തിരുവനന്തപുരം:ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ മേൽക്കൂര നവീകരണം ഇന്നാരംഭിക്കും. നവീകരണം പൂർത്തിയാകാൻ മൂന്ന് മാസം വേണ്ടിവരും. ഇപ്പോൾ മേൽക്കൂരയ്ക്ക് ചെമ്പ് തകിട് പാകാനാണ് നീക്കം. നേരത്തെ മേൽക്കൂരയ്ക്ക് സ്വർണം പൂശാനായിരുന്നു ആലോചിച്ചിരുന്നത്.ഇതിനാവശ്യമായ 20 കിലോഗ്രാം സ്വർണത്തിൽ ഏഴ് കിലോ വരെ ഭക്തരിൽ നിന്ന് സംഭാവനയായി ലഭിച്ചിരുന്നു.കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സ്വർണം നൽകാമെന്ന് വാഗ്ദാനം ചെയ്ത പല ഭക്തർക്കും യഥാസമയം നൽകാൻ കഴിയാത്തതിനാൽ ചെമ്പ് തകിട് പൂശാൻ തീരുമാനിക്കുകയായിരുന്നു.എന്നാൽ വടക്ക്,തെക്ക് ഭാഗങ്ങളിൽ സ്ഥാപിക്കുന്ന രണ്ട് വ്യാളികൾ, താളികക്കുടങ്ങൾ എന്നിവയിൽ സ്വർണം പൂശും.

ശ്രീകോവിലിന്റെ മേൽക്കൂരയുടെ നവീകരണം പുനരാംരംഭിക്കുന്നതിനാൽ രാവിലത്തെ ദർശന സമയത്തിൽ മാറ്രം വരുത്തിയിട്ടുണ്ട്. പുലർച്ചെ 3.30 മുതൽ 4.40 വരെയും 5.15 മുതൽ 6.15 വരെയും രാവിലെ 8.45 മുതൽ 10വരെയുമാണ് ദർശനസമയം. വൈകിട്ടത്തെ ദർശന സമയത്തിൽ മാറ്രമില്ല. ശ്രീകോവിലിന്റെ മേൽക്കൂര പണി പൂർത്തിയാകുന്നതുവരെ മാറ്റം തുടരും.