തിരുവനന്തപുരം: ആവേശപ്പൊരിച്ചിൽ കഴിഞ്ഞു,വോട്ട് പെട്ടിയിലായി.മേയ് രണ്ടുവരെ ഇനി കൂട്ടലും കിഴിക്കലും. മണ്ഡലത്തിലെ ശതമാനക്കണക്കിൽ പ്രതീക്ഷയർപ്പിച്ചും ബൂത്തുതലത്തിൽ വീണ വോട്ടുകൾ തലനാരിഴകീറി പരിശോധിച്ചും വിജയപ്രതീക്ഷ കണക്കുകൂട്ടുകയാണ് സ്ഥാനാർത്ഥികളും നേതാക്കളും.
പാറശാല
പാറശാലയിൽ മൂന്ന് മുന്നണികളും ഒരേപോലെ വിജയം അവകാശപ്പെടുകയാണ്. മേധാവിത്വം തങ്ങൾക്കാണെന്നും ആ രീതിയിലുള്ള ഭൂരിപക്ഷമുണ്ടാകുമെന്നുമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.കെ.ഹരീന്ദ്രൻ പറയുന്നത്. ഭൂരിപക്ഷം എത്ര കണ്ടുയരുമെന്നതിലാണ് കണക്കെന്നാണ് ഹരീന്ദ്രൻ.വിജയിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി അൻസജിത റസൽ പറയുമ്പോൾ ഇടയ്ക്കൊരു സംശയവും അവർ പ്രകടിപ്പിക്കുന്നു.ബി.ജെ.പി കുറച്ച് നിശബ്ദമായിരുന്നോ എന്നൊരു തോന്നൽ.നമ്മുടെ വോട്ടൊന്നും മറഞ്ഞിട്ടില്ല. പ്രവർത്തകരെല്ലാം ഒറ്റക്കെട്ടായിരുന്നു.അത് പൂർണ വിജയപ്രതീക്ഷ നൽകുന്നു. ജയിക്കാവുന്ന മണ്ഡലമല്ലെങ്കിലും കാറ്റ് അനുകൂലമായി വീശിയെന്നാണ് എൻ.ഡി.എ സ്ഥാനാർത്ഥി കരമന ജയൻ പറയുന്നത്. കഴിഞ്ഞ തവണ മത്സരിച്ചപ്പോൾ ഇത്ര വിശ്വാസമില്ലായിരുന്നു. ഇപ്പോഴതല്ല,ക്രൈസ്തവരടക്കമുള്ളവരുടെ വോട്ട് തനിക്ക് കിട്ടി. വ്യക്തിബന്ധങ്ങളും അനുകൂലമായതായി ജയൻ പറയുന്നു.
നെയ്യാറ്റിൻകര
നെയ്യാറ്റിൻകരയിൽ വ്യക്തമായ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.അൻസലനും യു.ഡി.എഫ് സ്ഥാനാർത്ഥി ആർ.സെൽവരാജും പറയുമ്പോൾ വിജയം കൈവരുമെന്ന പ്രതീക്ഷയിൽ തന്നെയാണ് എൻ.ഡി.എ സ്ഥാനാർത്ഥി രാജശേഖരൻ നായരും. കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ ഭൂരിപക്ഷത്തിന് ഇത്തവണ ജയിക്കാൻ കഴിയുമെന്നാണ് ആൻസലന്റെ പ്രതീക്ഷ. 2016ൽ 9,543 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.ഇത്തവണയും എല്ലാമേഖലയിൽ നിന്നും എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ലഭിച്ചു.ബി.ജെ.പി കാര്യമായി നേട്ടമുണ്ടാക്കുമെന്ന് കരുതുന്നില്ലെന്നും ആൻസലൻ പറഞ്ഞു. 3000-3500 വോട്ടിന്റെ ഭൂരിപക്ഷത്തിന് താൻ ജയിക്കുമെന്ന് ആർ.സെൽവരാജ് പറഞ്ഞു. സർക്കാർ വിരുദ്ധനിലപാട് പ്രകടമായിരുന്നു.പ്രതീക്ഷിച്ചതുപോലെ എല്ലായിടത്തു നിന്നും വോട്ടു ലഭിച്ചിട്ടുണ്ട്.വിജയ പ്രതീക്ഷയാണ് ഇപ്പോഴുമുള്ളതെന്ന് രാജശേഖരൻ നായർ പറഞ്ഞു.പ്രതീക്ഷിക്കാത്ത മേഖലകളിൽ നിന്നെല്ലാം വോട്ടു ലഭിക്കും.എൻ.ഡി.എ പ്രവർത്തകർ ഒന്നടങ്കം ആത്മാർത്ഥമായി വർക്ക് ചെയ്തു. അതിൽ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോവളം
