s

തിരുവനന്തപുരം: ഏതു നേരത്തായാലും വോട്ടുചെയ്യാനെത്തിയവർക്ക് പോളിംഗ് ബൂത്തിൽ ക്യൂ നിൽക്കേണ്ടിവന്നില്ല. ചിലപ്പോൾ ഒന്നോ രണ്ടോ വോട്ടർമാർ മുന്നിൽ ഉണ്ടാകും. മാസ്‌കിട്ട് ചെല്ലുക, സാനിറ്റൈസർ പുരട്ടുക, തിരിച്ചറിയിൽ കാർഡ് കാണിക്കുക, ഒപ്പിടുക, സ്ലിപ്പ് വാങ്ങി നൽകുക. ശേഷം വോട്ടിംഗ് മെഷീന് മുന്നിൽ ചിഹ്നവും സ്ഥാനാർത്ഥിയുടെ പേരുമൊക്കെ സമയമെടുത്ത് മനസിലാക്കി സമാധാനത്തോടെ വോട്ടുചെയ്‌തു മടക്കം. ജില്ലയിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് 2,736 പോളിംഗ് ബൂത്തുകളാണുണ്ടായിരുന്നത്. എന്നാൽ ഇത്തവണ കൊവിഡിന്റെ പശ്ചാത്തലത്തിൽ അത് 4164 ആയി വർദ്ധിപ്പിച്ചു. ഒരു ബൂത്തിൽ പരമാവധി 1000 പേർക്ക് മാത്രമായി വോട്ടിംഗ് സൗകര്യം നിജപ്പെടുത്തിയിരുന്നു. പുതുതായി 1,428 ഓക്‌സിലിയറി പോളിംഗ് ബൂത്തുകൾകൂടി തുറന്നു. രാവിലെ 11ന് തന്നെ 30 ശതമാനം വോട്ട് രേഖപ്പെടുത്തിയപ്പോഴും ഉച്ചയോടെ പകുതിയിലേറെ പേർ വോട്ടുചെയ്‌തപ്പോഴും പോളിംഗ് ബൂത്തുകളിൽ തിരക്കേയില്ല. വൈകിട്ട് നാലോടെ ഗ്രാമ പ്രദേശങ്ങളിൽ പോളിംഗ് ശതമാനം 70 ആയി. പിന്നെ വോട്ടുചെയ്യാൻ ആളെത്തുന്നതും കാത്തിരുന്ന് പോളിംഗ് ഉദ്യോഗസ്ഥർ ബോറടിച്ചു.

ഒരു ചായ കുടിച്ച് കൊച്ചുവർത്തമാനം പറഞ്ഞിരിക്കുമ്പോഴായിരിക്കും ഒന്നോരണ്ടോ പേർ വോട്ടുചെയ്യാനെത്തുന്നത്. അതുകഴിയുമ്പോൾ വീണ്ടും നീണ്ട ഇടവേള. രാത്രി 7 വരെ എന്തിന് വോട്ടിംഗ് സമയം നീട്ടിയെന്നായിരുന്നു മിക്കവരും ചർച്ച ചെയ്‌തത്. പോളിംഗ് ബൂത്തിൽ നിന്നും കുറച്ചു മാറി രാഷ്ട്രീയപാർട്ടികൾ തമ്പടിച്ചിരുന്നിടങ്ങളിൽ മാത്രമായിരുന്നു പതിവ് തിരക്കുണ്ടായിരുന്നത്.