poling

പേരാമ്പ്ര: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ മലയോര മേഖലയുൾപ്പെടുന്ന പേരാമ്പ്രയിൽ 79.74 ശതമാനം പോളിംഗ്. മണ്ഡലം നിലനിറുത്താൻ എൽ.ഡി.എഫും പിടിച്ചെടുക്കാൻ യു.ഡി.എഫും തങ്ങളുടെ ശക്തമായ സാന്നിദ്ധ്യം തെളിയിക്കാൻ എൻ.ഡി.എയും രംഗത്തുണ്ടായിരുന്നു .

1,98,218 വോട്ടർമാരിൽ 1,58,075 വോട്ട് പോൾ ചെയ്തു. 74,662 പുരുഷ വോട്ടർമാരും 83,413 സ്ത്രീ വോട്ടർമാരും വോട്ട് രേഖപ്പെടുത്തി. മണ്ഡലത്തിൽ ട്രാൻസ്‌ജെൻഡർ വോട്ടുകൾ രേഖപ്പെടുത്തിയില്ല.പോസ്റ്റൽ വോട്ടുകൾ പൂർണ്ണമായും എത്തുന്നതോടെ പോളിംഗ് ശതമാനത്തിൽ ചെറിയ വ്യത്യാസം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്. മണ്ഡലത്തിൽ തികച്ചും സമാധാന പരമായിരുന്നു പോളിംഗ്. കഴിഞ്ഞ തവണത്തേക്കാൾ നേരിയ കുറവ് പോളിംഗ് ഉണ്ടായത് ചർച്ചയായി.
ചുരുക്കം ചില കേന്ദ്രങ്ങളിൽ മാത്രമാണ് കൊവിഡ് രോഗികൾ വോട്ട് രേഖപ്പെടുത്താൻ എത്തിയത്. മലയോര മേഖലകളിൽ മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് കനത്ത കാവലിലാണ് പോളിംഗ് നടന്നത്. കഴിഞ്ഞ വർഷം ഈ മേഖലകളിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം അനുഭവപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മുൻകരുതൽ നടപടികൾ സ്വീകരിച്ചത്. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽപെട്ടതും വയനാട് മലനിരകളോട് ചേർന്നതുമായ ആയ പൂഴിത്തോട്, മുതുകാട്, പെരുവണ്ണാമുഴി പ്രദേശങ്ങളിലാണ് കനത്ത നിരീക്ഷണത്തിൽ വോട്ടെടുപ്പ് നടന്നത്. ഇവിടങ്ങളിൽ മാവോയിസ്റ്റ് വിരുദ്ധ സ്‌ക്വാഡ്, തണ്ടർബോൾട്ട്, ബി.എസ്.എഫ് കർണാടക പൊലീസ്, അർദ്ധസൈനിക വിഭാഗങ്ങൾ ഇവരുടെ സംരക്ഷണയിലാണ് പോളിംഗ്. പൂഴിതോട് ഐ.സി.യു.പി. സ്‌കൂൾ, മുതുകാട് പ്ലാന്റേഷൻ ഗവ. ഹൈസ്‌കൂൾ, മുതുകാട് കലക്ടീവ്ഫാം സ്‌കൂൾ, പെരുവണ്ണാമൂഴി ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ഓഫീസ്, കക്കയം കെ.എച്ച്.ഇ.പി എൽ.പി സ്‌കൂൾ എന്നിവിടങ്ങളിലാണ് കനത്ത പൊലീസ് കാവലിൽ പോളിംഗ് നടന്നത്. കോഴിക്കോട് ജില്ലയിൽ 78.3 ശതമാനം പോളിംഗാണ് നടന്നത്.