വിജയിക്കുമെന്നതിനപ്പുറത്തേക്ക് അത് എത്രത്തോളം എന്ന കണക്കൊന്നും കോവളം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.വിൻസെന്റോ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.എ.നീലലോഹിതദാസോ എൻ.ഡി.എ സ്ഥാനാർത്ഥി വിഷ്ണുപുരം ചന്ദ്രശേഖറോ എടുത്തിട്ടില്ല.എൻ.ഡി.എക്ക് എത്രത്തോളം വോട്ടു ലഭിക്കും എന്നതിനെ ആശ്രയിച്ചാണ് കോവളത്തെ വിജയം.വിജയപ്രതീക്ഷയിൽ തന്നെയാണെന്ന് നീലലോഹിതദാസ് പറഞ്ഞു.എൽ.ഡി.എഫിന് കിട്ടേണ്ട വോട്ടുകൾക്കു പുറമെ എതിരാളികൾ അവർക്ക് കിട്ടുമെന്ന് ഉറപ്പിച്ച വോട്ടുകളും ലഭിക്കും. വിജയിക്കുമെന്ന ശുഭപ്രതീക്ഷയുണ്ടെന്ന് എം.വിൻസെന്റ് പറഞ്ഞു.വോട്ടു ചോർച്ച ഉണ്ടായിട്ടില്ല. അഞ്ചു വർഷത്തെ പ്രവർത്തന മികവിന് ജനം അംഗീകാരം നൽകും.എല്ലാ മേഖലയിൽ നിന്നും വോട്ടു ലഭിച്ചിട്ടുണ്ട്. വിജയിക്കുമെന്നാണ് ലഭിച്ചിരിക്കുന്ന വിവരമെന്ന് വിഷ്ണുപുരം ചന്ദ്രശേഖർ പറഞ്ഞു.ബി.ജെ.പി വോട്ടുകൾക്കൊപ്പം നാടാർ, ക്രിസ്ത്യൻ മേഖലകളിൽ നിന്നും നല്ല അളവിൽ വോട്ട് ലഭിച്ചിട്ടുണ്ട്. ബി.ജെ.പി വോട്ടുകൾ എങ്ങോട്ടും ചോർന്നിട്ടില്ലെന്ന് ഫലം വരുമ്പോൾ ബോദ്ധ്യമാകും.
നെടുമങ്ങാട്
ആദ്യഘട്ടം മുതൽ ഉണ്ടായ മുന്നേറ്റം അവസാനം വരെ നിലനിറുത്താനായത് വിജയപ്രതീക്ഷ നൽകുന്നുവെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.ആർ.അനിൽ പറഞ്ഞു. എല്ലാ മേഖലയിൽ നിന്നും വോട്ട് ലഭിച്ചിട്ടുണ്ട്.എല്ലാ പഞ്ചായത്തുകളിലും ലീഡ് നേടും.11,000 വോട്ടിൽ കുറയാത്ത ഭൂരിപക്ഷം കിട്ടും. അതേസമയം,ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാ മേഖലയിൽ നിന്നും വോട്ടുകൾ ലഭിച്ചതായി യു.ഡി.എഫ് സ്ഥാനാർത്ഥി പി.എസ്.പ്രശാന്ത് പറഞ്ഞു.5000 നുമേൽ ഭൂരിപക്ഷത്തിൽ വിജയിക്കും.പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നടത്തിയ പ്രവർത്തനത്തോളം ഇപ്പോൾ നടന്നിട്ടില്ല.എല്ലാ സാഹചര്യം അനുകൂലമായത് ഫലം ചെയ്തതായി പ്രശാന്ത് പറഞ്ഞു. നല്ല നിലയിൽ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞത് ഗുണം ചെയ്തതെന്നും നിഷ്‌പക്ഷ വോട്ടുകളിൽ പ്രതീക്ഷയുണ്ടെന്നും ബി.ജെ.പി സ്ഥാനാർത്ഥി ജെ.ആർ.പദ്മകുമാർ പറഞ്ഞു. ഭൂരിപക്ഷത്തെക്കുറിച്ച് പറയുന്നില്ല, വിജയിക്കുമെന്ന് ഉറപ്പാണ്.വെമ്പായത്തായിരിക്കും കൂടുതൽ വോട്ട് ലഭിക്കുക.വട്ടപ്പാറ മേഖലയിൽ വോട്ട് കുറഞ്ഞേക്കാമെന്നും പദ്മകുമാർ പറഞ്ഞു.
