തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ വിവിധയിടങ്ങളിൽ കള്ളവോട്ട് പരാതി ഉയർന്നു. വോട്ട് ചെയ്യാൻ തയ്യാറായി എത്തിയപ്പോൾ മറ്റൊരാൾ വോട്ട് ചെയ്ത് മടങ്ങിയെന്ന് അറിഞ്ഞ അമ്പരപ്പിലായിരുന്നു ചിലർ. തിരുവനന്തപുരം,കാട്ടാക്കട മണ്ഡലങ്ങളിൽ സമാനമായ പ്രശ്നമുണ്ടായി. തിരുവനന്തപുരം പേട്ട തേങ്ങാപ്പുര റോഡ് 'ശംഖുചക്ര'ത്തിൽ രവീന്ദ്രൻ നായർ (71) പാൽക്കുളങ്ങര എൻ.എസ്.എസ് സ്‌കൂളിൽ വോട്ടു ചെയ്യാൻ ഉച്ചയോടെ എത്തിയപ്പോഴാണ് തന്റെ വോട്ട് മറ്റൊരാൾ ചെയ്തുവെന്ന് അറിഞ്ഞത്. രവീന്ദ്രൻ എന്ന പേരിലെത്തിയ ആൾ ആധാർ കാർഡ് ഉപയോഗിച്ചാണ് വോട്ട് ചെയ്തതെന്ന് പരിശോധനയിൽ വ്യക്തമായി.എന്നാൽ, പോളിംഗ് ഉദ്യോഗസ്ഥർ തിരിച്ചറിയൽ കാർഡിലെ വിലാസം പരിശോധിച്ചിട്ടില്ലെന്നാണ് യഥാർത്ഥ രവീന്ദ്രന്റെ പരാതി. തുടർന്ന് ടെൻഡേർഡ് വോട്ട് ചെയ്തു രവീന്ദ്രൻനായർ മടങ്ങി. കാട്ടാക്കട മണ്ഡലം പള്ളിച്ചൽ പഞ്ചായത്തിലെ നേമം ഗവ. യു.പി.എസിലെ 130ാം നമ്പർ ബൂത്തിൽ കള്ളവോട്ട് പരാതി ഉയർന്നു.ബി.ജെ.പി പ്രവർത്തകനായ പ്രകാശന്റെ വോട്ടാണ് മറ്റൊരാൾ ചെയ്തത്. മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി പി.കെ.കൃഷ്ണദാസ് പോളിംഗ് സ്റ്റേഷനിൽ എത്തി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ നൽകിയില്ലെന്ന് പ്രവർത്തകർ ആരോപിച്ചു.