കോട്ടയം : ഭൂരിഭാഗം സർക്കാർ ഓഫീസുകളിലും മാർച്ച് 31ന് വിരമിച്ച ജീവനക്കാർക്ക് ശമ്പളം ലഭിച്ചില്ല. ശമ്പള പരിഷ്ക്കരണത്തെ തുടർന്ന് ബിൽ തയ്യാറാക്കുന്നതിലെ ആശയക്കുഴപ്പത്തെ തുടർന്നാണ് ഏപ്രിൽ ആദ്യദിവസങ്ങളിൽ ലഭിക്കേണ്ട ശമ്പളം പലർക്കും ലഭിക്കാത്തത്. ശമ്പള പരിഷ്ക്കരണത്തിൽ ഏർപ്പെടുത്തിയ മുൻകാല പ്രാബല്യത്തിലുള്ള ഡി. എ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടിൽ ലയിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ മാർച്ച് 31ന് വിരമിച്ചവരുടെ പി. എഫ് അക്കൗണ്ട് നേരത്തെ തന്നെ തീർപ്പാക്കിയിരുന്നു.
വിരമിച്ചവരുടെ ബില്ലുകൾ സമർപ്പിക്കേണ്ടെന്ന് ഓഫീസ് മേലധികാരികൾക്ക് ചില ട്രഷറികളിൽ നിന്ന് അനൗദ്യോഗിക നിർദേശം നൽകിയിരുന്നു. ഡി.എ. കുടിശിഖ പി.എഫ്. , അക്കൗണ്ടിലേക്ക് ലയിപ്പിക്കാത്ത ശമ്പള ബില്ലുകൾ തൽക്കാലം ട്രഷറിയിൽ സമർപ്പിക്കേണ്ടന്നായിരുന്നു ഇത്. അതായത് മാർച്ച് മാസത്തിൽ വിരമിച്ചവരുടെ ശമ്പള ബില്ലുകൾ മാറി നൽകാനാവില്ലെന്ന സംശയമാണ് ഉന്നയിച്ചത്. എന്നാൽ, ഇങ്ങനെ നിർദേശം ലഭിക്കാത്ത ഓഫീസുകൾ വിരമിച്ചവരുടെ ശമ്പളം പഴയനിരക്കിൽ ബിൽ തയ്യാറാക്കി മാറി നൽകുകയും ചെയ്തു. അവർക്ക് ബാക്കി നൽകേണ്ട തുക പിന്നീട് പുതിയ രീതിയിൽ ശമ്പളം നിശ്ചയിച്ചതിനുശേഷം മാറി നൽകും.
വിവിധ ഓഫീസുകളിൽ നിന്ന് ശമ്പള ബില്ലുകൾ സ്പാർക്ക് സോഫ്റ്റ്‌വേറിൽ തയ്യാറാക്കി ഇ. സബ്മിറ്റ് ചെയ്താണ്. ട്രഷറികളിലേക്ക് അയക്കുന്നത്. ധനവകുപ്പിലെ മാർച്ച് അഞ്ചിലെ ഉത്തരവ് 23/2021/ഫിൻ. ഖണ്ഡിക എട്ട് പ്രകാരം തെറ്റുകൾ വന്നാൽ ശമ്പളബിൽ ട്രഷറികളിൽ നിന്ന് തിരിച്ചയക്കാൻ അനുവാദമില്ല. അതിനാലാണ് ചില ട്രഷറി ഓഫീസർമാർ ഡി. എ.കുടിശിഖ പി. എഫിൽ അയക്കേണ്ടെന്ന് ഓഫീസ് മേധാവികളോട് നിർദേശിച്ചത്.
ധനവകുപ്പ് വ്യക്തമായ നിർദേശം ട്രഷറികൾക്കും ഓഫീസ് മേലധികാരികൾക്കും നൽകിയില്ലെങ്കിൽ വിരമിച്ചവരുടെ ശമ്പളം ഇനിയും വൈകും.
ശമ്പള പരിഷ്കകരണം അനുസരിച്ചുള്ള പുതിയ ശമ്പളമെഴുതൽ, കുടിശിഖ തയ്യാറാക്കൽ ഇവയ്ക്കൊന്നിനും സ്പാർക്ക് സോഫ്റ്റ് വേർ പലപ്പോഴും ഓഫീസുകൾക്ക് തുണയാവില്ല. മാസാവസാനം ഒരു ശമ്പളബിൽ ഓഫീസ് സമയത്ത് ചെയ്യുന്നതിന് 200 മിനിറ്റ് വരെയാണ് സമയമെടുക്കുന്നത്. ഗസ്റ്റഡ്, നോൺ ഗസ്റ്റഡ്, പാർട് ടൈം, എ.ഐ.സി.ടി.ഇ., ദിവസവേതനം തുടങ്ങി വിവിധ രീതിയിലുള്ള ബില്ലുകൾ ചെയ്യേണ്ട ഓഫീസിലുകളുണ്ട്.
ഇരുപതിലേറെ ശമ്പളബില്ലുകൾ ചെയ്യേണ്ടി വരുന്ന ഇത്തരം ഓഫീസുകളിൽ നിശ്ചിത തീയതിക്കുള്ളിൽ പല ബില്ലുകളും പൂർത്തിയാക്കാനാവാതെ വന്നിട്ടുണ്ട്.
മാത്രമല്ല, പലപ്പോഴും സോഫ്റ്റ് വേർ പ്രവർത്തനം തടസ്സപ്പെടുകയും ചെയ്യും. അപ്പോൾ ആദ്യം മുതൽ ചെയ്യേണ്ടി വരും. പല ജീവനക്കാരും രാത്രിയിൽ വീട്ടിലിരുന്ന് ജോലി ചെയ്താണ് ശമ്പള ബില്ലുകൾ ശരിയാക്കിയത്. രാത്രി ഒരു മണിക്ക് ശേഷമാണ് സ്പാർക്ക് സോഫ്റ്റ് വേർ തടസ്സമില്ലാതെ പ്രവർത്തിച്ചത്.