അരുവിക്കര
നല്ല മാർജിനിൽ ജയിക്കുമെന്നാണ് പ്രാഥമിക അവലോകനത്തിൽ കിട്ടുന്ന സൂചനയെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്.ശബരീനാഥ്. ജനങ്ങൾക്കിടയിൽ പരിചയപ്പെടുത്തേണ്ട കാര്യമില്ലെന്നത് മുൻതൂക്കം നൽകി.വികസന പ്രവർത്തനങ്ങൾ നേട്ടം.തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ വളരെ ചിട്ടയോടെ നടത്താൻ കഴിഞ്ഞു. പൊതുവിലുള്ള രാഷ്ട്രീയ അന്തരീക്ഷവും അനുകൂലമായിരുന്നു.ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിന് മറിച്ചിട്ടില്ലെങ്കിൽ നേരിയ മുൻതൂക്കം കിട്ടുമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.സ്റ്റീഫൻ പറഞ്ഞു.ചിലയിടങ്ങളിൽ വോട്ടുമറിക്കൽ നടന്നതായി പറയുന്നു.ബി.ജെ.പി കാര്യമായി വർക്കിനില്ലായിരുന്നു.എൽ.ഡി.എഫ് ചിട്ടയായി പ്രവർത്തിച്ചു.തികഞ്ഞ ശുഭപ്രതീക്ഷയാണ് തനിക്കെന്ന് ബി.ജെ.പി സ്ഥാനാർത്ഥി സി.ശിവൻകുട്ടി പറഞ്ഞു. ചിട്ടയായ രീതിയിൽ പ്രചാരണ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞു. മണ്ഡലത്തിലെ പാർട്ടി പ്രവർത്തകർ തുടക്കം മുതൽ സജീവമായി നിന്നു.താൻ ജയിക്കണമെന്ന് ഏറെ ആഗ്രഹിക്കുന്നവരാണ് മണ്ഡലത്തിലെ നല്ലൊരു വിഭാഗം വോട്ടർമാരും.
ചിറയിൻകീഴ്
കഴിഞ്ഞ 10 വർഷമായി മണ്ഡലത്തിൽ നടത്തിയ വികസനം വോട്ടായി മാറുമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ശശി പറഞ്ഞു.നൂറുശതമാനം വിജയപ്രതീക്ഷയാണുള്ളത്. എല്ലാ ജനവിഭാഗങ്ങളുമായുള്ള വ്യക്തിപരമായിട്ടുള്ള അടുപ്പം തുണയാകും.കഴിഞ്ഞ തവണ ലീഡ് കുറഞ്ഞ മംഗലപുരം പഞ്ചായത്തിലടക്കം ഇക്കുറി ലീഡ് ചെയ്യുമെന്ന് വി.ശശി പറഞ്ഞു.തലമുറ മാറ്റത്തിന് ആഗ്രഹിക്കുന്ന ചിറയിൻകീഴുകാരുടെ വോട്ട് തനിക്ക് ലഭിച്ചിട്ടുണെന്നും 5000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി ബി.എസ് .അനൂപ് പറഞ്ഞു. അമ്മമാരുടെയും യുവജനങ്ങളുടെയും പിന്തുണ ലഭിച്ചിട്ടുണ്ടെന്നും നൂറുശതമാനം വിജയപ്രതീക്ഷയുള്ളതെന്നും എൻ.ഡി.എ സ്ഥാനാർത്ഥി ആശാനാഥ് പ്രതികരിച്ചു.മണ്ഡലത്തിലുള്ള ജനങ്ങളുടെ പ്രതികരണത്തിൽ നിന്നും മാറ്റം ആഗ്രഹിക്കുന്നവരാണ് ഇവിടത്തുകാരെന്നും ആശാനാഥ് പറഞ്ഞു.
