
കൊവിഡ് വ്യാപനം രാജ്യത്ത് വീണ്ടും രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രോഗത്തിനെതിരായ കരുതൽ ശക്തമായിത്തന്നെ തുടരേണ്ടതുണ്ട്.
കൊവിഡ് ബാധിച്ചെന്ന സംശയം ബലപ്പെടുന്നത് ചില ശ്വാസകോശ രോഗ ലക്ഷണങ്ങളിലൂടെയാണല്ലോ. എന്നാൽ, എപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. കൊവിഡ് ബാധിതനായ ഒരാളുമായി സമ്പർക്കത്തിൽ വന്നയാൾക്ക് ഇത്തരം ലക്ഷണങ്ങളുണ്ടായാൽ കൊവിഡ് ടെസ്റ്റ് നടത്തണമെന്നാണ് നിബന്ധന. ടെസ്റ്റ് നടത്തി മാത്രമേ രോഗം ബാധിച്ചിട്ടുണ്ടോയെന്ന് എന്ന് തിരിച്ചറിയാൻ നിർവാഹമുള്ളൂ. എന്ന് മാത്രമല്ല, കൊവിഡ് ബാധിതനാണെങ്കിൽ കൂടി അതിനൊപ്പം കാണുന്ന ലക്ഷണങ്ങൾ അത്ര തീവ്രമായിക്കൊള്ളണമെന്നുമില്ല.
ഒരു കൊവിഡ് രോഗിയെ സംബന്ധിച്ചിടത്തോളം ഇത്തരം കാര്യങ്ങൾക്ക് പ്രാധാന്യമുണ്ട്. എന്നാൽ, കൊവിഡ് നെഗറ്റീവായ ശേഷം ചിലർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ അവർ പോസിറ്റീവ് ആയിരുന്നതിനേക്കാൾ തീവ്രതയേറിയതും അപകടകരവുമാകാം. അതുകൊണ്ട് തന്നെ, കൊവിഡ് നെഗറ്റീവായ രോഗികൾ പറയുന്ന പെട്ടെന്നുണ്ടായ ശ്വാസംമുട്ട്, ഹൃദയഭാഗത്ത് തോന്നുന്ന വല്ലായ്മ, നടക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ ചെറിയ പ്രവൃത്തികൾ ചെയ്യുമ്പോഴോ പോലും വർദ്ധിക്കുന്ന കിതപ്പും ശ്വാസതടസവും തുടങ്ങിയ ലക്ഷണങ്ങൾ ഒട്ടും അവഗണിക്കരുത്.
പനി, ജലദോഷം, ചുമ തുടങ്ങിയ ബുദ്ധിമുട്ടുള്ളപ്പോൾ അതുവരെ അടങ്ങിഒതുങ്ങിയിരുന്ന സന്ധിവേദനയും ഹൃദയവേദനയും ശ്വാസതടസവും കൂടുതൽ വർദ്ധിക്കുന്നതായി കാണുന്നു. അതിനാൽ സാധാരണ കഴിക്കുന്ന മരുന്നുകൾ മാത്രം കഴിച്ച് രോഗലക്ഷണങ്ങൾ നിയന്ത്രിക്കാമെന്ന് വച്ചാൽ അത് മതിയായിക്കൊള്ളണമെന്നില്ല.
കൊവിഡ് ബാധിതർ നെഗറ്റീവായാൽ പിന്നൊന്നും ശ്രദ്ധിക്കേണ്ടതില്ലെന്ന് വിചാരിക്കരുത്. അവർക്ക് കൊവിഡാനന്തര ചികിത്സ അനിവാര്യമാണെന്നും നിലവിൽ മറ്റു രോഗങ്ങളെയും ആ രോഗങ്ങളുടെ നിലവിലുള്ള അവസ്ഥയെയും കൃത്യമായി മനസ്സിലാക്കി പ്രത്യേക പരിഗണനയാണ് നൽകേണ്ടതെന്നതും അറിയണം.
പ്രമേഹം, വൃക്കരോഗം, കരൾരോഗം, ഹൃദ്രോഗം, ശ്വാസകോശരോഗങ്ങൾ എന്നിവയുള്ളവർ കൊവിഡാനന്തര ചികിത്സതേടുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
സർക്കാർ ആയുർവേദ ചികിത്സാ കേന്ദ്രങ്ങളിൽ പുനർജ്ജനി എന്ന പേരിൽ കൊവിഡാനന്തര ചികിത്സ സൗജന്യമായി നൽകുന്നതിന് പ്രത്യേക പദ്ധതി നിലവിലുണ്ട്. കൊവിഡ് ബാധിച്ചതിനെ തുടർന്നുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പ്രത്യേക ചികിത്സ ഈ പദ്ധതിയിലൂടെ ലഭ്യമാണ്. കൊവിഡ് ബാധിച്ചതിനുശേഷം നിലവിലുണ്ടായിരുന്ന രോഗങ്ങൾ വർദ്ധിച്ചിട്ടുണ്ടെങ്കിലും ചികിത്സ ലഭിക്കും. ബുദ്ധിമുട്ടുകൾ പൂർണമായി മാറുന്നതുവരെ ചികിത്സ ലഭിക്കുന്നതിനുള്ള സൗകര്യം എല്ലാ സർക്കാർ ആയുർവേദ സ്ഥാപനങ്ങളിലും ലഭ്യമാണ്.