nasa

ഭൂമിയ്ക്ക് നേരെ ഒരു ഛിന്നഗ്രഹം പാഞ്ഞടുക്കുന്നുവെന്ന് കരുതുക. ഭൂമിയ്ക്ക് ഭീഷണിയായി മാറിയേക്കാവുന്ന അതിനെ തടഞ്ഞുനിറുത്താനാകുമോ ?​ തടയാനാകില്ല,​ പക്ഷേ, വേണമെങ്കിൽ ഇടിച്ചു തെറിപ്പിക്കാം. ! പറയുന്നത് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയാണ്. കോടാനുകോടി ഉൽക്കകളും ഛിന്നഗ്രഹങ്ങളും നിറഞ്ഞതാണ് പ്രപഞ്ചം. നൂറു കണക്കിന് ഛിന്നഗ്രഹങ്ങൾ ഭൂമിയ്ക്കരികിലൂടെ കടന്നു പോകുന്നുണ്ട്. മിക്കതും ഭൂമിയെ ശല്യം ചെയ്യാതെ കടന്നു പോകുന്നു. എന്നാൽ, ഇവ ഭൂമിയിൽ പതിക്കാനിടയായാൽ അത് കനത്ത നാശ നഷ്ടങ്ങൾക്ക് ഇടയാക്കും. ദിനോസറുകളെ ഇല്ലാതാക്കിയത് തന്നെ ഛിന്നഗ്രഹത്തിന്റെ പതനമാണെന്നറിയാമല്ലോ.

ഭൂമിയ്ക്ക് ഭീഷണിയായേക്കാവുന്ന ഛിന്നഗ്രഹങ്ങളെ കണ്ടെത്തി അവയിൽ നിന്ന് പ്രതിരോധം തീർക്കുന്നതിനുള്ള ഗവേഷണങ്ങളിലാണ് ശാസ്ത്രലോകം. അത്തരത്തിൽ നാസ മുന്നോട്ട് വച്ച ഒരു ആശയമാണ് ' ഇടിച്ചു തെറിപ്പിക്കൽ ". കേൾക്കുന്ന പോലെ അത്ര നിസാരമല്ല കാര്യങ്ങൾ. ഛിന്നഗ്രഹത്തെ ലക്ഷ്യമിട്ട് കുതിച്ചുയരുന്ന ഒരു ബഹിരാകാശ പേടകം അതിനെ ശക്തമായി ഇടിച്ചു തെറിപ്പിക്കുകയും ഭ്രമണപഥത്തിൽ നിന്ന് വഴിതിരിച്ചു വിടുകയും ചെയ്യും. ' ‌ഡബിൾ ആസ്‌റ്ററോയ‌്ഡ് റീഡയറക്ഷൻ ടെസ്റ്റ് " അഥവാ ' ഡാർട്ട് ( DART ) " എന്നാണ് ഈ പദ്ധതിയുടെ പേര്.

നാസ, ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി തുടങ്ങിയവ സംയുക്തമായാണ് ഡാർട്ട് പദ്ധതി വികസിപ്പിച്ചത്. ' കൈനറ്റിക് ഇംപാക്ടർ " സാങ്കേതിക വിദ്യയിലൂടെ ഛിന്നഗ്രഹത്തിന്റെ സഞ്ചാരപദം വ്യതിചലിപ്പിക്കാനാണ് പേടകത്തിന്റെ ലക്ഷ്യം. സെക്കന്റിൽ 6.6 കിലോമീറ്റർ വേഗതയിലാകും പേടകം ഛിന്നഗ്രഹത്തിൽ ഇടിക്കുക. ഇതിലൂടെ ഛിന്നഗ്രഹത്തെ അതിന്റെ ഭ്രമണപഥത്തിൽ നിന്ന് വളരെ നേരിയ തോതിൽ വ്യതിചലിപ്പിക്കാൻ സാധിക്കുമെന്നാണ് നിഗമനം.


ജൂലായ് അവസാനത്തോടെ സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ ഡാർട്ടിനെ വിക്ഷേപിക്കാനാണ് പദ്ധതി. ഡിഡിമോസ് എന്ന ഛിന്നഗ്രഹ വ്യൂഹത്തെ ലക്ഷ്യമിട്ടാണ് ഡാർട്ട് കുതിക്കുന്നത്. ഡിഡിമോസ് ഛിന്നഗ്രഹത്തിന് ചുറ്റും കറങ്ങുന്ന ഡിഡിമൂൺ എന്ന ചെറു ഛിന്നഗ്രഹത്തിലാണ് ഡാർട്ട് ഇടിക്കുക. 2022 സെപ്റ്റംബറിൽ ഡാർട്ട് ലക്ഷ്യസ്ഥാനത്തെത്തുന്നതോടെ മനുഷ്യരാശി ഒരു ഛിന്നഗ്രഹത്തിന് നേരെ നടത്തുന്ന ആദ്യ വെല്ലുവിളിയ്ക്ക് ലോകം സാക്ഷ്യം വഹിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.