ആറ്റിങ്ങൽ
ആറ്റിങ്ങലിൽ പോളിംഗ് കൂടി,ഭൂരിപക്ഷവും കൂടുമെന്നാണ് ഇടതുക്യാമ്പിലെ ആത്മവിശ്വാസം.എന്നാൽ ഇക്കുറി അത് നടക്കില്ലെന്ന ഉറപ്പിലാണ് എൻ.ഡി.എ.അവകാശവാദങ്ങളൊന്നുമില്ലെങ്കിലും സ്ഥിതി മെച്ചപ്പെടുമെന്ന് യു.ഡി.എഫ്.പോളിംഗ് കൂടിയതിൽ കൃത്യമായ പ്രതീക്ഷയും വിലയിരുത്തലും ഇടതുമുന്നണിക്ക് തന്നെയാണ്. വോട്ടെടുപ്പിൽ 1.20 ശതമാനത്തിന്റെ വർദ്ധനയുണ്ടായി.ഭൂരിപക്ഷം.ഇക്കുറി അത് അരലക്ഷം കടക്കുമെന്ന് തിരഞ്ഞെടുപ്പ് മാനേജർ ആർ.രാമു പറഞ്ഞു.കഴിഞ്ഞ തവണ എൻ.ഡി.എയ്ക്ക് 27602വോട്ട് കിട്ടി.ലോക്സഭാ തിരഞ്ഞെടുപ്പിൽ 42000 വോട്ട് പിടിച്ചു.തദ്ദേശതിരഞ്ഞെടുപ്പിൽ 36000 കിട്ടി.ഇൗ വളർച്ച നിയമസഭാ തിരഞ്ഞെടുപ്പിലും പ്രകടമാകുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി പി. സുധീറിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ സജീവ് പ്രസാദ് പറഞ്ഞു. ആർ.എസ്.പി 3000 വോട്ടിന്റെ മാർജിനിൽ വിജയിക്കുമെന്ന് വിലയിരുത്തുന്നു.സാമൂഹ്യ സാഹചര്യം യു.ഡി.എഫിന് ഇക്കുറി അനുകൂലമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ പി.ഉണ്ണികൃഷ്ണൻ പറഞ്ഞു.വോട്ട് ശതമാനം കൂടുതൽ ഉയരാതിരുന്നത്.ഇരട്ടവോട്ട് പ്രശ്നം കാരണമാണ്.എങ്കിലും യു.ഡി.എഫിന്റെ വോട്ടിൽ കാര്യമായ കുറവുണ്ടായിട്ടില്ല.
വാമനപുരം
വാമനപുരത്ത് ഭൂരിപക്ഷം വർദ്ധിപ്പിച്ച് വിജയം നേടുമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡി.കെ മുരളി പറഞ്ഞു. വിജയം സുനിശ്ചിതമാണ്.വിവാദങ്ങളല്ല, തന്റെയും സർക്കാരിന്റെയും വികസന പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ ചർച്ചയായത്.അത് വോട്ടിംഗിൽ പ്രതിഫലിച്ചിട്ടുണ്ട്.ഭൂരിപക്ഷം പതിനായിരത്തിന് മുകളിലായി വർദ്ധിപ്പിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും മുരളി പറഞ്ഞു.വിജയം തനിക്കൊപ്പമായിരിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ആനാട് ജയൻ അവകാശപ്പെട്ടു. 5000ത്തോളം വോട്ടിന്റെ ഭൂരിപക്ഷം നേടും.സി.പി.എം വോട്ടിൽ വലിയ വിള്ളലുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.അത് ഫലം വരുമ്പോൾ മനസിലാകും.കുറഞ്ഞ സമയത്തിനുള്ള കൂടുതൽ പ്രവർത്തനം കാഴ്ചവച്ച് ഇരുമുന്നണികളെയും പിന്നിലാക്കാൻ സാധിച്ചിട്ടുണ്ട്. മണ്ഡലത്തിൽ എൻ.ഡി.