1

പോത്തൻകോട്: വോട്ടെടുപ്പിനിടെ കാട്ടായിക്കോണത്തുണ്ടായ സംഘർഷത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബി.ജെ.പിയുടെ തിരക്കഥയ്ക്ക് പൊലീസ് ഒത്താശ ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.സി.പി.എമ്മിന് ഭൂരിപക്ഷമുള്ള കാട്ടായിക്കോണം നേരത്തെ ബി.ജെ.പി ലക്ഷ്യം വച്ചിരുന്നു.ആർ.എസ്.എസ് ക്രിമിനലുകൾ നാട്ടുകാരെ വളഞ്ഞിട്ട് തല്ലിയ സംഭവം അറിഞ്ഞെത്തിയ പൊലീസ് നിരപരാധികളായ സി.പി.എം പ്രവർത്തകരെയാണ് പിടിച്ചുകൊണ്ടുപോയത്. സ്ഥലത്തെത്തിയ കേന്ദ്ര ഇലക്ഷൻ പൊലീസ് നിരീക്ഷകനെ തൃപ്തിപ്പെടുത്താനാണ് പോത്തൻകോട് സി.ഐയുടെ നേതൃത്വത്തിൽ അക്രമം അഴിച്ചുവിട്ടത്. കൗൺസിലറുടെയും പഞ്ചായത്ത് അംഗത്തിന്റെയും വീടുകളിൽ അതിക്രമിച്ചുകയറിയ പൊലീസ് അവിടെ ഉണ്ടായിരുന്നവരെ മർദ്ദിച്ചു.രാജാവിനേക്കാൾ വലിയ രാജ ഭക്തിയാണ് പൊലീസ് കാട്ടിയതെന്നും സംഭവത്തിൽ ഇലക്ഷൻ കമ്മീഷനും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയതായും കടകംപള്ളി പറഞ്ഞു.കാട്ടായിക്കോണത്തുണ്ടായ അനിഷ്ട സംഭവങ്ങളിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി നാട്ടുകാർ ആരോപിച്ചു.