുരട്ടിയ മഷി മാഞ്ഞാൽ കുഴപ്പമാകുമാേ എന്ന ആശങ്ക വേറെയും.

. ഇരട്ട വോട്ടുള്ളവരെ വലിയ കുറ്റക്കാരെന്ന രീതിയിലാണ് പലരും നോക്കിയത്. അതുകൊണ്ടുതന്നെ അവരിൽ പലരും അറച്ചറച്ചാണ് ബൂത്തിലെത്തിയത്. ഇരട്ട വോട്ടിന്റെ പേരുദോഷം പേറാൻ താത്പര്യമില്ലാത്തവർ വോട്ടിടാൻ പോകാതെ വീട്ടിൽ കഴിഞ്ഞു. സത്യവാങ്മൂലം പൊല്ലാപ്പാകുമോയെന്നും, ഇരട്ട വോട്ട് കള്ളവോട്ടായി കണക്കാക്കുമോയെന്നും പേടിച്ചവരുമുണ്ട്. ബൂത്തുതല ഓഫീസർമാർ വീട്ടിലെത്തി അറിയിച്ചപ്പോഴാണ് പലരും തങ്ങൾക്ക് ഇരട്ട വോട്ടുണ്ടെന്ന് അറിഞ്ഞത്. അതോടെ വോട്ടിടാൻ കാത്തിരുന്നവരും ശങ്കിച്ചു. സ്ത്രീകളാണ് ഇതിലേറെയും.