എയുടെ വോട്ട് ശതമാനം വർദ്ധിപ്പിക്കുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി തഴവ സഹദേവൻ.ത്രികോണ മത്സരം കാഴ്ചവയ്‌ക്കാൻ സാധിച്ചു. സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങൾ മണ്ഡലത്തിൽ ചർച്ചയാക്കാൻ കഴിഞ്ഞു. വാമനപുരംകാരെ ബാധിക്കുന്ന വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
വർക്കല
കഴിഞ്ഞ തവണ സി.പി.എമ്മിലെ വി.ജോയി കോൺഗ്രസിലെ വർക്കല കഹാറിൽ നിന്ന് സീറ്ര് തിരിച്ചുപിടിച്ചത് 2386വോട്ടിനാണ്. ഈ വർഷവും ആര് ജയിച്ചാലും വലിയ ഭൂരിപക്ഷമുണ്ടാവില്ല എന്നാണ് കരുതുന്നത്.ഇത്തവണ കോൺഗ്രസിലെ ബി.ആർ.എം ഷെറീഫ് കടുത്ത മത്സരമാണ് കാഴ്ചവച്ചത്.1,31,159 വോട്ടാണ് ഇത്തവണ പോൾ ചെയ്തത്.പോസ്റ്രൽ ബാലറ്ര് കൂടി കണക്കിലെടുക്കുമ്പോൾ സംഖ്യ അല്പം കൂടും.ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 42335 വോട്ട് മാത്രം കിട്ടിയപ്പോൾ യു.ഡി.എഫിന് 48019 വോട്ട് കിട്ടിയിരുന്നു.എസ്. ഡി.പി.ഐയും സ്ഥാനാർത്ഥിയെ നിറുത്തിയിട്ടില്ല അവരുടെ വോട്ടും നിർണായകമാണ്. 55,000 വോട്ട് പിടിക്കുന്ന മുന്നണി ജയിക്കാനാണ് സാദ്ധ്യത.കൂട്ടിയും കുറച്ചും ഈ സംഖ്യയിൽ എത്തുമോ എന്ന കണക്കുകൂട്ടലുകളിലാണ് മുന്നണികൾ. എൻ.ഡി.എ സ്ഥാനാർത്ഥി അജി എസ്.ആർ.എമ്മും ശുഭപ്രതീക്ഷയിലാണ്. ഇരുമുന്നണികൾക്കും വെല്ലുവിളി ഉയർത്താൻ എൻ.ഡി.എയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
കാട്ടാക്കട
കാട്ടാക്കടയിൽ വോട്ട് ശതമാനം മുൻവർഷത്തെക്കാൾ ഇക്കുറി കുറഞ്ഞു.എന്നാലും വിജയപ്രതീക്ഷയിലാണ് മൂന്ന് മുന്നണി സ്ഥാനാർത്ഥികളും.കഴിഞ്ഞവർഷം നേരിയ മാർജിനിൽ ജയിച്ച സിറ്റിംഗ് എം.എൽ.എ ഐ.ബി.സതീഷ് ഇക്കുറി വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ്.ഭരണവിരുദ്ധവികാരത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി മലയിൻകീഴ് വേണുഗോപാലിന്റെ പ്രതീക്ഷ.ശബരിമലപ്രശ്നവും പിൻവാതിൽ നിയമനവും ഇടതുമുന്നണിയിലെ കാട്ടാക്കട നിയോജകമണ്ഡലം സമിതിയിലെ ഭിന്നതകളും ഇത്തവണ യു.ഡി.എഫിന് അനുകൂലമായി വരുമെന്നാണ് പ്രതീക്ഷ.നേരിയ മാർജിനിലാണെങ്കിലും ജയിക്കുമെന്ന ഉറപ്പിലാണ് എൻ.ഡി.എ.സ്ഥാനാർത്ഥി പി.കെ. കൃഷ്ണദാസ്.കഴിഞ്ഞതവണ മൂന്നാം സ്ഥാനത്തായെങ്കിലും വോട്ട് 38800 ഉണ്ടായിരുന്നു. 12000 വോട്ട്കൂടി കിട്ടിയാൽ ഇക്കുറി ജയം ഉറപ്പ്.
