ബി.ജെ.പിയുടെ ബൂത്ത് ഓഫീസ് തകർത്തു₹കുത്തിയിരുന്ന്പ്രതിഷേധിച്ച് ശോഭ സുരേന്ദ്രൻ
പൊലീസ് ലാത്തിച്ചാർജിൽ സി.പി.എം കൗൺസിലർക്ക് ഉൾപ്പെടെ പരിക്ക് ,5 പേർ അറസ്റ്റിൽ

പോത്തൻകോട്: വോട്ടെടുപ്പിനിടെ ഇന്നലെ രാവിലെ കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണം ജംഗ്‌ഷനിൽ സി.പി.എം -ബി.ജെ.പി.പ്രവർത്തകർ തമ്മിൽ മണിക്കൂറുകൾ നീണ്ടുനിന്ന സംഘർഷത്തിൽ നാല് ബി.ജെ.പി പ്രവർത്തകർക്കും, വൈകിട്ട് നടന്ന പൊലീസ് ലാത്തിച്ചാർജിൽ

വാർഡ് കൗൺസിലർ ഉൾപ്പെടെ നിരവധി സി.പി.എം പ്രവർത്തകർക്കും പരിക്കേറ്റു. 5 സി.പി.എംകാരെ അറസ്റ്റ് ചെയ്തു..

ഇന്നലെ രാവിലെ 11 .30 നായിരുന്നു സംഭവങ്ങളുടെ തുടക്കം. ബി.ജെ.പിയുടെ ബൂത്ത് ഓഫീസിലിരുന്ന് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ബി.ജെ.പി പ്രവർത്തകരുമായി വാക്കുതർക്കത്തിനിടെ സി,പി.എം പ്രവർത്തകർ ബൂത്ത് ഓഫീസ് അടിച്ച് തകർത്തു ബി.ജെ.പി ബൂത്ത് ഏജന്റുമാരായ ബിജുകുമാർ ( 42 ) ജ്യോതി (36 )അനാമിക (18 ) അശ്വതി (20 )വിജയകുമാരൻ (52 ) എന്നിവർക്കാണ് പരിക്കേറ്റത്. . .

തുടർന്ന് സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ നേതൃത്വത്തിൽ ബി.ജെ.പി.നേതാക്കൾ സ്ഥലത്തെത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നേതൃത്വത്തിൽകുത്തിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ബൂത്ത് കമ്മിറ്റി പുനഃസ്ഥാപിക്കാനും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനും ധാരണയായി. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാമെന്നും കേന്ദ്രസേനയെ ഉൾപ്പെടെ കൂടുതൽ സ്ഥലത്ത് വിന്യസിക്കാമെന്നും അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്..

വൈകിട്ട് നാല് മണിയോടെ കാട്ടായിക്കോണം ജംഗ്‌ഷനിൽ കാറിലെത്തിയ നാലംഗ സംഘം റോഡിൽ നിന്ന രണ്ട് സി.പി.എം പ്രവർത്തകരെ മർദ്ദിച്ച ശേഷം മറ്റൊരു കാറിൽ രക്ഷപ്പെട്ടതോടെ വീണ്ടും സംഘർഷാവസ്ഥയായി. നേരത്തെ വീടുകളിലേക്ക് മടങ്ങിയ സി.പി.എം പ്രവർത്തകർ വീണ്ടും ഒത്തുകൂടുകയും അക്രമികൾ എത്തിയ കാർ അടിച്ച് തകർക്കുകയും ചെയ്തു. തകർക്കപ്പെട്ട കാറിൽ ബി.ജെ.പി. നെടുമങ്ങാട്,കഴക്കൂട്ടം മണ്ഡലം സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളും മറ്റും കണ്ടെത്തി. തുടർന്ന് പൊലീസ് റിക്കവറി വാനിൽ കാർ സ്റ്റേഷനിലേക്ക് മാറ്റാൻ ശ്രമിച്ചത് സി.പി.എം.പ്രവർത്തകർ തടഞ്ഞു. കാറിൽ മാരകായുധങ്ങളുണ്ടെന്നും പരിശോധിച്ച് ബോദ്ധ്യപ്പെടുത്തിയതിന് ശേഷം കാർ മാറ്റിയാൽ മതിയെന്നും പ്രവർത്തകർ വാശിപിടിച്ചതോടെ കേന്ദ്ര പൊലീസ് നിരീക്ഷകന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. തുടർന്ന് പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ കാട്ടായിക്കോണം വാർഡ് കൗൺസിലർ ഡി.രമേശൻ, പോത്തൻകോട് പഞ്ചായത്ത് അംഗം പ്രവീൺ, മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്സണൽ സ്റ്റാഫ് അംഗം സാജു, ഡി.വൈ.എഫ്. ഐ .ഏരിയാ പ്രസിഡന്റ് സുർജിത്ത്, അജിത്കുമാർ, ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. രമേശന്റെ കാട്ടായിക്കോണത്തെ വീട്ടിലും സമീപത്തെ വീടുകളിലും അതിക്രമിച്ചുകയറിയ പൊലീസ് മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.റോഡിലിട്ടും വാഹനത്തിൽ വച്ചും പൊലീസ് ക്രൂരമായി മർദ്ദിച്ചതായി നേതാക്കൾ ആരോപിച്ചു.

സംഭവത്തെ തുടർന്ന് മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾ സ്ഥലത്തെത്തി. സ്ഥലത്ത് സംഘർഷ സാദ്ധ്യതയുള്ളതിനാൽ വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നു.