തിരുവനന്തപുരം: 'എവിടെ എന്റെ വോട്ട്, എനിക്ക് വോട്ട് ചെയ്യണം' - ജില്ലയിലെ ഒരു ബൂത്തിൽ 80കാരി ചോദിച്ചു. അമ്മയുടെ വോട്ട് നേരത്തെ ചെയ്‌തുവെന്ന് പോളിംഗ് ഓഫീസർ. 'അതാര് ചെയ്‌തു?' അമ്മേ, അത് ഒരാഴ്ച മുമ്പ് വീട്ടിൽ വച്ച് പോസ്റ്റൽ വോട്ട് ചെയ്‌തില്ലേ. പോളിംഗ് ഓഫീസർ പറഞ്ഞപ്പോൾ ഞാൻ വോട്ട് ചെയ്‌തില്ലെന്നായി ആ അമ്മ. കൊവിഡിന്റെ പശ്ചാത്തലത്തിൽ 80 കഴിഞ്ഞവർക്ക് പോസ്റ്റൽ വോട്ടായിരുന്നു അനുവദിച്ചിരുന്നത്. പോസ്റ്റൽ വോട്ടിന് അപേക്ഷിക്കാത്തവരും വോട്ട് ചെയ്യാത്തവരുമാണ് ഇന്നലെ ബൂത്തുകളിലെത്തിയത്. ചിലർക്ക് വോട്ട് ചെയ്‌തത് ഓർമ്മയേയില്ല. മറ്റ് ചിലർക്ക് പണ്ട് വോട്ടിട്ടതുപോലെ വോട്ടിട്ടേ മതിയാകൂ എന്നായി. പാേളിംഗ് ഓഫീസർമാർ കാര്യം പറഞ്ഞ് മനസിലാക്കാൻ നോക്കിയെങ്കിലും അതൊന്നും അവർ സമ്മതിച്ചില്ല.
ഒടുവിൽ പാർട്ടി പ്രവർത്തകരും ബന്ധുക്കളും പാടുപെട്ട് ഇവരെ തിരിച്ചുകൊണ്ടുപോയി.