നേമം
ബി.ജെ.പിയുടെ ഏക സിറ്രിംഗ് സീറ്രായ നേമത്ത് മൂന്നു മുന്നണികൾക്കും വിജയപ്രതീക്ഷ.പോസ്റ്രൽ വോട്ടുകൾ ഉൾപ്പെടെ 145000 വോട്ടുകളാണ് പോൾ ചെയ്തത്.ഇതിൽ 57,000 മുതൽ 63000 വരെ വോട്ടുകൾ കിട്ടുമെന്നാണ് ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ കണക്കുകൂട്ടൽ.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ ഒ.രാജഗോപാൽ 68,000 വോട്ടുകളാണ് നേടിയത്.സി.പി.എമ്മിന് 50,000 കടക്കാൻ കഴിയില്ലെന്ന് ബി.ജെ.പി പറയുന്നു.യു.ഡി.എഫിന് 28,000 മുതൽ 33,000 വരെ വോട്ട് കിട്ടുമെന്നാണ് ബി.ജെ.പിയുടെ കണക്ക്. അതേസമയം ഇത്തവണ തങ്ങൾ എളുപ്പത്തിൽ ജയിച്ചുകയറുമെന്ന് എൽ.ഡി.എഫും ആത്മവിശ്വാസം പ്രകടപ്പിക്കുന്നു.ഇക്കുറി മണ്ഡലത്തിൽ ഇടതുമുന്നണിക്ക് അനുകൂലമായ ഘടകങ്ങൾ ഒട്ടേറെയുണ്ടായിട്ടുണ്ടെന്നും അവർ പറയുന്നു. അതേസമയം 50,000 ൽ അധികം വോട്ട് പിടിച്ച് കെ.മുരളീധരൻ ഒന്നാം സ്ഥാനത്ത് വരുമെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം. മുന്നാക്ക വിഭാഗത്തിലെയും ന്യൂനപക്ഷവിഭാഗത്തിലെയും 60 ശതമാനം വോട്ട് തനിക്ക് കിട്ടുമെന്ന് കെ. മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരം
തിരുവനന്തപുരം മണ്ഡലത്തിൽ രണ്ട് ലക്ഷം വോട്ടുകൾ.അതിൽ 1.15 ലക്ഷം പേരാണ് തലസ്ഥാനത്തിന്റെ ജാതകം കുറിച്ചിരിക്കുന്നത്.ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് തീരപ്രദേശത്തും.65 ശതമാനം. മറ്റ് വാർഡുകളിൽ 50 ശതമാനവും. ഉറപ്പായിട്ടും വിജയിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.ശിവകുമാർ പറയുന്നു.കഴിഞ്ഞ പ്രാവശ്യം ഭൂരിപക്ഷം 12000 ആയിരുന്നു. ഇക്കുറി അതിനേക്കാൾ കൂടും. കോൺഗ്രസ് മൂന്നാം സ്ഥാനത്തും ബി.ജെ.പി രണ്ടാസ്ഥാനത്തും പോകുമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ആന്റണി രാജു പറയുന്നു. 26 വാർഡുകളിൽ കൂടുതലിലും ഞങ്ങൾ ഒന്നാം സ്ഥാനത്ത് വരും.ബി.ജെ.പിയും യു.ഡി.എഫും ഒന്നാം സ്ഥാനത്ത് വരുന്നിടങ്ങളിൽ ഞങ്ങൾ രണ്ടാം സ്ഥാനത്തുണ്ടാകും.തീരവോട്ടുകൾ ബി.ജെ.പിക്ക് കിട്ടില്ലെന്ന് ആന്റണി രാജു പറയുന്നു.പ്രതീക്ഷ 100 ശതമാനത്തിൽ തന്നെയാണെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി കൃഷ്ണകുമാർ പറഞ്ഞു. ജനങ്ങളുടെ പൾസ് ആ രീതിയിലായിരുന്നു. നല്ല പ്രതീക്ഷ. അത് തുടക്കം മുതൽ കണ്ടതാണ്.തീരദേശത്ത് കഴിഞ്ഞതവണ കിട്ടിയതിനെക്കാൾ ഇരട്ടിവോട്ട് കിട്ടുമെന്നും കൃഷ്ണകുമാർ പറഞ്ഞു.
കഴക്കൂട്ടം
12000വോട്ടിലധികം ഭൂരിപക്ഷം നേടി വിജയം ഉറപ്പാണെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ.നാട്ടിലെ വികസനത്തിന് ജനം വോട്ട് നൽകും.വിവാദങ്ങൾ എന്നുപറയുന്ന വിഷയങ്ങൾ ജനം അപ്പാടെ തള്ളിക്കളയും.അതിന്റെ തെളിവുകൾ കഴക്കൂട്ടം മണ്ഡലത്തിൽ ദൃശ്യമാണ്. ഏഴായിരത്തിനും പതിനായിരത്തിനുമിടയിൽ ഭൂരിപക്ഷം ലഭിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.എസ്.എസ് ലാൽ. ന്യൂനപക്ഷ വോട്ടുകൾ മറിക്കാൻ സി.പി.എമ്മിന്റെ ഭാഗത്തു നിന്നുള്ള ശ്രമവും ഡീലുണ്ടാക്കാനുള്ള ബി.ജെ.പിയുടെ ശ്രമവും രൂക്ഷമായിരുന്നു.ഇതിനെയെല്ലാം അതിജീവിച്ച് ജനം തനിക്കൊപ്പം നിൽക്കുമെന്നാണ് വിശ്വാസമെന്നും ഡോ.എസ്.എസ്. ലാൽ ആത്മവിശ്വാസം പുലർത്തി.വിജയം സുനശ്ചിതമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി ശോഭസുരേന്ദ്രൻ.വോട്ടർമാരുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.അത് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കും. അടിയൊഴുക്കുകൾ ഉണ്ടാവില്ലെന്ന് മാത്രമല്ല മുന്നണിയുടെ വലിയ മുന്നേറ്റം മണ്ഡലത്തിൽ കാണാനുമാവും. ഭൂരിപക്ഷത്തിന്റെ കാര്യത്തിന്റെ പ്രസക്തിയില്ല,വിജയമാണ് പ്രധാനമെന്നും അവർ പറഞ്ഞു.
വട്ടിയൂർക്കാവ്
ജയിക്കുമെന്നതിൽ തർക്കമില്ലെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.പ്രശാന്ത്.പാർട്ടി കണക്ക് പ്രകാരം 10,500 ലേറെ വോട്ടുകളുടെ ഭൂരിപക്ഷം കിട്ടണം. നേരത്തെ പ്രചാരണം തുടങ്ങാൻ കഴിഞ്ഞത് നേട്ടമായി. ഒന്നരവർഷം കൊണ്ട് മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്കറിയാം. ഇതേനിലയിൽ തുടരട്ടെ എന്ന് അവർ ആഗ്രഹിക്കുന്നു.വിലയിരുത്തൽ പൂർണമായില്ലെങ്കിലും നല്ല മുൻതൂക്കമുണ്ടാവുമെന്ന് ബി.ജെ.പി സ്ഥാനാർത്ഥി വി.വി.രാജേഷ്.സംസ്ഥാന ഗവൺമെന്റിനെതിരായ വികാരം പ്രധാന കാരണം.മണ്ഡലത്തിൽ നടന്നുവെന്നു പറയുന്ന വികസനം വെറും പുകമറ.മോദി ഭരണത്തിൽ ജനങ്ങൾക്കുള്ള മതിപ്പ്, വ്യക്തിപരമായി മണ്ഡലത്തിലുള്ള പരിചയം ഇതെല്ലാം ഗുണകരമാവും.മണ്ഡലത്തിലെ കാലാവസ്ഥ പ്രവചനാതീതമാണെന്ന് ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ.നിശബ്ദമായ ചില അടിയൊഴുക്കകൾ മണ്ഡലത്തിലുണ്ടായിട്ടുണ്ട്. പലവിഭാഗങ്ങളുടെയും വോട്ട് ഇക്കുറി കോൺഗ്രസിന് അനുകൂലമാണ്.പുറമെ സംസ്ഥാന സർക്കാരിനെതിരായ ശക്തമായ ഒരു വികാരവും മണ്ഡലത്തിലുടനീളമുണ്ട്. അതെല്ലാം വോട്ടിംഗിൽ പ്രതിഫലിക്കും.